ധോണിയുടെ ഫണ്ടിംഗ്, ലോകത്തെ ഏറ്റവും വലിയ ഇ-സൈക്കിള്‍ ഫാക്ടറി ഇന്ത്യയില്‍ ആരംഭിക്കുന്നു
ഇമോട്ടോറാഡ് എന്ന കമ്പനി 5 ലക്ഷം സൈക്കിളുകളാണ് പ്രതിവര്‍ഷം ഉത്പാദിപ്പിക്കാന്‍ ഒരുങ്ങുന്നത്
ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി സാമ്പത്തിക സഹായം നല്‍കിയിരിക്കുന്ന പൂനെയിലെ ഇ-മോട്ടോറാഡ് എന്ന കമ്പനി ലോകത്തെ ഏറ്റവും വലിയ ഇസൈക്കിള്‍ ഗിഗാ ഫാക്റ്ററി സ്ഥാപിക്കാന്‍ ഒരുങ്ങുന്നു.
ഒന്നാം ഘട്ടത്തില്‍ 2,40,000 ചതുരശ്ര അടി വിസ്തൃതിയില്‍ ആരംഭിക്കുന്ന നിര്‍മാണ കേന്ദ്രത്തില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് വേണ്ട ബാറ്ററി, മോട്ടോര്‍, ഡിസ്‌പ്ലേ, ചാര്‍ജര്‍ തുടങ്ങിയ പ്രധാന ഘടകങ്ങള്‍ എല്ലാം ഉത്പാദിപ്പിക്കും. തുടക്കത്തില്‍ 5 ലക്ഷം ഇ-സൈക്കിള്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്.
നാലു ഘട്ടങ്ങളിലായിട്ടാണ് ഇ-സൈക്കിള്‍ ഗിഗാ ഫാക്റ്ററി പൂര്‍ത്തിയാക്കുന്നത്. ആദ്യ ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ഇ-സൈക്കിള്‍ ഫാക്റ്ററി സജ്ജമാകും. 2020ല്‍ ആരംഭിച്ച കമ്പനി നാലുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വൈദ്യുത സൈക്കിളുകള്‍ കയറ്റുമതി ചെയ്യുന്ന കമ്പനിയായി മാറി. റജീബ് ഗംഗോ പാധ്യയായ, കുനാല്‍ ഗുപ്ത, ആദിത്യ ഓസ, സുമേദ് ബട്ടെവര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇ മോട്ടോറാഡ് എന്ന കമ്പനി ആരംഭിച്ചത്. നിലവില്‍ 350 അംഗീകൃത ഡീലര്‍മാര്‍ കമ്പനിക്കുണ്ട്. കഴിഞ്ഞ വര്‍ഷം ആഭ്യന്തര ബിസിനസില്‍ 370% വളര്‍ച്ച കൈവരിച്ചു.