സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ ദുബൈയിലെ ബാങ്ക് ഉപഭോക്താക്കളോട് ചെയ്തത്
ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ല
സാങ്കേതിക തകരാര്‍ ബാങ്കിംഗ് ഇടപാടുകളെ ബാധിക്കുമ്പോള്‍ ദൂബൈയിലെ ബാങ്ക് ഉപഭോക്താക്കളോട് സ്വീകരിക്കുന്ന നിലപാട് എന്താണ്?. വായ്പകള്‍ തിരിച്ചടക്കാന്‍ കഴിയാത്തവര്‍ക്ക് പിഴ ഒഴിവാക്കുന്നു. പ്രത്യേകമായ ഗ്രേസ് പോയിന്റുകള്‍ നല്‍കുന്നു, ക്രെഡ്റ്റ് സ്‌കോര്‍ കുറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ഉപഭോക്താക്കളെ ചേര്‍ത്ത് പിടിക്കാന്‍ ബാങ്കിന്റെ ആനുകൂല്യം നിരവധിയാണ്. ദുബൈ ഇസ്ലാമിക് ബാങ്കിന്റെ സിസ്റ്റം അപ്‌ഗ്രേഡിംഗില്‍ വന്ന കാലതാമസം മൂലം ഇടപാടുകള്‍ മുടങ്ങിയ ഉപഭേക്താക്കള്‍ക്കാണ് ഈ പ്രത്യേക ആനുകൂല്യങ്ങള്‍.
പിഴ അടക്കേണ്ടതില്ല
ബാങ്കിന്റെ സോഫ്റ്റ്‌വെയർ നവീകരിക്കുന്നതിനിടയിലാണ് കഴിഞ്ഞ മാസം 14 മുതല്‍ 19 വരെ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായത്. വാരാന്ത്യ അവധി ദിനങ്ങളിലാണ് നവീകരണ ജോലികള്‍ തുടങ്ങിയതെങ്കിലും അപ്രതീക്ഷിതമായി മൂന്നു ദിവസം കൂടി നീണ്ടു പോയി. ഈ ദിവസങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പാ തിരിച്ചടവ് ഉള്‍പ്പടെയുള്ള ഇടപാടുകള്‍ നടത്താനുള്ള ഉപഭോക്താക്കള്‍ക്ക് അത് സാധിച്ചില്ല. സോഫ്റ്റ്‌വെയർ നവീകരണം സംബന്ധിച്ച് ഉപഭോക്താക്കളെ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇടപാടുകള്‍ കൂടുതല്‍ സമയം മുടങ്ങിയത് പലരെയും ബുദ്ധിമുട്ടിച്ചു. ഇത് തിരിച്ചറിഞ്ഞാണ് ബാങ്ക് ഇളവുകള്‍ പ്രഖ്യാപിച്ചത്. തിരിച്ചടവുകളും മറ്റ് പേമെന്റുകളും മുടങ്ങിയവര്‍ പിഴ അടക്കേണ്ടതില്ല. ചെക്കുകള്‍ മടങ്ങിയതിന്റെ പേരിലുള്ള പിഴയും ഈടാക്കില്ലെന്ന് ബാങ്ക് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞു.
ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ല
ഈ ദിവസങ്ങളില്‍ ഇടപാടുകളിലുണ്ടായ തടസ്സം മൂലം ഉപഭോക്താക്കളുടെ ക്രെഡിറ്റ് ബ്യൂറോ സ്‌കോര്‍ കുറയില്ലെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കുള്ള ബാങ്കിന്റെ പ്രത്യേക റിവാഡ് പോയിന്റുകളും പ്രഖ്യാപിച്ചിട്ടുണ്ട്. അധികമായി ലഭിക്കുന്ന പോയിന്റുകള്‍ വായ്പാ തിരിച്ചടവുകള്‍ക്ക് ഉപയോഗപ്പെടുത്താം. വായ്പകള്‍ കാലാവധിക്ക് മുമ്പെ അടച്ചു തീര്‍ക്കാന്‍ ഉദ്ദേശിച്ചിരുന്നവര്‍ക്ക് അതിനുള്ള ഫീസില്‍ 25 ശതമാനം ഇളവും നല്‍കും.സോഫ്റ്റ്‌വെയർ നവീകരണത്തിലൂടെ ബാങ്കിന്റെ സാങ്കേതിക വിദ്യകള്‍ ആധുനികവല്‍ക്കരിച്ചതായും ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാനാകുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.