ഇന്ന് ഔണ്‍സ് വില 2,636.12 ഡോളറിലെത്തി പുതിയ റെക്കോഡ് കുറിച്ചു. നിലവില്‍ 2,634 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം ഇതുവരെ 164.17 ഡോളറാണ് വര്‍ധിച്ചത്. അതായത് 5.25 ശതമാനത്തോളം ഉയര്‍ച്ച.
പിടിതരാതെ കേരളത്തിലും പൊന്ന്
കേരളത്തിലും സ്വര്‍ണ വില റെക്കോഡ് പുതുക്കിയാണ് ഓരോ ദിവസവും മുന്നേറുന്നത്. കഴിഞ്ഞ ഫെബ്രുവരി 15ന് പവന് 45,520 രൂപയെന്ന താഴ്ന്ന നിലവാരത്തിലിയിരുന്ന സ്വര്‍ണ വില ഇന്ന് 56,000 രൂപയെന്ന സര്‍വകാല റെക്കോഡിലെത്തി. ഇന്ന് പവന് 160 രൂപയാണ് കൂടിയത്. ഗ്രാം വില 20 രൂപ വര്‍ധിച്ച് 7,000 രൂപയായി. ഇതോടെ 10 ഗ്രാമിന് വില 70,000 എത്തിയിരിക്കുകയാണ്.
18 കാരറ്റ് സ്വര്‍ണ വില ഇന്ന് 10 രൂപ ഉയര്‍ന്ന് 5,795 രൂപയിലെത്തി. വെള്ളി വിലയ്ക്ക് തുടര്‍ച്ചയായ മൂന്നാം നാളും അനക്കമില്ല. ഗ്രാമിന് 96 രൂപയില്‍ തുടരുന്നു.
വില വര്‍ധനയ്ക്ക് പിന്നില്‍
മിഡില്‍ ഈസ്റ്റിലെ യുദ്ധഭീതി സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തുന്നതാണ് ഇപ്പോഴത്തെ തുടര്‍ച്ചയായ മുന്നേറ്റത്തിനു കാരണം. കൂടാതെ യു.എസ് ഫെഡറല്‍ റിസര്‍വ് നിരക്ക് വീണ്ടും കുറയ്ക്കുമെന്ന പ്രതീക്ഷകളും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നു. യുഎസ് ഡോളര്‍ ശക്തിപ്പെടുന്നത് സ്വര്‍ണത്തിന്റെ വില വര്‍ധനയെ ഒരുപക്ഷേ പരിമിതപ്പെടുത്തിയേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
വിലയിലെ കുതിച്ചുചാട്ടം ചൈന, ഇന്ത്യ തുടങ്ങിയ പ്രധാന വിപണികളിലെ ഡിമാന്‍ഡ് കുറച്ചിട്ടുണ്ട്. എന്നാലും സ്വര്‍ണ വില മേല്‍പ്പോട്ടുള്ള ട്രെന്‍ഡാണ് കാണിക്കുന്നത്. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ അന്താരാഷ്ട്ര സ്വര്‍ണ്ണവില 2,650- 2,700 ഡോളറിലേക്ക് കുതിക്കാനുള്ള സാധ്യതയാണ് സമീപ ഭാവിയില്‍ കാണുന്നതെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും നിക്ഷേപകരുടെ താല്പര്യo 2020 ന് ശേഷമുള്ള ഏറ്റവും വലിയ വാര്‍ഷിക ഉയര്‍ച്ചയിലേക്ക് സ്വര്‍ണത്തെ നയിച്ചു. 2024ല്‍ സ്വര്‍ണ വില 27 ശതമാനത്തിലധികമാണ് വര്‍ധിച്ചത്
ആഭരണം വാങ്ങാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്
സ്വര്‍ണ വില ഉയരുന്നത് വിവാഹങ്ങള്‍ പോലുള്ള ആവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങുന്നവരെയാണ് കൂടുതലായി ബാധിക്കുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,000 രൂപയാണങ്കിലും ഒരു പവന്‍ ആഭരണത്തിന് ഈ തുക മതിയാകില്ല. ഇന്നത്തെ സ്വര്‍ണ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 61,000 രൂപയ്ക്ക് അടുത്ത് വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ചും സ്വര്‍ണാഭരണ ശാലകളെ അനുസരിച്ചും പണിക്കൂലിയില്‍ വ്യത്യാസം വരുമെന്ന് മറക്കരുത്.