'ധനകാര്യ രംഗത്ത് ഈ മൂന്ന് കാര്യങ്ങള്‍ സംഭവിക്കും!' ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറയുന്നു
ബാങ്കിംഗ്, എന്‍ബിഎഫ്സി രംഗത്ത് 2022ല്‍ പ്രതീക്ഷിക്കുന്ന മൂന്ന് കാര്യങ്ങള്‍ പങ്കുവെക്കുന്നു മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്.
കോവിഡിനൊപ്പമുള്ള മറ്റൊരു വര്‍ഷം കൂടി നാം താണ്ടുകയാണ്. ഇക്കാലത്ത് അനിതരസാധാരണമായ മാറ്റങ്ങളാണ് ലോകത്തുണ്ടായത്. മാത്രമല്ല മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഉള്‍ക്കൊള്ളാനുള്ള ശ്രമങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ തുടരുന്നതിനാല്‍ 2022 നിര്‍ണായക വര്‍ഷം തന്നെയാണ്. രാജ്യ ജനസംഖ്യയില്‍ പൂര്‍ണ്ണമായും വാക്സിനേഷന്‍ നടത്തിയവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍, ഡിമാന്റ് ഉയരുമെന്നും ഗവണ്‍മെന്റിന്റെ ചെലവിടല്‍ കൂടുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
റിസര്‍വ് ബാങ്കും കേന്ദ്രവും സ്വീകരിച്ചിരിക്കുന്ന നടപടികളും ഡിജിറ്റൈസേഷനും ഇന്നൊവേഷനും പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചെത്താനുള്ള മാനുഷികത്വരയും എല്ലാം ക്രെഡിറ്റ് ഡിമാന്റ് ഉയര്‍ത്തുമെന്ന ശുഭപ്രതീക്ഷയാണുള്ളത്. ഫാം സെക്റ്ററിലെ ക്രെഡിറ്റ് ഡിമാന്റ് തുടരും.
അതുപോലെ തന്നെ ഏറ്റവും അധികം തിരിച്ചടി നേരിട്ട റിയല്‍ എസ്റ്റേറ്റ്, എംഎസ്എംഇ മേഖലയില്‍ തിരിച്ചുവരവ് അടുത്ത വര്‍ഷമുണ്ടായേക്കും. ഗവണ്‍മെന്റ് സ്പെന്‍ഡിംഗ് കൂടുന്നതോടെ കോര്‍പ്പറേറ്റ് ക്രെഡിറ്റ്, വെഹിക്ക്ള്‍ ഫിനാന്‍സ് മേഖലയിലെ ഡിമാന്റും ഉയര്‍ന്നു തുടങ്ങും.
സ്വര്‍ണപ്പണയ വായ്പ വര്‍ധിക്കും
സമ്പദ്വ്യവസ്ഥയില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ട് വരുമ്പോള്‍ ഫണ്ടിന്റെ ഡിമാന്റും ഉയരും. ഞങ്ങളുടെ സ്വര്‍ണപ്പണയ ഇടപാടുകാര്‍ പൊതുവേ ചെറുകിട ബിസിനസ്സുകാര്‍, കച്ചവടക്കാര്‍, കട ഉടമകള്‍ തുടങ്ങിയവരൊക്കെയാണ്. കാര്യങ്ങള്‍ മെച്ചപ്പെട്ട് വരുമ്പോള്‍ ഇവര്‍ക്ക് കൂടുതല്‍ സ്റ്റോക്ക് കരുതാന്‍ കൂടുതല്‍ ഫണ്ട് വേണ്ടിവരും. മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന ഗോള്‍ഡ് ലോണ്‍ 2020 മാര്‍ച്ചില്‍ 4.08 ലക്ഷം കോടി രൂപയായിരുന്നുവെങ്കില്‍ 2021 സെപ്തംബറില്‍ അത് 5.47 ലക്ഷം കോടി രൂപയായി. അതായത്, കോവിഡ് മഹാമാരിക്കാലത്തും ഗോള്‍ഡ് ലോണ്‍ ഡിമാന്റ് കൂടിവരികയായിരുന്നു. 2022ലും ആ പ്രവണത തുടരുമെന്നുതന്നെയാണ് ഞങ്ങളുടെ നിഗമനം.
റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടികള്‍ മൂലം ബാങ്കിംഗ് മേഖലയില്‍ ശുദ്ധീകരണ പ്രക്രിയയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഭൂരിഭാഗം സ്വകാര്യ ബാങ്കുകള്‍ക്കും മതിയായ മൂലധനമുണ്ടെങ്കിലും പൊതുമേഖലാ ബാങ്കുകള്‍ക്ക് ഇനിയും കാപ്പിറ്റല്‍ ഇന്‍ഫ്യുഷന്‍ വേണ്ടിവരും.
കൂടുതല്‍ മൂലധനം വേണ്ടിവരും
ബാങ്കിംഗ് സേവനങ്ങള്‍ മതിയായ തോതില്‍ ലഭിക്കാത്ത/ ഇതുവരെ കടന്നെത്താത്തവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ നിര്‍ണായക പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. മതിയായ മൂലധനമുള്ള, കുറ്റമറ്റ നടത്തിപ്പ് സംവിധാനമുള്ള, സന്തുലിതമായ വളര്‍ച്ചാ തന്ത്രം പിന്തുടരുന്ന, ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ വളരെ നേരത്തെ തന്നെ ഉള്‍ച്ചേര്‍ത്തിട്ടുള്ള എന്‍ ബി എഫ് സികള്‍ തുടര്‍ന്നും മികച്ച പ്രകടനം കാഴ്ചവെക്കും.
എന്‍ ബി എഫ് സി മേഖലയില്‍ അടുത്തിടെ റിസര്‍വ് ബാങ്ക് കൊണ്ടുവന്ന സ്‌കെയ്ല്‍ അധിഷ്ഠിത ചട്ടങ്ങളും പിസിഎ നിബന്ധനകളും, എന്‍ ബി എഫ് സി മേഖലയില്‍ വകയിരുത്തലും (പ്രൊവിഷനിംഗ്) മൂലധന ആവശ്യങ്ങളും വര്‍ധിക്കാന്‍ ഇടയാക്കും. മത്സരം, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍, കൂടുതല്‍ മൂലധനം ആവശ്യമായി വരുക തുടങ്ങിയ ഘടകങ്ങള്‍ എന്‍ ബി എഫ് സി മേഖലയിലെ കണ്‍സോളിഡേഷന് വഴിവെയ്ക്കും.
2021ല്‍, ആ വര്‍ഷം സമ്മാനിച്ച വെല്ലുവിളികള്‍ കൊണ്ടുകൂടിയാകാം, ഫിന്‍ടെക് സെക്റ്റര്‍ മികച്ച വളര്‍ച്ചയാണ് കാഴ്ചവെച്ചത്. ഒട്ടനവധി സ്റ്റാര്‍ട്ടപ്പുകള്‍ ആ രംഗത്തുണ്ടായി. ഡിജിറ്റല്‍ പേയ്മെന്റ്സ്, പേപ്പര്‍ലെസ് ബാങ്കിംഗ്, മൊബീല്‍ വാലറ്റ്സ്, ട്രേഡിംഗ് ആപ്ലിക്കേഷന്‍സ് എന്നിവയിലെല്ലാം ഫിന്‍ടെക്കുകള്‍ക്ക് അവസരങ്ങളുണ്ട്. ഫിക്കിയുമായി ചേര്‍ന്ന് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് നടത്തിയ പഠനം വെളിപ്പെടുത്തുന്നത് 2025ല്‍ ഇന്ത്യന്‍ ഫിന്‍ടെക് മേഖലയുടെ മൂല്യം 150-160 ബില്യണ്‍ യുഎസ് ഡോളര്‍ ആയേക്കുമെന്നാണ്.
