അക്കൗണ്ട് മാറി ഈ ബാങ്ക് നിക്ഷേിച്ചത് 829 കോടി രൂപ!
649 കോടി രൂപ തിരിച്ചു പിടിച്ചു, കാരണം ഇതാണ്
അക്കൗണ്ട് മാറി പണം നഷ്ടപ്പെടുന്ന സംഭവം പുതിയതല്ല. ഇടപാടുകാര്‍ക്കു മാത്രമല്ല ബാങ്കുകള്‍ക്കും ഇത്തരത്തില്‍ അബദ്ധം പറ്റാറുണ്ട്. ഇപ്പോള്‍ ഇതാ പൊതുമേഖലാ ബാങ്കായ യൂകോ ബാങ്ക് അത്തരത്തിലൊരു അബദ്ധത്തില്‍പെട്ടിരിക്കുകയാണ്. ആയിരമോ പതിനായിരമോ അല്ല, 829 കോടി രൂപയാണ് അക്കൗണ്ട് മാറി യൂകോ ബാങ്ക് നിക്ഷേപിച്ചത്.
ഉടനടി പണം കൈമാറ്റ സേവനത്തിലൂടെയാണ് (Immediate Payment Service /IMPS) 829 കോടി രൂപ യൂക്കോ ബാങ്ക് തെറ്റായ അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ചെയ്തത്.
സാങ്കേതിക തകരാര്‍ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് വ്യക്തമാക്കിയ ബാങ്ക് 649 കോടി രൂപ തിരിച്ചു പിടിച്ചതായും അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ള 171 കോടി രൂപ തിരിച്ചു പിടിക്കുന്നതിനുള്ള നടപടികളും ബാങ്ക് സ്വീകരിച്ചിട്ടുണ്ട്. ഹാക്കിംഗ് ശ്രമങ്ങളോ മാനുഷികമായ തെറ്റുകളോ ആയിരിക്കാം ഇതിനു പിന്നിലെന്നും ബാങ്ക് പറയുന്നു.
നവംബര്‍ 10 മുതല്‍ 13 വരെയാണ് ചില യൂക്കോ ബാങ്ക് ഇടപാടുകാരുടെ അക്കൗണ്ടിലേക്ക് മറ്റ് ബാങ്കുകളില്‍ നിന്ന് പണംഅയക്കാതെ തന്നെ ക്രെഡിറ്റ് ആയത്. തകരാര്‍ കണ്ടെത്തിയതിനു പിന്നാലെ ഐ.എം.പി.എസ് സംവിധാനം തല്‍ക്കാലത്തേക്ക് ഓഫ്‌ലൈന്‍ ആക്കിയിരുന്നു. നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും എല്ലാ സേവനങ്ങളും പ്രവര്‍ത്തനസജ്ജമാണെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.
2023 സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 625 കോടി രൂപയാണ് യൂകോ ബാങ്കിന്റെ ലാഭം. പ്രവര്‍ത്തന ലാഭം 2,184 കോടി രൂപയും. ബാങ്കിന്റെ മൊത്തെ ബിസിനസ് 10.56 ശതമാനം വര്‍ധിച്ച് 4.17 ലക്ഷം കോടി രൂപയുമായി.