ക്രെഡിറ്റ് കാര്‍ഡ് വരുത്തിവെച്ച ബാധ്യതയില്‍ നിന്നും രക്ഷനേടണോ? ഈ വഴികള്‍ സഹായിക്കും
തിരിച്ചടവ് തിയതി കഴിഞ്ഞാല്‍ വന്‍ പലിശ നല്‍കേണ്ടി വരുന്നു എന്നതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കടം കൂട്ടും, മനസ്സമാധാനവും കളയും. ക്രെഡിറ്റ് കാര്‍ഡ് വരുത്തി വെച്ച ബാധ്യതയില്‍ നിന്ന് പുറത്തു കടക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില പ്രായോഗിക വഴികള്‍ നോക്കാം.
സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കാലത്ത് ഇന്ന് പലരുടെയും വീട്ടുചെലവുകള്‍ക്ക് പോലും രക്ഷയാകുന്നത് ക്രെഡിറ്റ് കാര്‍ഡുകളാണ്. എന്നാല്‍ വരുമാനം പ്രതീക്ഷിച്ച പോലെ ഇല്ലാതിരിക്കുമ്പോള്‍ ഇത് തിരിച്ചടയ്ക്കാന്‍ കഴിയണമെന്നില്ല. ജോലി നഷ്ടപ്പെട്ട് പോയവര്‍ പലരും ക്രെഡിറ്റ് കാര്‍ഡിന്റെ കടത്തെയാണ് ഇന്ന് ഭയക്കുന്നത്. തിരിച്ചടവ് തിയതി കഴിഞ്ഞാല്‍ വന്‍ പലിശ നല്‍കേണ്ടി വരുന്നു എന്നതിനാല്‍ കടം പെരുകാനുള്ള കാരണം. ക്രെഡിറ്റ് കാര്‍ഡ് വരുത്തി വെച്ച ബാധ്യതയില്‍ നിന്ന് പുറത്തു കടക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില പ്രായോഗിക വഴികള്‍ നോക്കാം.
ബാലന്‍സ് ട്രാന്‍സ്ഫറും സ്‌നോബോളും
ഒരു കാര്‍ഡിലെ ബാധ്യത മറ്റൊരു കാര്‍ഡിലേക്ക് മാറ്റാനുള്ള സൗകര്യം പല ബാങ്കുകളും നല്‍കുന്നുണ്ട്. പലിശ നിരക്ക് കുറഞ്ഞ കാര്‍ഡുകളിലേക്ക് ബാധ്യത മാറ്റുന്നതിലൂടെ പണം തിരിച്ചടവിന് കൂടുതല്‍ സമയം ലഭിക്കുമെന്ന് മാത്രമല്ല തിരിച്ചടവ് മുടങ്ങിയാല്‍ തന്നെ കുറഞ്ഞ പലിശ നല്‍കിയാല്‍ മതിയെന്ന നേട്ടവുമുണ്ട്.
ഇനി തിരിച്ചടവ് ഭാരം കുറയ്ക്കുന്നതിനായി കടം പടിപടിയായി അടച്ചു തീര്‍ക്കുന്ന സ്‌നോബോള്‍ രീതി നോക്കാം. ചെറിയ കടങ്ങള്‍ ആദ്യം വീട്ടാം. ഒരു കാര്‍ഡില്‍ ചെറിയൊരു തുക മാത്രമാണ് തിരിച്ചടക്കാനുള്ളതെങ്കിലും അത് വീട്ടിയാല്‍ ക്രെഡിറ്റ് സ്‌കോറും ക്രെഡിറ്റ് യുട്ടിലൈസേഷന്‍ റേഷ്യോയും മെച്ചപ്പെടും.
വായ്പകള്‍ സഹായിക്കും ഇങ്ങനെ
ബാധ്യത തീര്‍ക്കാന്‍ വ്യക്തിഗത വായ്പ എടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ പൊതുവേ സാമ്പത്തിക വിദഗ്ധര്‍ ഇത് നിര്‍ദ്ദേശിക്കാറില്ല. കാരണം പലിശയുടെ കാര്യത്തില്‍ വ്യക്തിഗത വായ്പയും പിന്നിലല്ല എന്നതു തന്നെ. എന്നിരിക്കിലും കടം പെരുകിയിട്ടുണ്ടെങ്കില്‍ മടിക്കാതെ ഈ വഴിയും തെരഞ്ഞെടുക്കാം. 36 മുതല്‍ 40 ശതമാനം വരെയാണ് ക്രെഡിറ്റ് കാര്‍ഡ് പണം തിരിച്ചടവ് മുടങ്ങിയാല്‍ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ ഈടാക്കുക. അതേസമയം 11 മുതല്‍ 24 ശതമാനം വരെ നിരക്കില്‍ വ്യക്തിഗത വായ്പകള്‍ ലഭ്യമാകും.
ക്രെഡിറ്റ് കാര്‍ഡ് ബാധ്യത തീര്‍ക്കാനുള്ള മറ്റൊരു വഴിയാണ് പലിശ കുറഞ്ഞതും നിലവിലുള്ളതുമായ ഭവന വായ്പ ടോപ്പ് അപ്പ് ചെയ്യുക എന്നത്. തുടര്‍ച്ചയായി രണ്ടു വര്‍ഷം മുടങ്ങാതെ തിരിച്ചടവ് നടത്തുന്ന ഭവന വായ്പകള്‍ എളുപ്പത്തില്‍ ടോപ് അപ്പ് ചെയ്ത് കൂടുതല്‍ വായ്പാ തുക നേടാനാകും. എന്നാല്‍ ഭവന വായ്പയുടെ നിരക്കില്‍ തന്നെ ഇത് ലഭ്യമാകുമെങ്കിലും ഇതിലൂടെ നികുതിയിളവ് ലഭ്യമാകില്ല.
നിക്ഷേപം ഉപയോഗിക്കാം
മറ്റൊരുമാര്‍ഗമില്ലാത്തപ്പോള്‍ നീക്കിയിരിപ്പുകള്‍ കടം തീര്‍ക്കാനായി ഉപയോഗിക്കാം. മറ്റൊരു വഴിയും ഇല്ലെങ്കില്‍ മാത്രം തെരഞ്ഞെടുക്കാവുന്ന വഴിയാണിത് എന്ന് ഓര്‍ക്കുക. നിങ്ങളുടെ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശയേക്കാള്‍ ഉയര്‍ന്നതാണ് ക്രെഡിറ്റ് കാര്‍ഡ് പലിശയെന്നതു കൊണ്ടു തന്നെ ക്രെഡിറ്റ് കാര്‍ഡ് ബാധ്യത തീര്‍ക്കുന്നതിന് ആദ്യപരിഗണന നല്‍കണം. കടം തീര്‍ക്കാന്‍ സ്ഥിര നിക്ഷേപമോ ഓഹരിവിപണിയിലെ നിക്ഷേപമോ സ്വര്‍ണം വിറ്റുകിട്ടുന്ന പണമോ ഗോള്‍ഡ് ലോണുകളോ സഹായകമാകും. ക്രെഡറ്റ് കാര്‍ഡ് ബില്ലുകളും മുടങ്ങുന്ന സാഹചര്യങ്ങളും ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്നതും ഒഴിവാക്കാം.