സ്ഥിരനിക്ഷേപങ്ങളെ വരുതിയിലാക്കാന്‍ ചില 'ഏണിപ്പടി'കള്‍

പിന്‍വലിക്കാന്‍ എളുപ്പം, പലിശ കുറയുന്നില്ല

Update:2024-08-27 15:56 IST

ബാങ്കുകളിലും ഇതര ധനകാര്യ സ്ഥാപനങ്ങളിലുമുള്ള സ്ഥിരനിക്ഷേപങ്ങള്‍ ഒട്ടേറെ പേരുടെ, പ്രത്യേകിച്ച മുതിര്‍ന്ന പൗരന്‍മാരുടെ പ്രധാന വരുമാന മാര്‍ഗമാണ്. മാസത്തിലോ വര്‍ഷത്തിലോ ലഭിക്കുന്ന പലിശ അവര്‍ക്ക് ജീവിതോപാധിയാണ്. സുരക്ഷിതമായ നിക്ഷേപമാണ് സ്ഥിര നിക്ഷേപങ്ങള്‍ എന്ന വിശ്വാസവും പൊതുവിലുണ്ട്. അതേസമയം, നിശ്ചിത പലിശക്കപ്പുറം വരുമാന വളര്‍ച്ചയില്ലാത്തതും ആവശ്യത്തിന് പിന്‍വലിക്കാന്‍ കഴിയാത്തവയുമാണ് ഇത്തരം നിക്ഷേപങ്ങള്‍. എന്നാല്‍ ഈ പ്രതിസന്ധി മറികടക്കാന്‍ ചില തന്ത്രങ്ങളുണ്ട്. ഫികസഡ് ഡെപോസിറ്റ് ലാഡറിംഗ് എന്ന സംവിധാനത്തിലൂടെ സ്ഥിര നിക്ഷേപങ്ങളുടെ  പരമ്പരാഗത പോരായ്മകളെ മറികടക്കാനാകും. നിക്ഷേപങ്ങളില്‍ നിന്ന് പരമാവധി പലിശ, പിന്‍വലിക്കാനുള്ള എളുപ്പം തുടങ്ങിയ ഗുണങ്ങളാണ് ഈ സംവിധാനത്തിലുള്ളത്.

വ്യത്യസ്ത കാലാവധികള്‍ പ്രയോജനപ്പെടുത്താം

ബാങ്കുകള്‍ പലിശ നല്‍കുന്നത് പണം നിക്ഷേപിക്കപ്പെടുന്ന കാലാവധി കണക്കാക്കിയാണ്. ചില ബാങ്കുകള്‍ കുറഞ്ഞ കാലാവധിക്ക് ഉയര്‍ന്ന പലിശ നല്‍കാറുണ്ട്. കൂടിയ കാലാവധി, ഇടത്തരം കാലാവധി എന്നിങ്ങനെ വ്യത്യസ്ത കാലയളവുകളിലേക്ക് വ്യത്യസ്ത രീതിയിലാണ് പലിശ കണക്കാക്കുന്നത്. ഈ കാലാവധികളെ മികച്ച രീതിയില്‍ തെരഞ്ഞെടുത്ത് സ്ഥിരനിക്ഷേപം ആസൂത്രണം ചെയ്യുന്നതിനാണ് എഫ്.ഡി ലാഡറിംഗ് സംവിധാനം സഹായിക്കുന്നത്. പണം വിവിധ കാലാവധികളിലേക്കായി നിക്ഷേപിക്കാം. ഇത് മൂലം  മികച്ച പലിശ ലഭിക്കുകയും പല സമയങ്ങളിലായി പിന്‍വലിക്കുകയും ചെയ്യാം. പണം ഒന്നിച്ച് ഒരു പ്ലാനില്‍ നിക്ഷേപിക്കുന്നതു കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാകും. ദീര്‍ഘകാല നിക്ഷേപങ്ങള്‍ കാലാവധിയെത്തും മുമ്പെ പിന്‍വലിക്കുമ്പോള്‍ ചില ബാങ്കുകള്‍ പിഴ ഈടാക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാന്‍ എഫ്.ഡി ലാഡറിംഗ് കൊണ്ട് കഴിയും. വിവിധ കാലാവധികളില്‍ നിന്ന് വ്യത്യസ്ത നിരക്കില്‍ പലിശ ലഭിക്കുന്നതിനാല്‍ വരുമാനത്തില്‍ കുറവു വരില്ല.

സാമ്പത്തിക ആവശ്യങ്ങള്‍ക്ക് മുന്‍ഗണന

വരാനിരിക്കുന്ന സാമ്പത്തിക ആവശ്യങ്ങളെ മുന്നില്‍ കണ്ട് വിവിധ കാലാവധികളാക്കി നിക്ഷേപം നടത്തുമ്പോള്‍ കണക്കുകൂട്ടലുകള്‍ തെറ്റില്ല. സമീപ കാലത്തേക്ക് ആവശ്യമുള്ള പണം ഹ്രസ്വകാല നിക്ഷേപമായും ബാക്കിയുള്ളത് ഇടത്തരം, ദീര്‍ഘകാല നിക്ഷേപമായും മാറ്റാം. പത്തുലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍, ഒരേ കാലാവധി തെരഞ്ഞെടുക്കാതെ രണ്ട് ലക്ഷം രൂപ വീതം അഞ്ചു വ്യത്യസ്ത കാലാവധികളിലേക്ക് നിക്ഷേപിക്കാവുന്നതാണ്. ഉയര്‍ന്ന പലിശ ലഭിക്കുന്ന ഹ്രസ്വകാല നിക്ഷേപങ്ങളും ദീര്‍ഘകാല നിക്ഷേപങ്ങളും തെരഞ്ഞെടുക്കാം. ആവശ്യമുള്ള സമയത്ത് ആവശ്യമുള്ള പണം മാത്രം പിന്‍വലിക്കാനും പലിശ നിരക്കില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ കുറഞ്ഞ ഇടവേളകളില്‍ മാറ്റി നിക്ഷേപിക്കാനും ഇത് മൂലം കഴിയുന്നു.

Tags:    

Similar News