സ്വര്‍ണാഭരണ പ്രേമികളേ, ഇതിലെ...ഇതിലെ.. കേരളത്തില്‍ ഒറ്റയടിക്ക് കുറഞ്ഞത് 560 രൂപ
വെള്ളി വിലയില്‍ ഇടിവ് തുടരുന്നു
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വമ്പന്‍ കുറവ്. ഒറ്റയടിക്ക് ഗ്രാം വില 70 രൂപ കുറഞ്ഞ് 7,030 രൂപയും പവന്‍ വില 560 രൂപ താഴ്ന്ന് 56,240 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 60 രൂപ കുറഞ്ഞ് 5,810 രൂപയിലെത്തി.
വെള്ളി വില തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവിലേക്ക് നീങ്ങുകയാണ്. ഇന്നും ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 96 രൂപയായി. 100 രൂപ എത്തിയ ശേഷമാണ് വെള്ളിയുടെ ഇറക്കം.
രാജ്യാന്തര വില ഇടിയുന്നു
രാജ്യാന്തര സ്വർണ വിലയിലുണ്ടായ കുറവാണ് കേരളത്തിലും പ്രതിഫലിച്ചത്. ഇന്നലെ ഔണ്‍സ് സ്വര്‍ണം 2,604 ഡോളര്‍ വരെ താഴ്ന്നിരുന്നു. നിലവില്‍ 2,616 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. യു.എസില്‍ മാന്ദ്യഭീതി അകന്നുവെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണത്തില്‍ ഇടിവുണ്ടാക്കുന്നത്. യു.എസിലെ ഉപയോക്തൃ വില സൂചികകണക്കുകള്‍ നാളെ പുറത്തു വരും. ഉത്പാദക വില സൂചിക വെള്ളിയാഴ്ചയും. ഇതു രണ്ടുമാണ് ഇനി സ്വര്‍ണത്തിന്റെ ഗതി നിര്‍ണയിക്കുക. നിലവിലെ അവസ്ഥയില്‍ ഫെഡറല്‍ റിസര്‍വ് കാല്‍ ശതമാനം പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയാണ് വ്യാപാരികള്‍ കണക്കാക്കുന്നത്. ഇത് സ്വര്‍ണ വില കൂടുതല്‍ ഉയരാനുള്ള സാധ്യത ഇല്ലാതാക്കുന്നുണ്ട്. അതേസമയം ഇസ്രയേല്‍-ലബനന്‍ യുദ്ധം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരുടെ ശ്രദ്ധയാകര്‍ക്കുമെന്നാണ് കരുതുന്നത്.
ഇന്ന് ഒരു പവന്‍ ആഭരണത്തിന്റെ വില
ഇന്ന് ഒരു പവന്റെ വില 56,240 രൂപയാണെങ്കിലും ഒരു പവന്‍ ആഭരണത്തിന് ആ തുക മതിയാകില്ല. ഇന്നത്തെ സ്വര്‍ണ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, 45 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജ്, അതിന്റെ 18 ശതമാനം ജി.എസ്.ടി, പിന്നെ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 60,877 രൂപയെങ്കിലും ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാനായി നല്‍കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെടും. 10 ശതമാനം പണിക്കൂലി വരുന്ന ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ 63,773 രൂപയെങ്കിലും നല്‍കേണ്ടി വരും.