പുതിയ ഡിജിറ്റല്‍ കറന്‍സിക്കായുള്ള നടപടികള്‍ ആരംഭിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍

ഡിജിറ്റല്‍ കറന്‍സി ബില്‍ പാസായാല്‍ ക്രിപ്റ്റോകറന്‍സി നിരോധിക്കുന്ന ലോകത്തെ ആദ്യ പ്രമുഖ രാജ്യമായിരിക്കും ഇന്ത്യയെന്നും ശക്തികാന്ത ദാസ്. വിശദാംശങ്ങളറിയാം

Update: 2021-02-24 13:20 GMT

പുതിയ ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാനുള്ള നടപടിക്രമം ആരംഭിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഇതേസമയം, ഡിജിറ്റല്‍ കറന്‍സി എന്ന് യാഥാര്‍ത്ഥ്യമാവുമെന്നത് സംബന്ധിച്ച് വ്യക്തത നല്‍കിയിട്ടില്ല. ബിറ്റ്കോയിന്‍ പോലുള്ള ക്രിപ്റ്റോകറന്‍സികള്‍ ഉപയോഗിക്കുന്ന ബ്ലോക്ക്ചെയ്ന്‍ ഫ്രെയിംവര്‍ക്ക് വിദ്യയോട് റിസര്‍വ് ബാങ്കിന് താത്പര്യമുണ്ട്. കാരണം അതീവ സുരക്ഷിതവും പഴുതുകളടച്ചതുമാണ് അവ. എന്നാല്‍ രാജ്യത്തിന് സ്വന്തമായി അത്തരമൊരു സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ കറന്‍സിയാണ് ആവശ്യമെന്നും ശക്തികാന്ത ദാസ് ബുധനാഴ്ച്ച സൂചിപ്പിച്ചു.

മുന്‍പ്, 2018 ഏപ്രിലില്‍ ബിറ്റ്കോയിനടക്കമുള്ള എല്ലാ ക്രിപ്റ്റോകറന്‍സി ഇടപാടുകളും മൂന്നു മാസത്തിനകം നിര്‍ത്തണമെന്ന് റിസര്‍വ് ബാങ്ക് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം 2020 മാര്‍ച്ചില്‍ സുപ്രീം കോടതി അസാധുവാക്കുകയും ക്രിപ്‌റ്റോ രാജ്യത്ത് ശക്തിപ്രാപിക്കുകയുമായിരുന്നു. ക്രിപ്‌റ്റോ കറന്‍സിയുടെ റെക്കോര്‍ഡ് മൂല്യ വര്‍ധനവും ഈ രംഗത്തേക്ക് നിരവധി പേരെ ആകര്‍ഷിച്ചു. എക്സ്ചേഞ്ചുകളില്‍ നിന്നും വ്യാപാരികളില്‍ നിന്നുമുള്ള ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ തുടരാന്‍ സുപ്രീം കോടതി ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവാദം നല്‍കിയതനുസരിച്ച് ഇവയില്‍ നിക്ഷേപിച്ചവര്‍ ഏറെ.
എന്തായാലും ഡിജിറ്റല്‍ കറന്‍സി ബില്‍ പാസായാല്‍ ക്രിപ്റ്റോകറന്‍സി നിരോധിക്കുന്ന ലോകത്തെ ആദ്യ പ്രമുഖ രാജ്യമായിരിക്കും ഇന്ത്യ. നിലവില്‍ പല രാജ്യങ്ങളും ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ നിയന്ത്രിക്കേണ്ടതെങ്ങനെയെന്ന് ആലോചിച്ച് തലപുകയ്ക്കുമ്പോഴാണ് ഇന്ത്യ ഇത്രയും മുന്നേറിക്കഴിഞ്ഞിരിക്കുന്നത്.
രാജ്യത്തെ പണലഭ്യത കുറയ്ക്കില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശക്തികാന്ത ദാസ് അറിയിച്ചു. ആവശ്യത്തിന് പണലഭ്യത ഉറപ്പുവരുത്താനുള്ള മാര്‍ഗങ്ങള്‍ റിസര്‍വ് ബാങ്കിന്റെ പക്കലുണ്ട്, കോവിഡ് പ്രതിസന്ധിയെ മികച്ച രീതിയില്‍ തരണം ചെയ്യാന്‍ കേന്ദ്ര ബാങ്കിന് സാധിച്ചു. റിസര്‍വ് ബാങ്കില്‍ നിന്നും ലഭിക്കുന്ന സൂചനകളില്‍ വിശ്വാസമര്‍പ്പിക്കാന്‍ വിപണി തയ്യാറാവണമെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.
ബിറ്റ്കോയിന്‍ അടക്കമുള്ള ക്രിപ്റ്റോകറന്‍സികള്‍ സമ്പമ്പദ്ഘടനയുടെ താളം തെറ്റിച്ചേക്കാമെന്ന ആശങ്കയാണ് റിസര്‍വ് ബാങ്ക് പങ്കുവെയ്ക്കുന്നത്. ക്രിപ്റ്റോകറന്‍സിയെ ചൊല്ലിയുള്ള ആശങ്ക റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.



Tags:    

Similar News