ജോലി സമ്മര്‍ദ്ദത്തില്‍ ഉരുകി ബാങ്ക് ജീവനക്കാര്‍ കെണിയൊരുക്കുന്നത് 'ഉട്ടോപ്യന്‍' ടാര്‍ഗറ്റുകള്‍

ബാങ്കിന്റെ ശാഖ നിലനില്‍ക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതകള്‍ പോലും കണക്കാക്കാതെ നല്‍കുന്ന ടാര്‍ഗറ്റുകള്‍ മാനേജര്‍മാരെ കുരുക്കിലാക്കുന്നു

Update:2021-04-12 16:51 IST

ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കുറച്ചു വര്‍ഷങ്ങളായി സമ്മര്‍ദത്തിന്റെ തീച്ചൂളയിലാണ്. ഏറ്റവും മികച്ച പ്രൊഫഷനായി കണ്ട് ബാങ്കിംഗ് തിരഞ്ഞെടുത്തവര്‍ പലരും പിന്തിരിഞ്ഞോടാന്‍ വെമ്പി നില്‍ക്കുന്നു. സമ്മര്‍ദം സഹിക്കാന്‍ കഴിയാതെ ചിലര്‍ ആത്മഹത്യ ചെയ്യുന്നു. 2015ന് ശേഷം രാജ്യത്ത് പ്രതിവര്‍ഷം ശരാശരി 100 ബാങ്ക് ജീവനക്കാര്‍ ആത്മഹത്യ ചെയ്യുന്നതായാണ് കണക്ക്. കഴിഞ്ഞ രണ്ടു കൊല്ലത്തിനുള്ളില്‍ ആത്മഹത്യകളുടെ എണ്ണം പിന്നെയും വര്‍ധിച്ചിട്ടുണ്ട്. തൊഴില്‍ സമ്മര്‍ദം താങ്ങാന്‍ കഴിയാതെ രാജ്യത്തെമ്പാടും മരണപ്പെട്ടുകൊണ്ടിരിക്കുന്നവരുടെ കൂട്ടത്തില്‍ ഏറ്റവും പുതിയ പേരാണ് കാനറാ ബാങ്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജര്‍ കെ എസ് സ്വപ്‌നയുടേത്. സ്വപ്‌നയുടെ ആത്മഹത്യയിലേക്ക് നയിച്ച താങ്ങാനാകാത്ത ജോലി സമ്മര്‍ദത്തെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. കാനാറാ ബാങ്കിന്റെ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജരോടും റീജനല്‍ മാനേജറോടും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. സ്‌റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റിയോടും ബാങ്കുകളിലെ ജോലി സമ്മര്‍ദത്തെക്കുറിച്ച് നാലാഴ്ചക്കകം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു മാസം മുമ്പ് ഗുരുവായൂരിലും എട്ടു മാസം മുമ്പാ പാലക്കാടും ഇതേ കാരണത്താല്‍ ജീവനക്കാര്‍ ജീവനൊടുക്കിയിട്ടുള്ള പശ്ചാത്തലത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ വിഷയം ഗൗരവ പൂര്‍വം കാണുകയാണെന്നാണ് കമ്മീഷന്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ പി എം ബിനുകുമാര്‍ പറഞ്ഞത്.

വീട് വെയ്ക്കുന്നവരില്ല, പക്ഷേ ഭവനവായ്പയുടെ ടാര്‍ഗറ്റ് തികയ്ക്കണം

ടാര്‍ഗറ്റ് തികയ്ക്കുന്നതിന് ഭഗീരഥ പ്രയത്‌നം നടത്തേണ്ടിവരുന്ന ജീവനക്കാരുടെ ജോലി സമ്മര്‍ദത്തിന്റെ ചിത്രം വ്യക്തമാക്കുന്ന ഒരു സംഭവം വിവരിക്കാം. ഹൗസിംഗ് ലോണ്‍ നല്‍കുന്നതിനുള്ള ടാര്‍ജറ്റ് കൈവരിക്കാന്‍ കഴിയാത്തതിന് ഒരു ബാങ്ക് ഒരു മാനേജര്‍ക്ക് അടുത്തിടെ മേലധികാരികളുടെ ചാര്‍ജ്് ഷീറ്റ് ലഭിച്ചു. കൊറോണ തകര്‍ത്ത സമ്പദ്‌വ്യവസ്ഥ തലകുത്തി നില്‍ക്കുകയും റിയല്‍ എസ്‌റ്റേറ്റ് മേഖല തകര്‍ന്നു കിടക്കുകയും ചെയ്യുന്ന സമയത്ത് ഹൗസിംഗ് ലോണിന് ടാര്‍ഗറ്റ് നല്‍കിയിരിക്കുന്നത് നിര്‍മാണങ്ങള്‍ക്ക് വിലക്കുള്ള പരിസ്ഥിതി ലോല പ്രദേശമായ തീരദേശത്തെ ബ്രാഞ്ചിന്റെ മാനേജര്‍ക്കാണ്. ടാര്‍ഗറ്റ് കൈവരിക്കാന്‍ കഴിയാത്തതിന് അദ്ദേഹം ബാങ്കിന് വിശദീകരണം നല്‍കി. തന്റെ ബ്രാഞ്ച് പരിസ്ഥിതി ലോല മേഖലയിലാണെന്നും ഇവിടെ നിര്‍മാണങ്ങള്‍ക്ക് വിലക്ക് ഉള്ളതാണെന്നും സ്വന്തമായി ആധാരമില്ലാത്തവരാണ് ഭൂരിഭാഗം ജനങ്ങളുമെന്നും അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ വിശദീകരണം തൃപ്തികരമല്ലെന്നും താങ്കളുടെ രണ്ട് ഇന്‍ക്രിമെന്റുകള്‍ കട്ട് ചെയ്യുകയാണെന്നുമാണ് മേലധികാരികള്‍ അറിയിച്ചത്.

