'പ്രൈവറ്റ് ഡെബിറ്റ് കാര്‍ഡ്' അവതരിപ്പിച്ച് യെസ് ബാങ്ക്
വിവിധ വിഭാഗങ്ങളില്‍ ആനുകൂല്യങ്ങളോടെ മാസ്റ്റര്‍കാര്‍ഡുമായി സഹകരിച്ചാണ് ഈ ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നത്
മാസ്റ്റര്‍കാര്‍ഡുമായി സഹകരിച്ച് ഉപഭോക്താക്കള്‍ക്കായി യെസ് പ്രൈവറ്റ് ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ച് യെസ് ബാങ്ക്. സമ്പന്നരായ പ്രൊഫഷണലുകളുടെയും സംരംഭകരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തില്‍ യാത്ര, ആരോഗ്യം, ജീവിതശൈലി തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ ആനുകൂല്യങ്ങളോടെയാണ് ഈ ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നത്.
മാസ്റ്റര്‍കാര്‍ഡിന്റെ പ്രീമിയം വേള്‍ഡ് എലൈറ്റ് പ്ലാറ്റ്‌ഫോമിലാണ് ബാങ്ക് ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കിയിട്ടുള്ളത്. സ്വകാര്യ ജെറ്റ്, എയര്‍പോര്‍ട്ട് ലിമോ, ഡ്രൈവറോടു കൂടിയ കാര്‍ സര്‍വീസ്, ഒബ്‌റോയ് ഹോട്ടലില്‍നിന്നുള്ള ഇ-ഗിഫ്റ്റ് വൗച്ചറുകള്‍, ഡൈനിംഗ്, സ്പാ, സൗജന്യ ഗോള്‍ഫ് സെഷന്‍, ആഭ്യന്തര, രാജ്യാന്തര എയര്‍പോര്‍ട്ട് ലോഞ്ച് തുടങ്ങിയ നിരവധി സവിശേഷ ആനുകൂല്യങ്ങള്‍ ഈ കാര്‍ഡ് ഉടമകള്‍ക്ക് ലഭ്യമാണ്.
ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്റെ ഭാഗമായാണ് യെസ് പ്രൈവറ്റ് ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ബാങ്കിന്റെ റീറ്റെയില്‍ ബാങ്കിംഗ് ഗ്ലോബല്‍ ഹെഡ് രാജന്‍ പെന്റല്‍ പറഞ്ഞു. തങ്ങളുടെ വിപുലമായ ശൃംഖല വഴി ഉപഭോക്താക്കള്‍ക്ക് ലോകോത്തരമായ സവിശേഷാനുകൂല്യങ്ങള്‍ ഈ കാര്‍ഡ് തടസ്സമില്ലാതെ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിന്റെ യെസ് പ്രൈവറ്റ് പ്രോഗ്രാമിന്റെ ഭാഗമായ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ലോഹത്തില്‍ നിര്‍മ്മിച്ച ഈ കാര്‍ഡ് ലഭ്യമാക്കുന്നത്.