ഡിജിറ്റൽ സയൻസ് പാർക്ക്: പ്രവര്‍ത്തനോദ്ഘാടാനം നിര്‍വഹിച്ച് മുഖ്യമന്ത്രി

മൊത്തം ചെലവ് ₹1,515 കോടി, കിഫ്‌ബി വഴി ₹200 കോടി

Update:2023-08-01 11:33 IST

ഡിജിറ്റൽ സയൻസ് പാർക്ക് ഒന്നാംഘട്ട പ്രവർത്തനങ്ങൾ  ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹവുമായി മാറ്റുന്നതിനുള്ള പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മംഗലപുരത്ത് ടെക്നോപാർക്ക് ഫേസ്-4ൽ സ്ഥാപിക്കുന്ന ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഡിജിറ്റൽ യൂണിവേഴ്സിറ്റി കബനി ബിൽഡിങ്ങിന്റെ രണ്ടാം നിലയിൽ 13,000 ചതുരശ്രഅടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ഡിജിറ്റൽ ലോകത്തെ വളരുന്ന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ബിസിനസ് യൂണിറ്റുകൾക്ക് പിന്തുണ നൽകുകയെന്ന ലക്ഷ്യത്തിൽ ആരംഭിക്കുന്ന പദ്ധതിയിൽ ഇൻഡസ്ട്രി 4.0 ടെക്നോളജീസ്, ഇലക്ട്രോണിക്സ് ടെക്നോളജീസ് ആൻഡ് സ്മാർട്ട് ഹാർഡ് വെയർ, സസ്റ്റൈനബിൾ ആൻഡ് സ്മാർട്ട് മെറ്റീരിയൽസ് എന്നീ മൂന്നു മേഖലകളിൽ വ്യവസായത്തിനും ബിസിനസ് യൂണിറ്റുകൾക്കും സ്റ്റാർട്ടപ്പുകൾക്കും സൗകര്യമൊരുക്കും.

1,515 കോടി രൂപയുടെ പദ്ധതി 

ടെക്നോപാർക്ക് ഫേസ്-4ൽ ഡിജിറ്റൽ സർവകലാശാലയോടു ചേർന്നാണു ഡിജിറ്റൽ സയൻസ് പാർക്ക് യാഥാർഥ്യമാകുന്നത്. 13.95 ഏക്കർ ഇതിനായി ഡിജിറ്റൽ സർവകലാശാലയ്ക്കു കൈമാറാൻ ഭരണാനുമതിയായിട്ടുണ്ട്. 1,515 കോടി രൂപയാണു പദ്ധതിയുടെ ആകെ ചെലവു പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി കിഫ്ബി വഴി 200 കോടി രൂപ അനുവദിക്കുന്നതിനു സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്.

മികവിന്റെ കേന്ദ്രങ്ങളും ഡിജിറ്റൽ ഇൻക്യുബേറ്റററും 

1,50,000 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ടു കെട്ടിടങ്ങളാകും ഡിജിറ്റൽ സയൻസ് പാർക്കിൽ ആദ്യമുണ്ടാകുക. അഞ്ചു നിലകളുള്ള ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ആദ്യ കെട്ടിടത്തിൽ മികവിന്റെ കേന്ദ്രങ്ങളും ഡിജിറ്റൽ ഇൻക്യുബേറ്ററുമുണ്ടാകും.

മൂന്നു നിലകളിലായി 50,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന രണ്ടാമത്തെ കെട്ടിടത്തിൽ അഡ്മിനിസ്ട്രേറ്റിവ് യൂണിറ്റുകളും ഡിജിറ്റൽ എക്സ്പീരിയൻസ് സെന്ററും ഉണ്ടാകും. ഒന്നാമത്തെ കെട്ടിടത്തിൽ പൊതുവായ വ്യാവസായിക അടിസ്ഥാന സൗകര്യങ്ങളും കംപ്യൂട്ടിങ് ഇൻഫ്രാസ്ട്രക്ചറും വിവിധ ബിസിനസ് യൂണിറ്റുകൾക്കും സ്റ്റാർട്ടപ്പുകൾക്കും വ്യവസായങ്ങൾക്കുമായി പൊതുവായ ജോലിസ്ഥലങ്ങളും വ്യക്തിഗത വർക്ക്‌ യൂണിറ്റുകളുമുണ്ടാകും.

വിവിധ മികവിന്റെ കേന്ദ്രങ്ങൾക്കു കീഴിലുള്ള പ്രധാന ഗവേഷണ ലാബുകളും ഇവിടെ സ്ഥാപിക്കും.   ഇന്ന് ഉച്ചയ്ക്കു 12നു നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ചു. 

Tags:    

Similar News