സൗത്ത് ഇന്ത്യന്‍ ബാങ്ക് വീണ്ടും എം.സി.എല്‍.ആര്‍ ഉയര്‍ത്തി; വായ്പാപ്പലിശ കൂടും
കഴിഞ്ഞമാസവും ബാങ്ക് എം.സി.എല്‍.ആര്‍ പരിഷ്‌കരിച്ചിരുന്നു
തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് വായ്പകളുടെ അടിസ്ഥാന പലിശനിരക്ക് നാളെ (മെയ് 20) പ്രാബല്യത്തില്‍ വരുന്നവിധം വര്‍ദ്ധിപ്പിച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) ആണ് 0.10 ശതമാനം വരെ ഉയരുകയെന്ന് ബാങ്ക് വ്യക്തമാക്കി. ഏപ്രിലിലും ബാങ്ക് എം.സി.എല്‍.ആര്‍ 0.10 ശതമാനം കൂട്ടിയിരുന്നു.
പുതുക്കിയ നിരക്കുപ്രകാരം ഓവര്‍നൈറ്റ് കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 8.8 ശതമാനത്തില്‍ നിന്ന് 8.9 ശതമാനമാകും. ഒരുമാസക്കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 8.85ല്‍ നിന്ന് 8.95 ശതമാനത്തിലേക്കും മൂന്നുമാസ കാലാവധിയുള്ളവയുടേത് 8.95ല്‍ നിന്ന് 9.05 ശതമാനത്തിലേക്കും ഉയര്‍ത്തി.
9.20 ശതമാനമാണ് ആറുമാസ കാലാവധിയുള്ള വായ്പകളുടെ പുതുക്കിയ എം.സി.എല്‍.ആര്‍. നേരത്തേ 9.10 ശതമാനമായിരുന്നു. ഒരുവര്‍ഷ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 9.45ല്‍ നിന്ന് 9.50 ശതമാനത്തിലേക്കുമാണ് വര്‍ദ്ധിപ്പിച്ചത്. സ്വര്‍ണപ്പണയം, ബിസിനസ് വായ്പകള്‍, വ്യാപാരികളുടെ ഓവര്‍ ഡ്രാഫ്റ്റ്, ജി.എസ്.ടി ബിസിനസ് വായ്പ തുടങ്ങിയവയുടെ പലിശനിരക്കാണ് ഇതുപ്രകാരം ഉയരുക. വായ്പകളുടെ അടിസ്ഥാന പലിശനിരക്കാണ് എം.സി.എല്‍.ആര്‍. ഈ നിരക്കിനേക്കാള്‍ കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് കഴിയില്ല.