വാഹന വില്‍പനയില്‍ കസറി കേരളം; ഏപ്രിലിൽ കുതിച്ചതും കിതച്ചതും ഈ കമ്പനികൾ

ഓട്ടോറിക്ഷ വില്‍പന കുറഞ്ഞു

Update:2024-05-09 12:54 IST

Image : Canva and Maruti Suzuki

കേരളത്തില്‍ റീറ്റെയ്ല്‍ വാഹന വിപണി നേട്ടത്തിന്റെ ട്രാക്കിലേറി മുന്നേറുന്നു. വാഹന വിതരണക്കാരുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍സിന്റെ (FADA) കണക്കുപ്രകാരം കഴിഞ്ഞമാസം കേരളത്തില്‍ പുതുതായി നിരത്തിലെത്തിയത് 56,613 വാഹനങ്ങളാണ്.
2023 ഏപ്രിലിലെ 46,797 വാഹനങ്ങളെ അപേക്ഷിച്ച് വര്‍ധന 20.98 ശതമാനം. ആര്‍.ടി. ഓഫീസുകളില്‍ നിന്നുള്ള രജിസ്‌ട്രേഷന്‍ കണക്കുകള്‍ പ്രകാരം തയ്യാറാക്കിയതാണ് ഫാഡയുടെ റിപ്പോര്‍ട്ട്. ടൂവീലറുകളും കാറുകളും നേടിയ മികച്ച ഡിമാന്‍ഡാണ് കഴിഞ്ഞമാസം കേരളത്തിലെ വാഹന വിപണിയെ ഉഷാറാക്കിയത്.
കാര്‍ വിപണിക്ക് വന്‍ കുതിപ്പ്
കാര്‍, എസ്.യു.വി., വാന്‍ എന്നിവ ഉള്‍പ്പെടുന്ന പാസഞ്ചര്‍ വാഹനശ്രേണി (PV) കഴിഞ്ഞമാസം കേരളത്തില്‍ സ്വന്തമാക്കിയത് 61.91 ശതമാനം വില്‍പന വളര്‍ച്ചയാണെന്ന് ഫാഡയുടെ റിപ്പോര്‍ട്ട് പറയുന്നു.
2023 ഏപ്രിലില്‍ കേരളീയര്‍ പുതുതായി 9,392 പാസഞ്ചര്‍ വാഹനങ്ങളാണ് വാങ്ങിയതെങ്കില്‍ ഇക്കുറി ഏപ്രിലില്‍ അത് 15,207 എണ്ണമായി ഉയര്‍ന്നു. ടൂവീലറുകളുടെ വില്‍പന 32,848ല്‍ നിന്ന് 37,260 എണ്ണമായും കുതിച്ചു; വളര്‍ച്ച 13.43 ശതമാനം.
ഓട്ടോറിക്ഷയ്ക്ക് ക്ഷീണം
കഴിഞ്ഞമാസം കേരളത്തില്‍ മുച്ചക്ര വാഹനവില്‍പന 15.66 ശതമാനം നഷ്ടം രേഖപ്പെടുത്തി. 2,095 എണ്ണത്തില്‍ നിന്ന് 1,767 എണ്ണത്തിലേക്ക് വില്‍പന കുറഞ്ഞു. വാണിജ്യവാഹനങ്ങളുടെ വില്‍പന 2,367ല്‍ നിന്ന് 1.01 ശതമാനം താഴ്ന്ന് 2,343 എണ്ണമായി. ട്രാക്ടറുകളുടെ വില്‍പന 62.11 ശതമാനം നഷ്ടമാണ് കുറിച്ചത്. 95ല്‍ നിന്ന് വെറും 36 എണ്ണത്തിലേക്കാണ് ഇടിവ്.
കുതിച്ചവരും കിതച്ചവരും
പാസഞ്ചര്‍ വാഹനശ്രേണിയില്‍ കേരളത്തില്‍ മുഖ്യകമ്പനികളെല്ലാം കഴിഞ്ഞമാസം മികച്ച വില്‍പനനേട്ടം കുറിച്ചിട്ടുണ്ട്. മാരുതി സുസുക്കിയുടെ വില്‍പന 2023 ഏപ്രിലിലെ 3,989ല്‍ നിന്ന് കഴിഞ്ഞമാസം കുതിച്ചുകയറിയത് 7,899 എണ്ണത്തിലേക്കാണ്.
ഹ്യുണ്ടായിയുടെ വില്‍പന 854ല്‍ നിന്ന് 1,490 എണ്ണമായി ഉയര്‍ന്നുവെന്നും പരിവാഹന്‍ പോര്‍ട്ടലിലെ കണക്കുകള്‍ പറയുന്നു. ടൊയോട്ടയുടെ വില്‍പന 6,651ല്‍ നിന്ന് 7,560 എണ്ണമായി കൂടി.
ടാറ്റാ മോട്ടോഴ്‌സ്, സ്‌കോഡ-ഫോക്‌സ്‌വാഗന്‍, ഹോണ്ട കാര്‍സ്, എം.ജി മോട്ടോര്‍, മെഴ്‌സിഡെസ് ബെന്‍സ്, നിസാന്‍, റെനോ എന്നിവയും നേട്ടമാണ് കുറിച്ചത്.
ടൂവീലര്‍ ശ്രേണിയില്‍ ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്പ്, ഹോണ്ട, സുസുക്കി, യമഹ എന്നിവയും നേട്ടമുണ്ടാക്കി. 8,060ല്‍ നിന്ന് 11,580ലേക്ക് വില്‍പന ഉയര്‍ത്തി ഹോണ്ട തന്നെയാണ് ഈ ശ്രേണിയിലെ ലീഡര്‍. 
ഇലക്ട്രിക് ടൂവീലര്‍ കമ്പനികളും ഏപ്രിലില്‍ നേരിട്ടത് നിരാശയാണ്. ഏഥറിന്റെ വില്‍പന 1,053ല്‍ നിന്ന് 433ലേക്കും ഓലയുടേത് 2,319ല്‍ നിന്ന് 1,692 എണ്ണത്തിലേക്കും കുറഞ്ഞുവെന്ന് പരിവാഹന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ദേശീയതലത്തിലും മികച്ച ഉണര്‍വ്

