നിങ്ങളുടെ സെയ്ല്‍സ് ടീം സംരംഭത്തെ കുറിച്ച് ഉപഭോക്താക്കളോട് പറയുന്ന കാര്യത്തില്‍ ഒരേ സ്വഭാവം കൈവരേണ്ടതുണ്ടോ?
സംരംഭകര്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് വിവിധ മേഖലയിലെ വിദഗ്ധര്‍ പരിഹാരം നല്‍കുന്ന പംക്തിയില്‍ ഇന്ന് AKSH പീപ്പിള്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ചീഫ് എക്‌സിക്യുട്ടീവ്, ജയദേവ് മേനോന്‍.
സെയ്ല്‍സ് ടീം സംരംഭത്തെ കുറിച്ച് ഉപഭോക്താക്കളോട് പറയുന്ന കാര്യത്തില്‍ ഒരേ സ്വഭാവം കൈവരേണ്ടതുണ്ടോ? ഉല്‍പ്പന്നം വില്‍ക്കാന്‍ പറ്റിയ തന്ത്രങ്ങള്‍ സ്വീകരിച്ചാല്‍ മതിയല്ലോ?
നല്ല ചോദ്യം. ഞാനൊരു കാര്യം ചോദിക്കട്ടെ. നിങ്ങളുടെ സംരംഭത്തിന്റെ സെയ്ല്‍സ് സ്റ്റോറി എന്താണ്? നിങ്ങളുടെ ഉപഭോക്താവിനോട് അവര്‍ പറയുന്ന കാര്യങ്ങളെന്തൊക്കെയാണെന്ന് നിങ്ങള്‍ക്കറിയാമോ? അങ്ങേയറ്റം മത്സരാധിഷ്ഠിതമാണ് വിപണി. അവിടെ നിങ്ങള്‍ വേറിട്ട് നില്‍ക്കണമെങ്കില്‍ നിങ്ങള്‍ക്ക് അതുല്യമോ പ്രത്യേകമോ വിഭിന്നമോ ആയ ഒരു കാര്യം വേണം. എനിക്ക് ഒരു ഇഡ്ഡലി/ ദോശ മാവ് ഉല്‍പ്പാദകനെ അറിയാം. അദ്ദേഹം ആ മാവുകൊണ്ട്് അപ്പം കൂടി ഉണ്ടാക്കാമെന്നാണ് പറയുന്നത്. അത് നടക്കുന്ന കാര്യമാണോയെന്ന ചോദ്യം ചോദിച്ചാല്‍ അദ്ദേഹത്തിന്റെ ഉല്‍പ്പന്നം കൊണ്ട് അത് സാധ്യമാണ്.
അത് വ്യത്യസ്തമായൊരു കാര്യമല്ലേ? അദ്ദേഹത്തിന്റെ സെയ്ല്‍സ് ടീമിലെ ഓരോ അംഗവും അവര്‍ സന്ദര്‍ശിക്കുന്ന കടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഇക്കാര്യം ആവര്‍ത്തിച്ച് പറയുന്നു. ഒരേ സ്വരത്തില്‍ പറയുന്നു. ഇക്കാര്യം അവരുടെ ഉല്‍പ്പന്നത്തിന് വിജയത്തിന് കാരണമായിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെയെങ്കില്‍, എന്താണ് നിങ്ങളുടെ സ്റ്റോറി? അത് നിങ്ങള്‍ എഴുതി തയാറാക്കിയിട്ടുണ്ടോ? നിങ്ങളുടെ ടീമിലെ ഓരോ അംഗത്തിനും അത് അറിയാമോ? അതാണോ അവര്‍ സാധ്യതയുള്ള ഓരോ ഉപഭോക്താവിനെയും കാണുമ്പോള്‍ പറയുന്നത്? ഇല്ലായെന്നാണ് ഉത്തരമെങ്കില്‍ വേഗമാകട്ടെ, അങ്ങനെയൊന്ന് ഇപ്പോള്‍ തന്നെ റെഡിയാക്കൂ.