കുറഞ്ഞ വരുമാനക്കാര്‍ക്ക് ഭവന വായ്പ പദ്ധതിയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്; 25 വര്‍ഷം വരെ കാലാവധി

കേരളത്തിലും തമിഴ്‌നാട്ടിലുമാണ് ആദ്യ ഘട്ടത്തില്‍ എസ്.ഐ.ബി ആശിര്‍വാദ് പദ്ധതി നടപ്പാക്കുക

Update:2024-05-28 20:34 IST

Image : SIB and Canva

കുറഞ്ഞ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്കായി 'എസ്.ഐ.ബി ആശിര്‍വാദ്' ഭവന വായ്പ പദ്ധതി അവതരിപ്പിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്. കുറഞ്ഞത് 4.80 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളെയും 20,000 രൂപ വരെ മാസവരുമാനമുള്ള വ്യക്തികളെയും ഉദ്ദേശിച്ചുള്ളതാണ് വായ്പ പദ്ധതി.

ആദ്യഘട്ടത്തില്‍, കേരളത്തിലും തമിഴ്‌നാട്ടിലുമാണ് വായ്പ ലഭ്യമാകുക. 25 വര്‍ഷം വരെ കാലാവധിയുള്ള ഭവന വായ്പയുടെ പലിശ നിരക്ക് 10 ശതമാനം മുതലാണ്. ഒരു ലക്ഷം രൂപയ്ക്ക് 909 രൂപയാണ് പ്രതിമാസ തിരിച്ചടവ് (ഇ.എം.ഐ). മുന്‍കൂര്‍ ചാര്‍ജുകള്‍ ഒന്നും ഈടാക്കുന്നില്ലെന്നും കുറഞ്ഞ സമയത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പദ്ധതി വഴി വായ്പ നേടാമെന്നും സൗത്ത് ഇന്ത്യന്‍ ബാങ്ക് അറിയിച്ചു.

സാമ്പത്തികമായി പല തട്ടുകളിലുമുള്ള ആളുകളുടെ വീടെന്ന സ്വപ്നം സാഷാത്കരിക്കുന്നതിനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രതിജ്ഞാബദ്ധരാണെന്നും തിരിച്ചടവിനുള്ള മതിയായ സമയവും സൗകര്യവുമാണ് വായ്പ ദീര്‍ഘ കാലത്തേക്ക് അനുവദിക്കുന്നതിലൂടെ ഉറപ്പ് വരുത്തുന്നതെന്നും ബാങ്കിന്റെ സീനിയര്‍ ജനറല്‍ മാനേജരും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ ബിജി എസ്.എസ് പറഞ്ഞു.
Tags:    

Similar News