കഴിഞ്ഞമാസം ദേശീയതലത്തിലും റീറ്റെയ്ല്‍ വാഹന വില്‍പന മികച്ച വളര്‍ച്ചയാണ് കുറിച്ചത്. ദേശീയതലത്തില്‍ പക്ഷേ, കേരളത്തില്‍ നിന്നുള്ളതിന് കടകവിരുദ്ധമായി എല്ലാശ്രേണികളും ഭേദപ്പെട്ട നേട്ടം കൈവരിച്ചു.

ടൂവീലര്‍ വില്‍പന 33.21 ശതമാനം, ത്രീവീലര്‍ 9.27 ശതമാനം, വാണിജ്യ വാഹനങ്ങള്‍ 2.31 ശതമാനം, പാസഞ്ചര്‍ വാഹനങ്ങള്‍ 15.94 ശതമാനം, ട്രാക്ടറുകള്‍ 1.37 ശതമാനം എന്നിങ്ങനെയാണ് ദേശീയതലത്തില്‍ ഏപ്രിലില്‍ ഉയര്‍ന്നത്.

എല്ലാ ശ്രേണികളിലുമായി രാജ്യത്ത് കഴിഞ്ഞമാസം 22.06 ലക്ഷം വാഹനങ്ങള്‍ വിറ്റഴിഞ്ഞു. 2023 ഏപ്രിലിലെ 17.40 ലക്ഷത്തേക്കാള്‍ 26.74 ശതമാനം അധികമാണിത്.

Tags:    

Similar News