തട്ടിപ്പുകാരായി പ്രഖ്യാപിക്കും മുമ്പ് വായ്പയെടുത്തവരുടെ വാദം കേള്‍ക്കണം: സുപ്രീംകോടതി

സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ ലംഘിക്കപ്പെടാന്‍ പാടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി

Update:2023-03-28 16:45 IST

വായ്പ തിരിച്ചടക്കാത്ത ബാങ്ക് അക്കൗണ്ടുകളെ തട്ടിപ്പ് അക്കൗണ്ടുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തും മുമ്പ് അക്കൗണ്ടുടമകള്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കാന്‍ ബാങ്കുകള്‍ തയാറാകണമെന്ന് സുപ്രിംകോടതി.

യുക്തിസഹമായ ഉത്തരവിലൂടെ

ബാങ്ക് അക്കൗണ്ടുകളെ തട്ടിപ്പ് അക്കൗണ്ടുകളായി തരംതിരിക്കുന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച സര്‍ക്കുലറിലെ തത്വങ്ങള്‍ നിര്‍ബന്ധമായും വായിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമാ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. തട്ടിപ്പ് അക്കൗണ്ടായി പ്രഖ്യാപിക്കുന്നത് അക്കൗണ്ടുടമക്ക് തുടര്‍ന്ന് വായ്പ ലഭിക്കാന്‍ അവസരം നിഷേധിക്കുന്നതും കരിമ്പട്ടികയില്‍പ്പെടുത്തുന്നതും അടക്കമുള്ള ഗുരുതരമായ സിവില്‍ പ്രത്യാഘാതമുണ്ടാക്കുന്നതാണ്.

അതിനാല്‍ അക്കൗണ്ടുടമകള്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കണം. അത്തരമൊരു തീരുമാനം യുക്തിസഹമായ ഉത്തരവിലൂടെ എടുക്കണം. ഇക്കാര്യത്തിലും സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ ലംഘിക്കപ്പെടാന്‍ പാടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച 2022ലെ തെലങ്കാന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവയ്ക്കുകയും ഇതിന് വിരുദ്ധമായ ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയും ചെയ്തു.

Tags:    

Similar News