വായ്പാപ്പലിശ വീണ്ടും കൂട്ടി സൗത്ത് ഇന്ത്യന്‍ ബാങ്ക്; നിരക്ക് രണ്ടക്കം തൊട്ടു!
തുടര്‍ച്ചയായി എം.സി.എല്‍.ആര്‍ കൂട്ടുന്ന സമീപനമാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് കൈക്കൊള്ളുന്നത്;
തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് (SIB/SOUTH INDIAN BANK) വായ്പകളുടെ അടിസ്ഥാന പലിശനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (MCLR/എം.സി.എല്‍.ആര്‍) വീണ്ടും കൂട്ടി. പുതിയ നിരക്കുകള്‍ നാളെ (March 20) പ്രാബല്യത്തില്‍ വരും.
അടിസ്ഥാന നിരക്ക് കൂട്ടിയതോടെ എം.സി.എല്‍.ആര്‍ അധിഷ്ഠിതമായ വായ്പകളുടെ പലിശനിരക്ക് കൂടും. അതായത്, വായ്പാ ഇടപാടുകാരന്റെ പ്രതിമാസ വായ്പാത്തിരിച്ചടവ് (EMI) കൂടും. സ്വര്‍ണപ്പണയം, ബിസിനസ് വായ്പ, വ്യാപാരികളുടെ ഓവര്‍ഡ്രാഫ്റ്റ്, ജി.എസ്.ടി ബിസിനസ് വായ്പ എന്നിവയ്ക്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ എം.സി.എല്‍.ആര്‍ ബാധകം.
പുതിയ നിരക്കുകള്‍
ഒറ്റനാള്‍ (Overnight) കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ ഫെബ്രുവരിയിലെ 9.70 ശതമാനത്തില്‍ നിന്ന് 9.80 ശതമാനത്തിലേക്കും ഒരുമാസ ക്കാലാവധിയുള്ളവയുടേത് 9.75ല്‍ നിന്ന് 9.80 ശതമാനത്തിലേക്കുമാണ് കൂട്ടിയത്.
മൂന്നുമാസ കാലാവധിയുള്ള വായ്പകളുടേത് 9.80 ശതമാനത്തില്‍ നിന്ന് 9.85 ശതമാനമായി. ആറ് മാസക്കാലാവധിയുള്ള വായ്പകളുടെ പുതുക്കിയ എം.സി.എല്‍.ആര്‍ 9.90 ശതമാനമാണ്. നിലവിലെ 9.85 ശതമാനത്തില്‍ നിന്നാണ് വര്‍ധന. ഒരുവര്‍ഷക്കാലാവധിയുള്ള വായ്പയുടെ എം.സി.എല്‍.ആര്‍ 9.95ല്‍ നിന്ന് 10 ശതമാനമായും ഉയര്‍ത്തി.
തുടര്‍ച്ചയായ പലിശ വര്‍ധന
നടപ്പുവര്‍ഷത്തിന്റെ (2023-24) തുടക്കംമുതല്‍ തുടര്‍ച്ചയായി എം.സി.എല്‍.ആര്‍ കൂട്ടുന്ന നടപടിയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്വീകരിച്ചത്. 2023 ഏപ്രിലിന് മുമ്പ് ഓവര്‍നൈറ്റ് എം.സി.എല്‍.ആര്‍ 8.70 ശതമാനവും ഒരുമാസ നിരക്ക് 8.75 ശതമാനവും മാത്രമായിരുന്നു. ഒരുവര്‍ഷ കാലാവധിയുള്ള വായ്പകളുടെ നിരക്ക് 9.45 ശതമാനത്തില്‍ നിന്നാണ് ഇക്കാലയളവില്‍ 10 ശതമാനത്തിലെത്തിയത്.
എന്താണ് എം.സി.എല്‍.ആര്‍?
ബാങ്കുകള്‍ വിതരണം ചെയ്യുന്ന വായ്പയുടെ അടിസ്ഥാന പലിശനിരക്ക് നിര്‍ണയിക്കാനായി 2016ല്‍ റിസര്‍വ് ബാങ്ക് കൊണ്ടുവന്നതാണ് എം.സി.എല്‍.ആര്‍. റിസര്‍വ് ബാങ്കിന്റെ റിപ്പോനിരക്കില്‍ അധിഷ്ഠിതമാണിത്.
റിപ്പോനിരക്ക് മാറുന്നതിന് ആനുപാതികമായി എം.സി.എല്‍.ആറിലും മാറ്റംവരും. എന്നാല്‍, റിപ്പോയ്ക്ക് പുറമേ വായ്പാ കാലാവധി, ബാങ്കിന്റെ പ്രവര്‍ത്തനച്ചെലവ്, വായ്പ നല്‍കാന്‍ ബാങ്ക് പണം കണ്ടെത്തുന്ന സ്രോതസ്സുകള്‍ക്ക് നല്‍കേണ്ട പലിശച്ചെലവ് (ഉദാഹരണത്തിന് സ്ഥിരനിക്ഷേപം/FD, സേവിംഗ്‌സ്/കറന്റ് അക്കൗണ്ട് നിക്ഷേപം, റിസര്‍വ് ബാങ്കില്‍ നിന്നുള്ള വായ്പ), കരുതല്‍ ധന അനുപാതം (CRR) തുടങ്ങിയ ഘടകങ്ങളും വിലയിരുത്തിയാണ് ബാങ്ക് വായ്പാപ്പലിശ നിര്‍ണയിക്കുന്നത്. ഇത് ഓരോ ബാങ്കിനും വ്യത്യസ്തവുമാണ്.