അമേരിക്കന്‍ പ്രഖ്യാപനത്തിനു മുമ്പ് പതുങ്ങി സ്വര്‍ണം, ഇനി നിര്‍ണായക മണിക്കൂറുകള്‍, കേരളത്തില്‍ വില ഇങ്ങനെ

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേരളത്തില്‍ വില ഇടിയുന്നത്, വെള്ളി വിലയില്‍ മാറ്റമില്ല

Update:2024-09-18 10:52 IST

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വില്‍ നിന്നുള്ള പ്രഖ്യാപനത്തിന് കാതോര്‍ത്ത് സ്വര്‍ണം ഇന്നലെ അന്താരാഷ്ട്ര വിപണിയില്‍ 0.51 ശതമാനം താഴ്ന്ന് 2,569.52 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 0.11 ശതമാനം നേട്ടത്തോടെ 2,572.45 ഡോളറില്‍ വ്യാപാരം പുരോഗമിക്കുന്നു.

ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആഗോള വിപണികളെല്ലാം പ്രതീക്ഷയിലാണ്.
ഇന്നലത്തെ അന്താരാഷ്ട്ര വിലയിലെ കുറവിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും വില ഇടിഞ്ഞാണ് വ്യാപാരം. ഗ്രാമിന് 15 രൂപ താഴ്ന്ന് 6,850 രൂപയും പവന് 120 രൂപ കുറഞ്ഞ് 54,800 രൂപയിലുമെത്തി. ഇന്നലെയും പവന് 120 രൂപ കുറഞ്ഞിരുന്നു. വരാനിരിക്കുന്ന കുതിപ്പിന് മുമ്പുള്ള പതുങ്ങലാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

18 കാരറ്റും  വെള്ളിയും

18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,690 രൂപയായി. വെള്ളിവില മുന്നേറ്റത്തിന് താത്കാലിക ബ്രേക്കിട്ടു. ഗ്രാമിന് 95 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.

നിരക്ക് കുറവ് എത്രത്തോളം

കഴിഞ്ഞ ദിവസത്തെ ചില്ലറ വില്‍പ്പന സൂചിക നല്‍കുന്ന സൂചന അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും ശക്തമാകുന്നുവെന്നാണ്. ഇത് കൂടുതല്‍ നിരക്ക് കുറവിന് ഫെഡറല്‍ ബാങ്ക് മുതിര്‍ന്നേക്കില്ലെന്ന നിഗമനത്തിലേക്കാണ് എത്തിക്കുന്നത്. 0.25 ശതമാനം നിരക്കു കുറച്ചേക്കുമെന്നാണ് ഭൂരിഭാഗം നിരീക്ഷകരും കരുതുന്നത്. എന്നാല്‍ 0.50 ശതമാനം വരെ കുറയ്ക്കുമെന്ന പ്രതീക്ഷകളും നിലനില്‍ക്കുന്നുണ്ട്.
ഇന്നലെ തുടങ്ങിയ എഫ്.ഒ.എം.സി (Federal Open Market Committee/FOMC) മീറ്റിംഗില്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ നിരക്കു കുറയ്ക്കുമെന്ന സൂചനയാണ് നല്‍കിയത്. കേന്ദ്രബാങ്ക് ലക്ഷ്യമിട്ട 2 ശതമാനത്തിനടുത്താണ് പണപ്പെരുപ്പ നിരക്കുകള്‍ എന്നത് അനുകൂലമായ ഘടകമാണ്.
2020 മാര്‍ച്ചിന് ശേഷം ആദ്യമായാണ് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കാനൊരുങ്ങുന്നത്. ഇന്ന് രണ്ട് മണിയോടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. പലിശ നിരക്ക് കുറയ്ക്കുന്ന തീരുമാനം കൂടാതെ ഭാവിയില്‍ കുറച്ചേക്കാവുന്ന നിരക്കുകളെ കുറിച്ചും രാജ്യത്തിന്റെ ത്രൈമാസ പ്രതീക്ഷകളെ കുറിച്ചും പ്രഖ്യാപനമുണ്ടാകും.
ഇന്ന് ആഭരണം വാങ്ങുന്നോ?
ഇന്നത്തെ സ്വര്‍ണ വിലയ്ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 59,319 രൂപയെങ്കിലും ചെലവാക്കിയാലെ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാനാകു. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ഇത് ആഭരണത്തിന്റെ വിലയിലും മാറ്റമുണ്ടാക്കും. സ്വര്‍ണാഭരണം വാങ്ങാനാഗ്രിക്കുന്നവര്‍ക്ക് മുന്‍കൂര്‍ ബുക്ക് ചെയ്ത് വിലയില്‍ ഉണ്ടാകുന്ന കയറ്റങ്ങള്‍ പ്രതിരോധിക്കാവുന്നതാണ്.


Tags:    

Similar News