കാരണങ്ങള്‍ ആഴത്തില്‍ വേരോടിയത്

രാജ്യത്തെ ഏറ്റഴും ആകര്‍ഷകമായ പ്രൊഫഷനായ ബാങ്കിംഗ് മേഖലയില്‍ ഇത്രയധികം സമ്മര്‍ദം രൂപപ്പെട്ടതിന് ഒരു ചരിത്ര പശ്ചാത്തലമുണ്ട്. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യന്‍ വ്യവസായത്തെ സംരക്ഷിക്കുന്നതിന് തകര്‍ച്ച നേരിടുന്ന വ്യവസായ മേഖലകള്‍ക്ക് ഉദാരമായി വായ്പ കൊടുക്കാന്‍ 2010 കാലഘട്ടത്തിലെ ഗവണ്‍മെന്റുകള്‍ പൊതുമേഖലാ ബാങ്കുകളോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നല്‍കിയ വായ്പകളാണ് പിന്നീട് കിട്ടാക്കടങ്ങളായി ബാങ്കുകളെ തിരിച്ച് വേട്ടയാടിയത്. എന്നാല്‍ കിട്ടാക്കടം പെരുകിയതോടെ പാപഭാരം മുഴുവന്‍ പൊതുമേഖലാ ബാങ്കുകളുടെ ചുമലിലായി. കിട്ടാക്കടങ്ങളുടെ 10 മുതല്‍ 25 ശതമാനം വരെ ട്രിബ്യൂണല്‍ വഴി ഈടാക്കി ബാക്കി തുക എഴുതിത്തള്ളുന്ന നടപടിയാണ് പിന്നീടുണ്ടായത്. ഇതിന്റെ ഫലമായി പൊതുമേഖലാ ബാങ്കുകള്‍ക്കുണ്ടാകുന്നത് താങ്ങാനാകാത്ത ഭാരമാണ്. ബാങ്കുകള്‍ കഴിഞ്ഞ പത്തു വര്‍ഷം കൊണ്ടുണ്ടാക്കിയ ലാഭം മുഴുവന്‍ കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളുന്നതിനായി വിനിയോഗിക്കേണ്ടിവരുന്നു. ഈ വരുമാന നഷ്ടം നികത്തുന്നതിന് ബാങ്ക് മാനേജ്‌മെന്റുകള്‍ കണ്ടെത്തിയ എളുപ്പവഴിയാണ് ജീവനക്കാരെ എടുത്താല്‍ പൊങ്ങാത്ത ജോലി ഭാരത്തിലേക്കും കടുത്ത സമ്മര്‍ദത്തിലേക്കും നയിച്ചത്. ഇന്‍ഷുറന്‍സ് പ്രോഡക്ടുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ മുതല്‍ ഫാസ്ടാഗ് വരെ വില്‍ക്കുന്നതു പോലുള്ള നടപടികളിലേക്ക് ബാങ്കുകള്‍ നീങ്ങി. എക്കൗണ്ടില്‍ പണമുള്ള ആളുകളെ കണ്ടുപിടിച്ച് അവരെ നിര്‍ബന്ധമായും ഇതില്‍ ചേര്‍ക്കുക, വായ്പയെടുക്കുന്നവരെ നിര്‍ബന്ധമായും ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ കൊണ്ടുവരിക തുടങ്ങിയ ചുമതലകളെല്ലാം ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് അധിക ജോലികളായി ചെയ്യേണ്ടിവന്നു. ഇതിനായി ഉന്നത ഉദ്യോഗസ്ഥര്‍ ടാര്‍ജറ്റ് നല്‍കുന്നുണ്ട്. പുതിയ ചുമതലയുടെ ഭാരം മുഴുവന്‍ താഴേക്കിടയിലുള്ള ഉദ്യോഗസ്ഥരുടെ ചുമലിലേക്ക് എടുത്തു വെച്ചുകൊടുക്കുകയാണ് മേലധികാരികള്‍ ചെയ്യുന്നത്.
ബാങ്ക് ലയനവുമായി ബന്ധപ്പെട്ടും ജീവനക്കാര്‍ കടുത്ത സമ്മര്‍ദം അഭിമുഖീകരിക്കുന്നുണ്ട്. ബാങ്ക് ലയനത്തിന്റെ ഭാഗമായി അടച്ചു പൂട്ടാന്‍ തീരുമാനിച്ച ബ്രാഞ്ചുകളിലെ ജീവനക്കാര്‍ക്കും ടാര്‍ഗറ്റ് നിശ്ചയിച്ചു നല്‍കുകയാണ് മാനേജ്‌മെന്റുകള്‍. മുകളിലിരിക്കുന്നവര്‍ യാതൊരു പ്രായോഗികതയുമില്ലാതെ അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാതെ നല്‍കുന്ന ഇത്തരം ടാര്‍ഗറ്റുകള്‍ ജീവനക്കാരില്‍ ഏല്‍പിക്കുന്ന ആഘാതം ചെറുതല്ലെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അഖിലേന്ത്യാ പ്രസിഡണ്ട് ജെ നന്ദകുമാര്‍ പറയുന്നു.

