'മഞ്ഞുമ്മല്‍ ബോയ്‌സി'നെ പരസ്യത്തിലാക്കി അമൂല്‍, കളക്ഷന്‍ റെക്കോഡ് ഭേദിച്ച് ചലച്ചിത്രം മുന്നേറ്റം തുടരുന്നു
തമിഴ്‌നാട്ടില്‍ ചിത്രം സൂപ്പര്‍ഹിറ്റ്
കേരളത്തിനകത്തും പുറത്തും പ്രേക്ഷകപ്രീതി നേടി ജൈത്രയാത്ര തുടരുന്ന മഞ്ഞുമ്മല്‍ ബോയ്‌സിനെ ഏറ്റെടുത്ത് അമൂലും. സമകാലിക സംഭവങ്ങളെ പരസ്യമായി മാറ്റിയെടുക്കുന്ന അമൂലില്‍ ഇത്തവണ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കാര്‍ട്ടൂണ്‍ ആണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.
മഞ്ഞുമ്മല്‍ ബോയ്‌സ് ജനപ്രതീ നേടുന്നു എന്നു കുറിച്ചുകൊണ്ടാണ് പരസ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'മഞ്ഞ്അമൂല്‍ (Manj amul) ബോയ്സ്' എന്ന് പരസ്യവാചകം നല്‍കിയിരിക്കുന്ന പോസ്റ്റില്‍ ആറ് പയ്യന്‍മാര്‍ അമൂലിന്റെ വെണ്ണ പുരട്ടിയ ബ്രഡ് കഴിക്കുന്ന ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു മുന്‍പും സമകാലിക വിഷയങ്ങളെ ഉള്‍പ്പെടുത്തിയുള്ള പരസ്യങ്ങളിലൂടെ അമൂല്‍ ശ്രദ്ധനേടിയിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ മാത്രം 25 കോടി വാരി
ഫെബ്രുവരി 22ന് തീയറ്ററുകളിലെത്തിയ മഞ്ഞുമ്മല്‍ ബോയ്‌സ് ഇതിനകം തന്നെ വൻ കളക്ഷന്‍ നേടിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ളതിനേക്കാള്‍ പ്രതികരണമാണ് ചിത്രത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ലഭിക്കുന്നത്. തമിഴ്‌നാട്ടില്‍ മാത്രം 25 കോടി രൂപയുടെ കളക്ഷന്‍ ചിത്രം നേടി.
കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലെ ഗുണകേവിലേക്ക് യാത്ര പോയ സുഹൃത്തുകളുടെ കഥയാണ് ചിത്രം പറയുന്നത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം രണ്ടാഴ്ച പിന്നിടുമ്പോള്‍ രജനികാന്ത് അതിഥി വേഷത്തിലെത്തിയ ലാല്‍ സലാമിന്റെ തമിഴ്‌നാട് കളക്ഷനെയും മറികടന്നു. തമിഴ്‌നാട്ടില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാളചിത്രവുമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കമല്‍ഹാസന്‍ അടക്കമുള്ള പ്രമുഖര്‍ ചിത്രത്തെ പ്രശംസിച്ച് എത്തിയിരുന്നു.
റെക്കോഡിടുമോ?
മോളിവുഡില്‍ ഏറ്റവും കൂടുതല്‍ പണംവാരിയ സിനിമകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് മഞ്ഞുമ്മല്‍ ബോയ്‌സ് എത്തുമെന്നാണ് ബോക്‌സ് ഓഫീസ് കണക്കുകള്‍ കാണിക്കുന്നത്. നിലവില്‍ ലൂസിഫര്‍ ആണ് മൂന്നാം സ്ഥാനത്തുള്ളത്. 127-129 കോടിയായിരുന്നു കളക്ഷന്‍. മഞ്ഞുമ്മല്‍ ബോയ്‌സ് ഈ റെക്കോഡ് ഭേദിക്കുമെന്നാണ് നിലവിലെ അനൗദ്യോഗിക കണക്കുകള്‍ കാണിക്കുന്നത്. പണം വാരിപടങ്ങളില്‍ ഒന്നാം സ്ഥാനത്ത് പുലിമുരുകനും 2018ഉം ആണ്.