കൂടുതല്‍ കൂടുതല്‍ ബാങ്കുകളും എന്‍ ബി എഫ് സികളും അവയുടെ ബിസിനസ് മോഡലില്‍ ഡിജിറ്റല്‍ സൊലൂഷനുകള്‍ ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായി ഫിന്‍ടെക് കമ്പനികളുമായി പങ്കാളിത്തത്തിലേര്‍പ്പെടുന്നതിനും നാം സാക്ഷ്യം വഹിക്കും.
ബാങ്കുകളും എന്‍ ബി എഫ് സികളും അഭിമുഖീകരിക്കുന്ന മത്സരവും മഹാമാരിയുടെ തുടര്‍ പ്രകമ്പനങ്ങളും കൂടുതല്‍ സുസ്ഥിരവും പാര്‍ട്ടിസിപ്പേറ്ററിയുമായ ബാങ്കിംഗ് മോഡലുകളിലേക്കുള്ള മാറ്റത്തിന് പ്രേരണ ചെലുത്തുന്നുണ്ട്.
കോര്‍പ്പറേറ്റ് ക്ലയന്റുകളുടെയും എസ് എം ഇകളുടെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിറവേറ്റാന്‍ ബാങ്കുകളും എന്‍ ബി എഫ് സികളും ഇനി ഏറെ മാറ്റങ്ങള്‍ക്ക് വിധേയമാകേണ്ടി വരും. പുതിയ ഡാറ്റ മൈനിംഗ് രീതികള്‍ അവലംബിച്ചും ടെക് അധിഷ്ഠിത സേവന മോഡിലേക്ക് മാറിക്കൊണ്ടുമൊക്കെ മാത്രമേ പുതിയ ഇടപാടുകാരുടെ ആവശ്യങ്ങളോട് അതിവേഗം പ്രതികരിക്കാന്‍ സാധിക്കൂ.
പലിശ നിരക്കുകള്‍ ഉയരും
കേന്ദ്ര ബാങ്കുകള്‍ ഇതുവരെ പണനയത്തില്‍ സ്വീകരിച്ചിരുന്ന മൃദുസമീപനം പിന്‍വലിക്കുന്നത് ആഗോള ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റുകളെ എങ്ങനെയാകും സ്വാധീനിക്കുക എന്നതാണ് 2022ല്‍ ഉറ്റുനോക്കേണ്ട മറ്റൊരു കാര്യം. അടുത്തിടെ യുഎസ് ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി തീരുമാനങ്ങള്‍ സൂചിപ്പിക്കുന്നത് 2022 മാര്‍ച്ചോടെ ക്വാണ്ടിറ്റേറ്റീവ് ഈസിംഗ് അവസാനിപ്പിച്ചേക്കുമെന്നാണ്.
പലിശ നിരക്ക് വര്‍ധന നേരത്തെ പ്രതീക്ഷിച്ചിരുന്ന 2022 ജൂണിന് മുമ്പേ, മാര്‍ച്ചില്‍ തന്നെ തുടങ്ങിയേക്കും. ഇന്ത്യയില്‍ ഇതുവരെ, റിസര്‍വ് ബാങ്ക് രാജ്യത്തെ തിരിച്ചുവന്നുകൊണ്ടിരിക്കുന്ന വളര്‍ച്ചയെ പിന്തുണയ്ക്കുന്ന നയങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്.
എന്നിരുന്നാലും പണനയത്തില്‍ മാറ്റങ്ങള്‍ വരാനും 2022ല്‍ പലിശ നിരക്കുകള്‍ വര്‍ധിക്കാനുമുള്ള സാധ്യതയുണ്ട്.
2022 മധ്യത്തോടെ റിസര്‍വ് ബാങ്കിന്റെ ആദ്യ പലിശ നിരക്ക് വര്‍ധന വന്നേക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.ഇന്നൊവേഷന്‍, അഡാപ്റ്റിബിലിറ്റി, ഡെവലപ്മെന്റ് എന്നിങ്ങനെ മൂന്നുകാര്യങ്ങളാകും ഓരോ പ്രസ്ഥാനത്തെയും വളര്‍ച്ചാപാതയില്‍ ഗതിവേഗം കൈവരിക്കാന്‍ ഏറെ സഹായിക്കുക.