അടുത്തമാസം വീണ്ടും പലിശ കൂടിയേക്കും; ബാങ്ക് വായ്പയെടുത്തവര്‍ എന്തുചെയ്യണം?

റിസര്‍വ് ബാങ്ക് ഇനിയും പലിശ നിരക്ക് വര്‍ധിപ്പിക്കാനിടയുള്ളപ്പോള്‍ വായ്പ എടുത്തവര്‍ എന്തു ചെയ്യണം?

Update:2022-07-29 10:38 IST

75 ബേസിസ് പോയിന്റുകളാണ് ഒറ്റയടിക്ക് ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ ദിവസം ഉയര്‍ത്തിയത്. 0.75%! ഇത് അസാധാരണമാണ്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ നാല് തവണ ഫെഡറല്‍ റിസര്‍വ് നിരക്ക് ഉയര്‍ത്തി. അത് വഴി പൂജ്യത്തിനോടടുത്തു നിന്നിരുന്ന നിരക്ക് ഇപ്പോള്‍ 2.25 - 2.50%എത്തി നില്‍ക്കുന്നു.

ഇന്ത്യയിലും സമാനമായ സാഹചര്യമാണുള്ളത്. കഴിഞ്ഞ മാസമാണ് ഭാരതീയ റിസര്‍വ് ബാങ്ക് റീപോ നിരക്കില്‍ 50 ബേസിസ് പോയിന്റ് വര്‍ദ്ധന വരുത്തിയത്. വിലക്കയറ്റം 6 ശതമാനമായി ആയി കുറച്ചു നിര്‍ത്തണം എന്നാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഇത് 7.50 ശതമാനത്തിലും വര്ഷം അവസാനിക്കുമ്പോള്‍ 5.80 ശതമാനമായും വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ 2022-23 സാമ്പത്തികവര്‍ഷം വിലക്കയറ്റം 6.70 ശതമാനത്തില്‍ നിര്‍ത്താം എന്നും കരുതുന്നു. ഇപ്പോഴും 7 ശതമാനത്തിനു മുകളില്‍ നില്‍ക്കുന്ന വിലക്കയറ്റനിരക്കു താഴേക്ക് കൊണ്ടു വരാന്‍ ശ്രമിക്കുമ്പോഴും അന്തര്‍ദേശീയ തലത്തില്‍ സാമ്പത്തിക രംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നമ്മുടെ നാടിനെയും തീര്‍ച്ചയായും ബാധിക്കും. അതിനര്‍ത്ഥം, ഇന്നലെ ഫെഡറല്‍ റിസര്‍വ് റേറ്റില്‍ വന്നിരിക്കുന്ന വര്‍ധനവിന്റെ പ്രതിധ്വനികള്‍ വൈകാതെ നമ്മുടെ സമ്പദ് ഘടനയിലും വരാം എന്ന് തന്നെയാണ്. ആഗസ്ത് മാസം ആദ്യ വാരത്തില്‍ നടക്കാനിരിക്കുന്ന മോണിറ്ററി പോളിസി റിവ്യൂവില്‍ (Monetary Policy Review) ഈ കാര്യത്തില്‍ തീരുമാനമുണ്ടാകും. ജൂണ്‍ മാസത്തിലെ റിവ്യൂവില്‍ മോണിറ്ററി പോളിസി കമ്മിറ്റി (MPC) എടുത്തിരിക്കുന്ന തീരുമാനം ഇനി അക്കൊമൊഡേഷന്‍ നിലപാട് (accommodation) വേണ്ട എന്നാണ്. ഈ സാഹചര്യത്തില്‍ ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ അത്രക്കും വരില്ലെങ്കിലും റീപോ നിരക്കില്‍ വര്‍ദ്ധന ഉണ്ടാവും എന്ന് തന്നെ വേണം പ്രതീക്ഷിക്കാന്‍.

കുതിച്ചുയരുന്ന വിലക്കയറ്റം പിടിച്ചു കെട്ടുവാന്‍ വേണ്ടിയാണ് അസാധാരണമായ വിധം നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത് എന്നാണ് ഫെഡറല്‍ റിസര്‍വ് പറയുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്ന കാര്യത്തില്‍ ഈ നടപടികള്‍ എത്ര മാത്രം ഫലപ്രദമാണ് എന്ന് വരും ദിവസ്സങ്ങളില്‍ അറിയാം. എന്നാല്‍, നിരക്ക് വര്‍ധന കടം തിരിച്ചടവിന്റെ കാര്യത്തില്‍ ഇടപാടുകാര്‍ക്ക് കൂടുതല്‍ ഭാരമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് അമേരിക്കയിലായാലും ഇന്ത്യയിലായാലും.
വായ്പ എടുത്തവര്‍ എന്ത് ചെയ്യണം?
ക്രെഡിറ്റ് കാര്‍ഡ് എടുത്തിരിക്കുന്ന ഇടപാടുകാര്‍ മാസബില്‍ തുക മുഴുവനും അടക്കാതെ മിനിമം തുക മാത്രം അടക്കുമ്പോള്‍ കൊടുക്കേണ്ട ഫിനാന്‍സ് ചാര്‍ജില്‍ വര്‍ധനയുണ്ടാകും. അത് കൊണ്ട് കഴിയുമെങ്കില്‍ മാസബില്‍ കഴിവതും മുഴുവനായി അടച്ചു തീര്‍ക്കുന്നത് നല്ലതായിരിക്കും.

