എന്താണ് നിര്‍മല സീതാരാമന്‍ പറഞ്ഞ ജാമ്യ ബോണ്ടുകള്‍ ?
ഈ മാസം ഡിസംബര്‍ 19ന് ബജാജ് അലിയന്‍സ് ജാമ്യ ബോണ്ടുകള്‍ അവതരിപ്പിക്കുകയാണ്. രാജ്യത്ത് ഇത്തരം ബോണ്ടുകള്‍ പുറത്തിറക്കുന്ന ആദ്യ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയാവും ബജാജ്
കഴിഞ്ഞ ബജറ്റില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ആണ് ജാമ്യ (Surety Bond)ബോണ്ടിന്റെ സാധ്യതകള്‍ ചൂണ്ടിക്കാട്ടിയത്. സര്‍ക്കാര്‍ പദ്ധതികള്‍ക്കായുള്ള കരാറുകള്‍ക്കും സ്വര്‍ണ ഇറക്കുമതിക്കും നല്‍കുന്ന ബാങ്ക് ഗ്യാരന്റികള്‍ക്ക് പകരം ഷുവര്‍റ്റി ബോണ്ടുകള്‍ ഉപയോഗിക്കാമെന്നായിരുന്നു നിര്‍ദ്ദേശം. ഈ മാസം ഡിസംബര്‍ 19ന് ബജാജ് അലിയന്‍സ് ജാമ്യ ബോണ്ടുകള്‍ അവതരിപ്പിക്കുകയാണ്. രാജ്യത്ത് ഇത്തരം ബോണ്ടുകള്‍ പുറത്തിറക്കുന്ന ആദ്യ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയാവും ബജാജ്. എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ്, ടാറ്റ എഐജി ജനറല്‍ ഇന്‍ഷുറന്‍സ് എന്നിവരും ജാമ്യ ബോണ്ടുകള്‍ പുറത്തിറക്കിയേക്കും.
എന്താണ് ജാമ്യ ബോണ്ടുകള്‍ ?
സാധാരണ രീതിയില്‍ സര്‍ക്കാര്‍ പദ്ധതികളുടെ കരാറുകള്‍ക്കായി കമ്പനികള്‍ ബാങ്ക് ഗ്യാരന്റി സമര്‍പ്പിക്കേണ്ടതുണ്ട്. ഈ ഗ്യാരന്റികള്‍ക്ക് സമാനമായ ഒരു കരാര്‍ ആണ് ജാമ്യ ബോണ്ടുകള്‍. മൂന്ന് സ്ഥാപനങ്ങള്‍ അഥവാ മൂന്ന് വ്യക്തികള്‍ ജാമ്യ ബോണ്ടുകളുടെ ഭാഗമാണ്. ബോണ്ടുകള്‍ ഇഷ്യു ചെയ്യുന്ന സ്ഥാപനം, അവ വാങ്ങുന്ന കരാറുകാര്‍, സര്‍ക്കാര്‍ എന്നിവരാണ് ഈ 3-പാര്‍ട്ടി കരാറില്‍ ഉണ്ടാവുക.
പദ്ധതികളുടെ കരാര്‍ നല്‍കുന്നതിനായി സര്‍ക്കാരിന് കമ്പനികളോട് ജാമ്യ ബോണ്ടുകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാം. കരാറുകാര്‍ ഏറ്റെടുക്കുന്ന ജോലി പൂര്‍ത്തീകരിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ബോണ്ട് പുറത്തിറക്കുന്ന സ്ഥാപനങ്ങള്‍ക്കാവും അതിന്റെ ഉത്തരവാദിത്വം.
കുറഞ്ഞ ഇന്‍സോള്‍വന്‍സി മാര്‍ജിന്റെ 1.25 ഇരട്ടി പണമിച്ചമുള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കാണ് ഇന്ത്യയില്‍ ജാമ്യ ബോണ്ടുകള്‍ ഇറക്കാന്‍ സാധിക്കുക. ഈ ബോണ്ടുകള്‍ ആകെ പ്രീമിയത്തിന്റെ 10 ശതമാനത്തിന് മുകളില്‍ ആകാന്‍ പാടില്ല. കരാറിന്റെ ആകെ തുകയുടെ 30 ശതമാനം വരെയാണ് ഇത്തരം ബോണ്ടുകളുടെ പരിധി. റോഡ് വികസന പദ്ധതി കരാറുകള്‍ക്ക് വേണ്ടിയുള്ള ജാമ്യ ബോണ്ടുകളാണ് ബജാജ് പുറത്തിറക്കുക.