യു.പി.ഐ ഇടപാടുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തി ബാങ്കുകള്‍
എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ, ഐസി.ഐ.സി.ഐ തുടങ്ങിയ ബാങ്കുകളാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്
എന്തിനും ഏതിനും യു.പി.ഐ(യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ്) വഴി പണമയയ്ക്കാന്‍ നോക്കിയാല്‍ ഇനി നടക്കില്ല. യു.പി.ഐ ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബാങ്കുകള്‍.
നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) 2016 ല്‍ യു.പി.ഐ അവതരിപ്പിച്ചതു മുതല്‍ ഇതു വഴിയുള്ള പണമിടപാടുകള്‍ കുതിച്ചുയരുകയാണ്. 2022-23 സാമ്പത്തിക വര്‍ഷത്തിലാകെ 8,376 കോടി ഇടപാടുകള്‍ യു.പി.ഐ വഴി നടന്നു. ഇടപാട് മൂല്യം 139 ലക്ഷം കോടി രൂപ. കഴിഞ്ഞ മാസത്തില്‍ മാത്രം 14.89 ലക്ഷം കോടി രൂപ കൈമാറ്റം ചെയ്തു. ഇപ്പോള്‍ എച്ച്.ഡി.എഫ്.സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ), ഐ.സി.ഐസി തുടങ്ങിയ ബാങ്കുകള്‍ യു.പി.ഐ ഇടപാടുകള്‍ക്ക് പരിധി നിശ്ചയിച്ചിരിക്കുകയാണ്.
ബാങ്കുകള്‍ക്കനുസരിച്ച് വ്യത്യാസം
എന്‍.പി.സി.ഐയുടെ നിര്‍ദേശ പ്രകാരം നിലവില്‍ പ്രതിദിനം ഒരു ലക്ഷം രൂപയാണ് യു.പി.ഐ വഴി നടത്താവുന്ന ഇടപാട്. എന്നാല്‍ ബാങ്കുകള്‍ക്കനുസരിച്ച് ഇതില്‍ വ്യത്യാസമുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക് പ്രതിദിനം പരമാവധി 50,000 രൂപ വരെയാണ് യു.പി.ഐ വഴി ഇടപാട് നടത്താന്‍ അനുവദിക്കുന്നത്. അതേ സമയം രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ ദിവസേന ഒരു ലക്ഷം രൂപ വരെയുള്ള യു.പി.ഐ ഇടപാടുകള്‍ അനുവദിക്കും. കാനറാ ബാങ്കിലും പ്രതിദിന പരിധി ഒരു ലക്ഷം രൂപയാണ്.