ഫിക്‌സഡ് റേറ്റ് കാര്‍ ലോണുകള്‍ എടുത്തിരിക്കുന്നവര്‍ക്ക് ഫിക്‌സഡ് റേറ്റ് കരാറിലെ നിബന്ധകള്‍ക്കനുസരിച്ചു മാത്രമേ നിരക്ക് വര്‍ധനവും അതുമൂലം തിരിച്ചടവില്‍ വര്‍ധനയും ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഫിക്‌സഡ് റേറ്റ് അല്ലെങ്കില്‍ (വേരിയബിള്‍ റേറ്റ് / ഫ്‌ളോട്ടിങ് റേറ്റ്) നിരക്കില്‍ വര്‍ധനവും തവണ തുകയില്‍ വര്‍ധനവും ഉണ്ടാവും. ഫിക്‌സഡ് റേറ്റ് അല്ലാത്ത ഭവന വായ്പനകള്‍ക്കും ഭൂ പണയ വായ്പകള്‍ക്കും (ലാപ് / വസ്തുവിന്മേല്‍ എടുത്തിരിക്കുന്ന ലോണ്‍) ഇതുപോലെ നിരക്ക് വര്‍ധനവും തന്മൂലം തവണ തുകയിലും വര്‍ധനവുണ്ടാകും. വേരിയബിള്‍ റേറ്റില്‍ എടുത്തിരിക്കുന്ന എല്ലാ ലോണുകള്‍ക്കും പലിശ നിരക്കിലെ വര്‍ദ്ധന ബാധകമാണ്. ബിസിനസ് ലോണുകള്‍ പൊതുവെ, കാലാവധി ലോണായാലും (ടേം ലോണ്‍) പ്രവര്‍ത്തന മൂലധന ലോണായാലും (വര്‍ക്കിംഗ് ക്യാപ്പിറ്റല്‍), വേരിയബിള്‍ നിരക്കിലായിരിക്കും. അപ്പോള്‍ വാണിജ്യ ലോണുകള്‍ക്കു തവണയിലും, പലിശയിലും വര്‍ദ്ധനവുണ്ടാകും.

പുതിയ വായ്പകള്‍ക്ക് എല്ലാം നിരക്ക് വര്‍ധിക്കും. പലിശനിരക്ക് വര്‍ദ്ധിക്കുമ്പോള്‍ കടമെടുപ്പ് കുറയും. അതുവഴി പണമൊഴുക്കും സാമ്പത്തിക വളര്‍ച്ചയും കുറയും. പണത്തിന്റെ അളവ് കുറയുമ്പോള്‍ സാധനങ്ങള്‍ വാങ്ങാനുള്ള കഴിവ് കുറയുകയും ആവശ്യക്കാരില്ലാത്തതിനാല്‍ സാധനങ്ങളുടെ വില താഴ്ന്ന് വിലക്കയറ്റം കുറയുകയും ചെയ്യും എന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഈ പ്രക്രിയയില്‍ ഉത്പാദനവും തൊഴിലും കുറയുകയും ജനജീവിതം ബുദ്ധിമുട്ടിലാവുകയും ചെയ്യാം. നിലവിലുള്ള ലോണുകള്‍ കൂടിയ പലിശനിരക്കിലും തവണ തുകയിലും അടച്ചു തീര്‍ക്കുവാന്‍ ഇടപാടുകാര്‍ക്ക് കഴിയാതെ വരാം. ഇത് സമ്പദ് ഘടനയെ പൊതുവായും, സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ പ്രത്യേകിച്ചും, താളം തെറ്റിച്ചേക്കാം. കോവിഡും അനുബന്ധ കാരണങ്ങളാലും പുനര്‍ ക്രമീകരിച്ച ലോണുകളും കിട്ടാക്കടവുമായെല്ലാം മല്ലിടുന്ന സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് ഇത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.

വിലക്കയറ്റത്തിന്റേയും സാമ്പത്തിക മാന്ദ്യത്തിന്റേയും മധ്യത്തിലെ നേരിയ നൂല്‍ പാലത്തിലൂടെയുള്ള ഈ യാത്ര തികച്ചും ശ്രമകരമാണ്. എന്നാല്‍ ഭാവനാപൂര്‍ണമായ നയങ്ങളാലും ഇടപെടലുകളാലും ഇന്ത്യന്‍ സമ്പദ് ഘടനയെ സംരക്ഷിച്ചു നിര്‍ത്തുവാന്‍ നമുക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം.

(ലേഖകന്‍ ഫെഡറല്‍ ബാങ്കിലെ മുന്‍ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റാണ്)


Tags:    

Similar News