പലിശഭാരം കൂട്ടാതെ റിസര്‍വ് ബാങ്ക്; ഇ.എം.ഐ തത്കാലം ഉയരില്ല

ഓഹരി വിപണിയില്‍ നഷ്ടം; ജി.ഡി.പി പ്രതീക്ഷ നിലനിറുത്തി; പണപ്പെരുപ്പം കൂടുമെന്ന് നിഗമനം

Update:2023-08-10 11:01 IST

Image : Shaktikantha Das /Dhanam file

സാധാരണക്കാര്‍ക്കും സാമ്പത്തിക ലോകത്തിനും ഒരുപോലെ ആശ്വാസം പകര്‍ന്ന് അടിസ്ഥാന പലിശനിരക്കില്‍ മാറ്റംവരുത്താതെ റിസര്‍വ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം പണനയം പ്രഖ്യാപിച്ചു. ഉപയോക്തൃ വില (റീട്ടെയില്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം (CPI Inflation/Retail Inflation) ജൂണില്‍ 5 ശതമാനത്തിന് താഴെ എന്ന സഹന പരിധിയില്‍ തുടര്‍ന്ന പശ്ചാത്തലത്തിലാണ് പ്രധാനമായും പലിശനിരക്ക് നിലനിറുത്താന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ പണനയ നിര്‍ണയ സമിതി (MPC) ഐകകണ്‌ഠ്യേന തീരുമാനിച്ചത്.

ഇതുപ്രകാരം, റിപ്പോനിരക്ക് 6.50 ശതമാനത്തിലും ഫിക്‌സഡ് റിവേഴ്‌സ് റിപ്പോ 3.35 ശതമാനത്തിലും സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി റേറ്റ് (എസ്.ഡി.ആര്‍.എഫ്/SDRF) 6.25 ശതമാനത്തിലും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ്‌സ് ഫെസിലിറ്റി റേറ്റ് (എം.എസ്.എഫ്/MSF) 6.75 ശതമാനത്തിലും തുടരും.
ബാങ്കുകള്‍ സൂക്ഷിക്കേണ്ട കരുതല്‍ ധന അനുപാതത്തിലും (സി.ആര്‍.ആര്‍/CRR) മാറ്റമില്ല; ഇത് 4.50 ശതമാനമാണ്. സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്.എല്‍.ആര്‍/SLR) 18 ശതമാനത്തിലും നിലനിറുത്തി.
സാധാരണക്കാര്‍ക്ക് വലിയ ആശ്വാസം
പച്ചക്കറി അടക്കമുള്ള അവശ്യവസ്തുക്കളുടെ വിലക്കയറ്റം മൂലം കുടുംബ ബജറ്റ് താളംതെറ്റിയിരിക്കുന്ന സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസകരമാണ് പലിശനിരക്ക് നിലനിറുത്തിയ എം.പി.സി തീരുമാനം. ബാങ്കുകളില്‍ നിന്നുള്ള വായ്പകളുടെ പലിശനിരക്ക് കൂടില്ലെന്നതാണ് കാരണം. പലിശ കൂട്ടാത്തതിനാല്‍ വായ്പയുടെ മാസ ഗഡുവിൽ (പ്രതിമാസ തിരിച്ചടവ് തുക/ഇ.എം.ഐ/EMI) വര്‍ദ്ധനയുണ്ടാകില്ല.
അതേസമയം, സ്ഥിരനിക്ഷേപങ്ങളുടെ (FD) പലിശനിരക്കിലും മാറ്റമുണ്ടാകില്ല. റിപ്പോ കൂടിയ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസങ്ങളില്‍ ബാങ്കുകള്‍ എഫ്.ഡി പലിശനിരക്ക് മികച്ചതലത്തില്‍ ഉയര്‍ത്തിയത് ഒട്ടേറെ ഇടപാടുകാര്‍ക്ക് ആശ്വാസമായിരുന്നു.

ഇന്‍ക്രിമെന്റല്‍ സി.ആര്‍.ആര്‍: ബാങ്കുകള്‍ക്ക് തിരിച്ചടി

പലിശനിരക്കുകളില്‍ മാറ്റംവരുത്തിയില്ലെങ്കിലും നിലവില്‍ നിക്ഷേപങ്ങളിലുണ്ടാകുന്ന വളര്‍ച്ചയുടെ നിശ്ചിതഭാഗം കരുതല്‍ ധന അനുപാതത്തിലേക്ക് (CRR) മാറ്റാന്‍ വാണിജ്യ ബാങ്കുകളോട് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.

ഓഗസ്റ്റ് 12 മുതല്‍ രണ്ടാഴ്ചത്തേക്ക് മാത്രമാണ് ഈ നിയന്ത്രണമെങ്കിലും ബാങ്കുകള്‍ക്ക് ഇത് തിരിച്ചടിയാണ്. ഇന്‍ക്രിമെന്റല്‍-സി.ആര്‍.ആറിലേക്ക് (I-CRR) നിക്ഷേപ വര്‍ദ്ധനയിലെ പത്ത് ശതമാനമാണ് മാറ്റേണ്ടത്. ഇത് തത്കാലത്തേക്ക് മാത്രമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കിയിട്ടുണ്ട്.