ബാങ്കുകളിലെ തലമുറ മാറ്റം

2010വരെ ബാങ്കുകളില്‍ നിയമന നിരോധനം നിലനിന്നിരുന്നു. 2010ന് ശേഷമാണ് നിയമനങ്ങള്‍ പുനരാരംഭിക്കുന്നത്. അതിന് ശേഷം ബാങ്കിംഗ് മേഖലയിലേക്ക് കടന്നുവന്നവരില്‍ അധികവും എഞ്ചിനീയറിംഗ് ബിരുദധാരികളടക്കമുള്ളവരാണ്. കോംപിറ്റിറ്റീവ് ടെസ്റ്റ് എഴുതിയാണ് ഇവര്‍ ബാങ്കുകളില്‍ ജോലി നേടുന്നത്. പഠിച്ചതും പ്രയോഗിക്കുന്നതും തമ്മില്‍ ബന്ധമില്ലാതെ വരുമ്പോഴുള്ള പ്രശ്‌നങ്ങള്‍ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. ഇപ്പോള്‍ ബാങ്കിംഗ് മേഖലയിലുള്ള തൊഴില്‍ ശക്തിയുടെ ഏതാണ്ട് 80 ശതമാനം വരെ 2010ന് ശേഷം ബാങ്കില്‍ വന്ന പത്തുവര്‍ഷത്തെ സര്‍വീസുള്ളവരാണ്. ഇക്കാലയളവിലാണ് ബാങ്കുകള്‍ പരമ്പരാഗത ബിസിനസില്‍ നിന്ന് മാറി ഫിനാന്‍ഷ്യല്‍ സൂപ്പര്‍മാര്‍ക്കറ്റുകളായി മാറിയത്. പുതുതായി ബാങ്കിംഗ് മേഖലയിലേക്ക് കടന്നുവരുന്നവര്‍ക്ക് ഇതനോട് മാനസികമായി പൊരുത്തപ്പെടാന്‍ പലപ്പോഴും കഴിയാറില്ല. ഇതിന്റെ സമ്മര്‍ദം മുഴുവന്‍ അവര്‍ അനുഭവിക്കേണ്ടിവരുന്നു.

