വെറുതെ ഷോര്‍ട്‌സും റീല്‍സുമിട്ടാല്‍ ബിസിനസ് കൂടില്ല, ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍!

ബിസിനസ് മാര്‍ക്കറ്റിംഗിനായി വീഡിയോ നിര്‍മിക്കുമ്പോള്‍ ദൈര്‍ഘ്യവും പ്രധാനം

Update:2024-02-19 12:50 IST

Imaga : Canva and Siju Rajan

മനുഷ്യന്റെ ശരാശരി ശ്രദ്ധാ സമയം ഇപ്പോള്‍ ഏകദേശം 8 സെക്കന്‍ഡാണ്, ഇത് ഒരു ഗോള്‍ഡ് ഫിഷിന്റെ (9 സെക്കന്‍ഡ്) ശ്രദ്ധാ ദൈര്‍ഘ്യത്തേക്കാള്‍ ചെറുതാണ്! ഡിജിറ്റല്‍ ടെക്‌നോളജിയുടെ ഉയര്‍ച്ചയും ദിവസേന ഉണ്ടാകുന്ന വിവരങ്ങളുടെ നിരന്തരമായ വരവും ഇതിന് കാരണമാണ്. അതിനാലാണ് കുറഞ്ഞ ദൈര്‍ഘ്യമുള്ള വിഡിയോകള്‍ക്ക് ഇന്ന് ഇത്രയധികം പ്രചാരമുണ്ടാകുന്നത്.

യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഇവയാണ് ഇന്ന് പ്രായഭേദമന്യേ ലോകജനത വീക്ഷിക്കുന്ന മാധ്യമം. അവയില്‍ തന്നെ കൂടുതലായി ഒഴുകുന്നത് കുറഞ്ഞ ദൈര്‍ഘ്യമുള്ള ഷോര്‍ട്‌സും റീല്‍സുമെല്ലാമാണ്. ആളുകള്‍ കൂടുതല്‍ ശ്രദ്ധനല്‍കുന്ന സാമൂഹ്യമാധ്യമത്തിലും അവയില്‍ കൂടുതല്‍ പ്രവഹിക്കുന്ന തരം വിഡിയോകളുമാണ് ഒരു ബിസിനസ് മാര്‍ക്കറ്റിംഗിനായി തിരഞ്ഞെടുക്കേണ്ടത്. അതിനാല്‍ത്തന്നെയാണ് ഇന്ന് ഒട്ടുമിക്ക ബിസിനസ് സംരംഭങ്ങളും ദൈര്‍ഘ്യം കുറഞ്ഞ വിഡിയോകള്‍ നിര്‍മിക്കുകയും അതുവഴി ആളുകളെ ആകര്‍ഷിക്കാനും ശ്രമിക്കുന്നത്. ഇത്തരം വിഡിയോകള്‍ നിര്‍മിക്കുമ്പോള്‍ ബിസിനസുകള്‍ കുറച്ചുകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
1. ഗുണം ലഭിക്കണം: നിങ്ങളുടെ ബിസിനസിന്റെ വിവരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ച് എത്രയധികം റീലുകള്‍ നിര്‍മ്മിച്ചാലും ആളുകള്‍ ശ്രദ്ധിക്കില്ല. ആളുകള്‍ ശ്രദ്ധിക്കണമെങ്കില്‍ അവര്‍ക്ക് ഉപകാരപ്പെടുന്ന, അല്ലെങ്കില്‍ രസം തോന്നുന്ന തരം ഉള്ളടക്കങ്ങളാണ് റീലില്‍ നല്‍കേണ്ടത്. ഉദാഹരണത്തിന് റെഡ് ബുള്ളിന്റെ ഇന്‍സ്റ്റാഗ്രാം പേജിന് 19 മില്യണ്‍ ഫോളോവേഴ്‌സാണ് ഉള്ളത്. എന്നാല്‍ അവരുടെ ഒരു വീഡിയോയില്‍ പോലും അവരുടെ ഉത്പന്നത്തിന്റെ പ്രത്യേകത വിവരിക്കുന്നില്ല. സാഹസികത ഇഷ്ടപെടുന്ന ആളുകളെ ആകര്‍ഷിക്കുംവിധമുള്ള ഉള്ളടക്കങ്ങളാണ് നല്‍കിയിട്ടുള്ളത്. അതായത് ആളുകള്‍ നിങ്ങളുടെ പേജ് ഫോളോ ചെയ്യണമെങ്കില്‍ അവര്‍ക്ക് ഉപകാരപ്പെടുന്നതരം വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. അതില്‍ അവര്‍ അറിയാതെ നിങ്ങളുടെ ബിസിനസ് പ്രൊമോട്ട് ചെയ്യുകയും വേണം. ഇതിനെ Embedded Marketing എന്ന് പറയാം.
2. നിരന്തരമുള്ള പോസ്റ്റിങ്ങ്: ആഴ്ചയില്‍ ഒരു ദിവസം ഒരു റീല്‍ വച്ച് ഇട്ടതുകൊണ്ട് നിങ്ങള്‍ക്ക് ഫോളോവേഴ്‌സ് കൂടില്ല. നിരന്തരം, അതായത് രണ്ടുദിവസത്തില്‍ ഒരിക്കലെങ്കിലും ഒരു റീല്‍ ഇടേണ്ടതാണ്. ഇത്തരത്തില്‍ സ്ഥിരമായി നിങ്ങളുടെ വ്യത്യസ്ത വീഡിയോസ് ഒരു വ്യക്തി കാണുമ്പോള്‍ മാത്രമാണ് അവര്‍ ഫോളോ ചെയ്യുക.
3. ഒരേതരം വിഷയം: എന്നും ഓര്‍ക്കേണ്ടത് നമ്മുടെ ബിസിനസിന് ആവശ്യമായ വിഭാഗം ആളുകളെ മാത്രമാണ് ഫോളോവേഴ്‌സായി നമുക്ക് ഉണ്ടാകേണ്ടത്. അല്ലെങ്കില്‍ അത് ബിസിനസിന് ഒരു രീതിയിലും ഗുണം ചെയ്യുകയില്ല. അതിനാല്‍ എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യാതെ നിങ്ങളുടെ ബിസിനസുമായി ബന്ധപ്പെട്ട വിഷയം മാത്രം ഉള്‍പെടുത്തുക. അത്തരത്തില്‍ ലഭിക്കുന്ന ക്വാളിറ്റി ഫോളോവേഴ്‌സ് ആയിരിക്കും ബിസിനസിന്റെ ഭാവി ഉപഭോക്താക്കള്‍.
4. ചൂണ്ടയിടുക: ആളുകളെ ഷെയര്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന, കമന്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന, സേവ് ചെയ്യാന്‍ തോന്നിപ്പിക്കുന്ന അല്ലെങ്കില്‍ വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്ന എന്തെങ്കിലും ഒരു ഹുക്കിങ് ഘടകം റീലില്‍ ഉണ്ടാകണം. എങ്കിലേ ആ റീലിന് എന്‍ഗേജ്‌മെന്റ് ഉണ്ടാവൂ. അതായിരിക്കും കൂടുതല്‍ ആളുകളിലേക്ക് ആ വീഡിയോ എത്തിക്കുന്നത്. നിലവില്‍ ഇന്‍സ്റ്റാഗ്രാം അല്‍ഗോരിതം പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്.
5. മറുപടി കൊടുക്കുക: തുടക്കത്തില്‍ വരുന്ന കുറച്ച് കമന്റുകള്‍ക്കെങ്കിലും മറുപടി നല്‍കുക. അത്തരത്തില്‍ നല്‍കുമ്പോള്‍ കമന്റ് ഇട്ടവര്‍ക്ക് നോട്ടിഫിക്കേഷന്‍ പോവുകയും അവര്‍ വീണ്ടും ആ വീഡിയോയിലേക്ക് വരാനുമുള്ള സാധ്യതയുണ്ട്. കൂടാതെ നമ്മളും കമന്റ് ചെയ്യുമ്പോള്‍ കമന്റുകളുടെ എണ്ണം കൂടുതലായി കാണിക്കും.
6. സ്റ്റോറി ഇടുക: ദിവസവും പേജില്‍ ഒരു സ്റ്റോറി ഇടുക. അത്തരത്തില്‍ ഇടുമ്പോള്‍ നമ്മുടെ പ്രൊഫൈല്‍ ചിത്രം ഹൈലൈറ്റ്‌ ചെയ്ത് നില്‍ക്കുകയും നിലവിലെ ഫോളോവേഴ്‌സ് പേജ് വീണ്ടും തുറന്നുനോക്കാനുമുള്ള സാധ്യതയുണ്ട്.
7. പണം നല്‍കരുത്: പണം നല്‍കിയാല്‍ ഫോളോവേഴ്‌സിനെ ഉണ്ടാക്കിത്തരുന്ന ഏജന്‍സികള്‍ ധാരാളമുണ്ട്. ഒരിക്കലും അങ്ങനെ ചെയ്യരുത്. അത്തരത്തില്‍ ലഭിക്കുന്ന ഫോളോവേഴ്‌സ് ഒന്നുകില്‍ റോബോട്ടുകളായിരിക്കും അല്ലെങ്കില്‍ നമുക്ക് ആവശ്യമില്ലാത്ത ആളുകള്‍ ആയിരിക്കും. അത് ഇന്‍സ്റ്റഗ്രാമിന്റെ ശ്രദ്ധയില്‍പെട്ടാല്‍ പിന്നീട് എത്ര മികച്ച വിഡിയോകള്‍ ചെയ്താലും അതിന് റീച്ച്‌ ലഭിക്കില്ല. ഓര്‍ഗാനിക്കായി മാത്രം ഫോളോവേഴ്‌സിനെ ഉണ്ടാക്കുക.
കാലം മാറുമ്പോള്‍ ഈ ട്രെന്‍ഡും കാലഹരണപെട്ടുപോകും. അതിനാല്‍ എന്നും അപ്‌ഡേറ്റഡ് ആയി ഇരുന്നാല്‍ മാത്രമാണ് ഇന്നത്തെകാലത്ത് ബിസിനസില്‍ മുന്നേറാന്‍ കഴിയുക.

(ബിസിനസ് ആന്‍ഡ് ബ്രാന്‍ഡ് കണ്‍സള്‍ട്ടന്റാണ് ലേഖകന്‍. വെബ്‌സ്റ്റൈറ്റ്: www.sijurajan.com, ഫോണ്‍: +91 8281868299, ഇ-മെയില്‍: info@sijurajan.com.)


Tags:    

Similar News