2000 രൂപയുടെ നോട്ട് പിന്‍വലിച്ച പശ്ചാത്തലത്തില്‍ ബാങ്കുകളില്‍ നിക്ഷേപം കുത്തനെ കൂടിയ പശ്ചാത്തലത്തിലാണ് ഐ-സി.ആര്‍.ആര്‍ നടപടി. ജൂലൈയില്‍ 1.6 ലക്ഷം കോടി രൂപയായിരുന്നു വിപണിയിലെ അധികപ്പണം (Surplus liquiduty). ഓഗസ്റ്റില്‍ ഇത് 2.5 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.

ഒരുലക്ഷം കോടി മാറ്റേണ്ടിവരും

നിക്ഷേപത്തിലുണ്ടാകുന്ന വര്‍ദ്ധിച്ച തുകയിലെ ഓരോ 100 രൂപയിലും 4-4.50 രൂപയാണ് നിലവില്‍ കരുതല്‍ ധന അനുപാതമായി (സി.ആര്‍.ആര്‍) ബാങ്കുകള്‍ മാറ്റിവയ്ക്കുന്നത്.

ഇത് തത്കാലത്തേക്ക് 10 രൂപയായി ഉയര്‍ത്താനാണ് റിസര്‍വ് ബാങ്ക് ഇന്ന് നല്‍കിയ നിര്‍ദേശം. ഇതുവഴി ഏകദേശം ഒരുലക്ഷം കോടിയോളം രൂപ ബാങ്കുകള്‍ കരുതല്‍ ധന അനുപാതത്തിലേക്ക് മാറ്റേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.

ഇനി വെല്ലുവിളിയുടെ കാലം
ജൂലൈ-ഓഗസ്റ്റ് കാലയളവില്‍ പണപ്പെരുപ്പം കൂടാനിടയുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അഭിപ്രായപ്പെട്ടു. തക്കാളി അടക്കമുള്ള പച്ചക്കറികളുടെ വിലക്കുതിപ്പാണ് കാരണം. പണപ്പെരുപ്പം, അവശ്യവസ്തുക്കളുടെ വിലക്കയറ്റം എന്നിവ ജാഗ്രതയോടെ എം.പി.സി വീക്ഷിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
എം.പി.സിയുടെ നിലവിലെ പണനയ നിര്‍ണയ നിലപാടായ (stance) വിത്‌ഡ്രോവല്‍ ഓഫ് അക്കോമഡേഷന്‍ (Withdrawal of Accomodation) നിലനിറുത്താന്‍ ഒന്നിനെതിരെ 5 വോട്ടുകള്‍ക്ക് എം.പി.സി തീരുമാനിച്ചു.
പലിശ കുറയ്ക്കുക എന്ന അക്കോമഡേറ്റീവ് നിലപാടില്‍ നിന്ന് സാഹചര്യത്തിന് വിധേയമായി പലിശ കുറയ്ക്കാനോ കൂട്ടാനോ നടപടിയെടുക്കുന്ന ന്യൂട്രല്‍ നിലപാടിലേക്കുള്ള ചുവടുമാറ്റത്തിന്റെ (Neutral Stance) ആദ്യ പടിയാണിത്.
കഴിഞ്ഞ ഫെബ്രുവരിയിലെ യോഗത്തിലാണ് അവസാനമായി എം.പി.സി റിപ്പോനിരക്ക് കൂട്ടിയത് (0.25%/കാല്‍ ശതമാനം). തുടര്‍ന്ന്, പണപ്പെരുപ്പം കുറയുന്നത് പരിഗണിച്ച് ഏപ്രില്‍, ജൂണ്‍ മാസങ്ങളിലെ യോഗങ്ങളില്‍ പലിശനിരക്ക് നിലനിറുത്തി.
2022 മേയ് മുതല്‍ ഈ വര്‍ഷം ഫെബ്രുവരിവരെയായി തുടര്‍ച്ചയായ വര്‍ദ്ധനയിലൂടെ റിപ്പോനിരക്ക് 2.50 ശതമാനം കൂട്ടിയശേഷമാണ് കഴിഞ്ഞ മൂന്ന് യോഗങ്ങളിലും പലിശനിരക്ക് മാറ്റമില്ലാതെ നിലനിറുത്തിയത്.
ഓഹരി വിപണി കിതക്കുന്നു
പ്രതീക്ഷിച്ചതുപോലെ റിസര്‍വ് ബാങ്ക് പലിശനിരക്കില്‍ മാറ്റം വരുത്തിയില്ലെങ്കിലും ഓഹരി വിപണി നഷ്ടത്തിലാണ്. സെന്‍സെക്‌സ് ഇന്ന് രാവിലത്തെ സെഷനില്‍ 337 പോയിന്റിടിഞ്ഞ് 65,658ലാണുള്ളത്. നിഫ്റ്റി 51 പോയിന്റ് താഴ്ന്ന് 19,505ലും. വരുംപാദങ്ങളില്‍ പണപ്പെരുപ്പം ഉയരുമെന്ന റിസര്‍വ് ബാങ്കിന്റെ അനുമാനമാണ് ഓഹരി നിക്ഷേപകരെ ആശങ്കപ്പെടുത്തിയ മുഖ്യ ഘടകം. അതേസമയം,​ നടപ്പുവര്‍ഷത്തെ (2023-24) ജി.ഡി.പി വളര്‍ച്ചാപ്രതീക്ഷ റിസര്‍വ് ബാങ്ക് 6.5 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിറുത്തി.

Tags:    

Similar News