പൊതുമേഖലാ ബാങ്കുകളില്‍ 'കാസ' നിക്ഷേപം താഴേക്ക്; അവസരം മുതലാക്കി സ്വകാര്യബാങ്കുകള്‍
നിക്ഷേപകരെ തിരിച്ചുപിടിക്കാന്‍ തന്ത്രം വേണമെന്ന് ധനമന്ത്രി നിര്‍മ്മല
പൊതുമേഖലാ ബാങ്കുകളില്‍ കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് (കാസ/CASA) നിക്ഷേപങ്ങള്‍ കുറയുന്നത് കേന്ദ്രസര്‍ക്കാരിനും ആശങ്കയാകുന്നു. സ്വകാര്യബാങ്കുകളിലാകട്ടെ കാസ നിക്ഷേപം കൂടുകയുമാണ്. ഈ സാഹചര്യത്തില്‍, നഷ്ടമായ നിക്ഷേപകരെ തിരികെയെത്തിക്കാന്‍ പദ്ധതി ആവിഷ്‌കരിക്കണമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പൊതുമേഖലാ ബാങ്കുകളോട് ആവശ്യപ്പെട്ടു.
കടകവിരുദ്ധം സേവിംഗ്‌സ് നിക്ഷേപം
9 ശതമാനത്തോളം പലിശ നല്‍കുന്നതുകൊണ്ട് പൊതുമേഖലാ ബാങ്കുകളില്‍ സ്ഥിരനിക്ഷേപം (FD) കൂടുന്നുണ്ട്. കടകവിരുദ്ധമാണ് സേവിംഗ്‌സ് അക്കൗണ്ടുകളുടെ സ്ഥിതി. സ്വകാര്യബാങ്കുകള്‍ ഇവയ്ക്ക് ഭേദപ്പെട്ട പലിശ നല്‍കുന്നതിനാല്‍ നിക്ഷേപകര്‍ അവിടങ്ങളിലേക്ക് കൂടുമാറുന്നതാണ് പൊതുമേഖലാ ബാങ്കുകളെ വലയ്ക്കുന്നത്.
കുറയുന്ന വിഹിതം
മൊത്തം കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങളുടെ 43 ശതമാനം ഇപ്പോള്‍ സ്വകാര്യബാങ്കുകളിലാണ്. പൊതുമേഖലാ ബാങ്കുകളില്‍ 41 ശതമാനമേയുള്ളൂ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി 4.5 ശതമാനം നഷ്ടം ഈയിനത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ക്കുണ്ടായിട്ടുണ്ട്. ശമ്പള അക്കൗണ്ടുകള്‍ വന്‍തോതില്‍ നേടിയെടുക്കാന്‍ സാധിച്ചതാണ് സ്വകാര്യബാങ്കുകള്‍ക്ക് മുഖ്യ നേട്ടമായത്.