കയറ്റത്തിന് താത്കാലിക വിരാമമിട്ട് സ്വര്‍ണം, ഇന്ന് വില താഴേക്ക്
വെള്ളി വിലയിലും നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇടിവ്
രണ്ടു ദിവസം തുടര്‍ച്ചയായി ഉയര്‍ന്ന സ്വര്‍ണ വില ഇന്ന് താഴേക്ക്. സംസ്ഥാനത്ത് ഗ്രാമിന് 20 രൂപ കുറഞ്ഞ് 6,320 രൂപയിലും പവന് 80 രൂപ താഴ്ന്ന് 50,560 രൂപയിലുമാണ് വ്യാപാരം.
ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവിലയും 15 രൂപ കുറഞ്ഞു. വെള്ളി വിലയും ഇന്ന് ഒരു രൂപ താഴ്ന്ന് 88 രൂപയിലായി.
അന്താരാഷ്ട്ര വില ഇടിഞ്ഞതാണ് കേരളത്തിലും വിലകുറയാനിടയാക്കിയത്. ഇന്നലെ സ്വര്‍ണം ഔണ്‍സിന് 0.66 ശതമാനം താഴ്ന്ന് 2,381.24 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് രാവിലെ 0.22 ശതമാനം ഉയര്‍ന്ന് 2,386.39 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ടത്
ഇന്ന് ഒരു പവന്‍ വില 50,560 രൂപയാണ്. എന്നാല്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ തുകയോടൊപ്പം പണിക്കൂലിയും നികുതികളുമടക്കം 4,174 രൂപയെങ്കിലും അധികമായി നല്‍കണം. അതായത് 54,734 രൂപയെങ്കിലും വേണ്ടി വരും ഒരു പവന്‍ ആഭരണം സ്വന്തമാക്കാന്‍.