ഉപയോക്താക്കളെയും കച്ചവടക്കാരെയും വെട്ടിലാക്കി യു.പി.ഐയുടെ 'പണിമുടക്ക്'; പ്രശ്‌നം ബാങ്കുകള്‍ക്കെന്ന് എന്‍.പി.സി.ഐ

സോഷ്യല്‍മീഡിയയില്‍ ആശങ്ക പങ്കുവെച്ച് നിരവധി പേര്‍

Update: 2024-02-07 11:01 GMT

Image : Canva and NPCI

യു.പി.ഐ ഇടപാടുകളില്‍ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് വെട്ടിലായി കച്ചവടക്കാരും ഉപയോക്താക്കളും. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് യു.പി.ഐ ഇടപാടുകളില്‍ പ്രശ്‌നങ്ങള്‍ നേരിട്ട് തുടങ്ങിയത്. പ്രശ്‌നം രൂക്ഷമായതോടെ പല ഉപയോക്താക്കള്‍ക്കും കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനാകാതെ തിരിച്ചുപോകേണ്ടി വന്നു.

ഇത് പല കച്ചവട സ്ഥാപനങ്ങളേയും ഏറെ ബുദ്ധിമുട്ടിലാക്കി. കച്ചവടം കുറഞ്ഞു. പിന്നാലെ യു.പി.ഐ ഇടപാടുകള്‍ നടത്താന്‍ കഴിയുന്നില്ലെന്ന പരാതിയുമായി നിരവധി പേര്‍ രംഗത്തെത്തി. സോഷ്യല്‍മീഡിയയില്‍ ആശങ്ക പങ്കുവെച്ച് ഒട്ടേറെ പേര്‍ പോസ്റ്റിട്ടിരുന്നു.ഇതോടെ വിശദീകരണവുമായി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) രംഗത്തെത്തി.

ചില ബാങ്കുകളുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക തകരാറുകളെ തുടര്‍ന്നാണ് ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നതെന്ന് എന്‍.പി.സി.ഐ വ്യക്തമാക്കി. എന്‍.പി.സി.ഐ സംവിധാനത്തില്‍ യാതൊരുവിധ പ്രശ്നങ്ങളുമില്ല. സാങ്കേതിക തകരാര്‍ നേരിടുന്ന ബാങ്കുകളുമായി ചേര്‍ന്ന് പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണുമെന്നും എന്‍.പി.സി.ഐ അറിയിച്ചു.


Tags:    

Similar News