85 ശതമാനം ജീവനക്കാരും ജോലി സമ്മര്‍ദത്തില്‍

ഭൂരിപക്ഷം ബാങ്ക് ജീവനക്കാരും തൊഴിലുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരാണെന്ന് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് റിസര്‍ച്ച് നടത്തിയ സര്‍വെ വ്യക്തമാക്കുന്നു. 85 ശതമാനം ജീവനക്കാരും ജോലിസമയം കഴിഞ്ഞും ജോലിയെടുക്കാന്‍ നിര്‍ബന്ധിതരാണ്. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതു മൂലം അമിതമായി ജോലി ചെയ്യേണ്ടിവരുന്നതാണ് പ്രധാനമായും സമ്മര്‍ദത്തിന് കാരണമാകുന്നത്. ബാങ്ക് ജീവനക്കാര്‍ക്ക് വേണ്ടത്ര ശാസ്ത്രീയ പരിശീലനം ലഭ്യമാക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക് സാധിക്കുന്നില്ല. 65 ശതമാനം പേരും ഇതുമൂലമുള്ള വിഷമതകള്‍ നേരിടുന്നവരാണ്. ഏല്‍പിക്കുന്ന ജോലികള്‍ ചെയ്ത് തീര്‍ക്കുന്നതിന് ആവശ്യമായ സമയം ലഭിക്കുന്നില്ലെന്നതാണ് മറ്റൊരു പ്രശ്‌നം. 61 ശതമാനം പേരും ഇത്തരത്തില്‍ തിരക്കിട്ട് ജോലി പൂര്‍ത്തിയാക്കേണ്ടിവരുന്നതിന്റെ ഫലമായുള്ള മാനസിക സമ്മര്‍ദം അനുഭവിക്കുന്നു. പകുതിയിലേറെ ബാങ്ക് ശാഖകളില്‍ ആവശ്യത്തിന് സംവിധാനങ്ങളില്ലാത്തത് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മേലുദ്യോഗസ്ഥരില്‍ നിന്നുള്ള പെരുമാറ്റം മൂലം സമ്മര്‍ദമനുഭവിക്കുന്നതായി ഭൂരിഭാഗത്തിനും പാതിയുണ്ട്. എന്തിനും കുറ്റപ്പെടുത്തുന്ന സമീപനം ബാങ്ക് അധികൃതരില്‍ നിന്നുണ്ടാകുന്നതായി 60 ശതമാനം ജീവനക്കാര്‍ക്കും പരാതിയുണ്ട്. ഏല്‍പിക്കപ്പെട്ട ചുമതലകള്‍ നിര്‍വഹിക്കുന്നതിന് വേണ്ട അധികാരമില്ലാതെ വരുന്നതും ജീവനക്കാരെ സമ്മര്‍ദത്തിനടിപ്പെടുത്തുന്നു. വിവേചന രഹിതമായ സ്ഥലംമാറ്റമാണ് 82 ശതമാനം ജീവനക്കാര്‍ക്കും മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഓഫീസര്‍ തസ്തികയില്‍ ജോലി ചെയ്യുന്നവരാണ് ഏറ്റവുമധികം സമ്മര്‍ദം അനുഭവിക്കുന്നത്. അതിനാല്‍ പ്രമോഷനെ ഭയത്തോടെ കാണുന്നവരാണ് 65 ശതമാനം ജീവനക്കാരും. 71 ശതമാനം ജീവനക്കാരും ജോലിയില്‍ തൃപ്തരല്ല. ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് എപ്പോഴും ആലോചിക്കുന്നവരാണവര്‍.

പരിഹാര നിര്‍ദേശങ്ങള്‍

ജീവനക്കാര്‍ക്ക് മാനസിക സമ്മര്‍ദമുണ്ടാകാത്ത വിധത്തില്‍ ജോലികള്‍ വീതിച്ചു നല്‍കുക, പ്രായോഗികമായി ടാര്‍ഗറ്റുകള്‍ നിശ്ചയിച്ചു നല്‍കുക, ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ അധികാരവും സമയവും അനുവദിക്കുക, സ്ഥിരമായോ താല്‍ക്കാലികമായോ കൂടുതല്‍ സ്റ്റാഫിനെ നിയോഗിക്കുക, ജീവനക്കാരുടെ ആത്മവിശ്വാസവും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിന് ശരിയായ രീതിയിലുള്ള ആശയവിനിമയത്തിന് പ്രാധാന്യം നല്‍കുക, ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനവും പ്രചോദനവും ലഭ്യമാക്കുക, മികച്ച പ്രകടനം നടത്തുന്ന ജീവനക്കാരെ പ്രശംസിക്കാന്‍ മേലധികാരികള്‍ മടികാണിക്കാതിരിക്കുക, ജീവനക്കാരുടെ താല്‍പര്യങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടുള്ള ട്രാന്‍സ്ഫര്‍ പോളിസി നടപ്പാക്കുക, ജീവനക്കാര്‍ക്ക് കൗണ്‍സലിംഗിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ട് അവരുടെ മാനസിക സമ്മര്‍ദം ലഘൂകരിക്കാന്‍ സഹായിക്കുക. മാനസിക സമ്മര്‍ദത്തെ അതിജീവിക്കുന്നതിനെക്കുറിച്ചുള്ള ശില്‍പശാലകള്‍ സംഘടിപ്പിക്കുക, അവരെ ടൈം മാനേജ്‌മെന്റിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനാവശ്യമായ പരിശീലനം ഇതിന്റെ ഭാഗമായി നല്‍കുക. യോഗ, ധ്യാനം, കായിക വിനോദങ്ങള്‍ എക്‌സര്‍സൈസ് എന്നിവയില്‍ ഏര്‍പ്പെടേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക. തങ്ങളുടെ പ്രശ്‌നങ്ങള്‍ പങ്കുവെക്കാന്‍ കഴിയുന്ന വിശ്വസ്തരുടെ ഒരു ഗ്രൂപ്പിനെ സൃഷ്ടിക്കുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്യുക.


Tags:    

Similar News