സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നിക്ഷേപം ലക്ഷം കോടിയിലേക്ക്; സ്വര്‍ണത്തില്‍ കുതിച്ച് ധനലക്ഷ്മി ബാങ്ക്
ഇരു ബാങ്കുകളുടെയും ഓഹരി വില നേട്ടത്തില്‍; സൗത്ത് ഇന്ത്യന്‍ ബാങ്കിന് 'കാസ'യില്‍ തിരിച്ചടി
കേരളം ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കുകളായ സൗത്ത് ഇന്ത്യന്‍ ബാങ്കും ധനലക്ഷ്മി ബാങ്കും നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) മൂന്നാംപാദമായ ഒക്ടോബര്‍-ഡിസംബറിലെ പ്രാഥമിക പ്രവര്‍ത്തനക്കണക്കുകള്‍ വെളിപ്പെടുത്തി.
മൊത്തം ബിസിനസിലും നിക്ഷേപത്തിലും സ്വര്‍ണപ്പണയമടക്കമുള്ള വായ്പകളിലും ധനലക്ഷ്മി ബാങ്ക് മികച്ച വളര്‍ച്ച രേഖപ്പെടുത്തി. മറ്റ് കണക്കുകള്‍ ഭേദപ്പെട്ടതെങ്കിലും സൗത്ത് ഇന്ത്യന്‍ ബാങ്കിന് 'കാസ'യില്‍ അല്‍പം കാലിടറി.
സ്വര്‍ണത്തിളക്കത്തില്‍ ധനലക്ഷ്മി
തൃശൂര്‍ ആസ്ഥാനമായ ധനലക്ഷ്മി ബാങ്കിന്റെ മൊത്തം ബിസിനസ് ഡിസംബര്‍ പാദത്തില്‍ 11.15 ശതമാനം വാര്‍ഷിക വളര്‍ച്ചയുമായി 24,657 കോടി രൂപയിലെത്തിയെന്ന് ഓഹരി വിപണികള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബാങ്ക് വ്യക്തമാക്കി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ഇത് 22,183 കോടി രൂപയും നടപ്പുവര്‍ഷം സെപ്റ്റംബര്‍പാദത്തില്‍ 24,128 കോടി രൂപയുമായിരുന്നു.
മൊത്തം നിക്ഷേപം 10.60 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 14,310 കോടി രൂപയായി. കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് (CASA) നിക്ഷേപം 4,219 കോടി രൂപയില്‍ നിന്ന് 5.69 ശതമാനം വാര്‍ഷിക വളര്‍ച്ചയുമായി 4,459 കോടി രൂപയായി. ബാങ്കിന്റെ മൊത്തം വായ്പകള്‍ 10,347 കോടി രൂപയാണ്. 9,244 കോടി രൂപയില്‍ നിന്ന് 11.93 ശതമാനമാണ് വളര്‍ച്ച. അതേസമയം, ഇക്കഴിഞ്ഞ സെപ്റ്റംബറിലെ 10,311 കോടി രൂപയെ അപേക്ഷിച്ച് വളര്‍ച്ച നാമമാത്രമാണ്.
വാര്‍ഷികാടിസ്ഥാനത്തില്‍ ബാങ്കിന്റെ സ്വര്‍ണപ്പണയ വായ്പകള്‍ 28.36 ശതമാനം കുതിച്ച് 2,675 കോടി രൂപയായി. 2,084 കോടി രൂപയായിരുന്നു മുന്‍വര്‍ഷം ഡിസംബര്‍പാദത്തില്‍. ഈ വര്‍ഷം സെപ്റ്റംബര്‍ പാദത്തിലാകട്ടെ 2,596 കോടി രൂപയും.
ബാങ്കിന്റെ ക്രെഡിറ്റ്-റ്റു-ഡെപ്പോസിറ്റ് അനുപാതം (CD Ratio) 71.45ല്‍ നിന്ന് 72.31 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു. പക്ഷേ, നടപ്പുവര്‍ഷം സെപ്റ്റംബര്‍പാദത്തിലെ 74.62 ശതമാനത്തില്‍ നിന്ന് താഴ്ന്നു.
ബാങ്കിന്റെ ഓഹരികളില്‍ ഇപ്പോള്‍ വ്യാപാരം നടക്കുന്നത് മൂന്ന് ശതമാനത്തോളം ഉയര്‍ന്ന് 31.90 രൂപയിലാണ്. ഒരുവേള വില ഇന്ന് 32.90 രൂപവരെ എത്തിയിരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 57 ശതമാനവും ആറ് മാസത്തിനിടെ 85 ശതമാനവും നേട്ടം ഓഹരി നിക്ഷേപകര്‍ക്ക് ധനലക്ഷ്മി ബാങ്ക് ഓഹരികള്‍ നല്‍കിയിട്ടുണ്ട്.
ലക്ഷം കോടിപതിയാകാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക്
മൊത്തം നിക്ഷേപത്തില്‍ 'ലക്ഷം കോടിപതി'യാകാനുള്ള കുതിപ്പിലാണ് തൃശൂര്‍ ആസ്ഥാനമായ സൗത്ത് ഇന്ത്യന്‍ ബാങ്ക്. നടപ്പുവര്‍ഷം ഡിസംബര്‍ പാദത്തില്‍ 9.37 ശതമാനം വാര്‍ഷിക വളര്‍ച്ചയുമായി 99,164 കോടി രൂപയാണ് ബാങ്കിന്റെ മൊത്തം നിക്ഷേപം. കഴിഞ്ഞവര്‍ഷം ഡിസംബര്‍പാദത്തില്‍ ഇത് 90,672 കോടി രൂപയായിരുന്നു.
മൊത്തം വായ്പകള്‍ 70,117 കോടി രൂപയില്‍ നിന്ന് 10.83 ശതമാനം വര്‍ധിച്ച് 77,713 കോടി രൂപയായെന്ന് ഓഹരി വിപണികള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബാങ്ക് വ്യക്തമാക്കി. കാസ നിക്ഷേപം 30,670 കോടി രൂപയില്‍ നിന്ന് 31,529 കോടി രൂപയിലെത്തി. വളര്‍ച്ച 2.80 ശതമാനം മാത്രം. കാസ അനുപാതം 33.83 ശതമാനത്തില്‍ നിന്ന് 2.04 ശതമാനം താഴ്ന്ന് 31.79 ശതമാനവുമായി.
ബാങ്കിന്റെ ഓഹരികളില്‍ ഇന്ന് ദൃശ്യമായത് ചാഞ്ചാട്ടമാണ്. നേട്ടത്തിലും ഇറക്കത്തിലും കയറിയിറങ്ങിയ ഓഹരികളില്‍ ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത് 1.11 ശതമാനം നേട്ടവുമായി 27.15 രൂപയില്‍. ഒരുവേള ഓഹരി ഇന്ന് 26.75 രൂപവരെ താഴുകയും 27.50 രൂപവരെ ഉയരുകയും ചെയ്തിരുന്നു. ഒരുവര്‍ഷത്തിനിടെ 41 ശതമാനവും 6 മാസത്തിനിടെ 40 ശതമാനവും നേട്ടം നിക്ഷേപകര്‍ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി സമ്മാനിച്ചിട്ടുണ്ട്.