അമേരിക്കൻ തിരഞ്ഞെടുപ്പിൽ കണ്ണും നട്ട് സ്വർണം, റെക്കോഡിൽ നിന്നിറങ്ങിയ ശേഷം വിശ്രമം, കേരളത്തിൽ വില ഇങ്ങനെ
വെള്ളി വിലയ്ക്കും മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 7,370 രൂപയിലും പവന് 58,960 രൂപയിലുമാണ് വ്യാപാരം. ഒക്ടോബർ 31 ന് പവന് 59,640 രൂപയെന്ന സർവകാല റെക്കോർഡ് തോട്ട സ്വർണ വില പിന്നീട് തുടർച്ചയായി താഴുകയായിരുന്നു. വെള്ളിയാഴ്ച പവന് 560 രൂപയും ശനിയാഴ്ച 120 യും ഇടിഞ്ഞു.
രാജ്യാന്തര വിലയ്ക്കൊപ്പമാണ് കേരളത്തിലും സ്വർണത്തിന്റെ നീക്കം.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ രാജ്യാന്തര സ്വര്‍ണ വിപണി ചാഞ്ചാട്ടത്തിലാണ്. ഇന്നലെ 2,733 ഡോളറില്‍ വ്യാപാരം തുടങ്ങിയ ഔണ്‍സ് സ്വര്‍ണം 2,740 ഡോളർ വരെ ഉയര്‍ന്ന ശേഷം 2,738 ഡോളറിലേക്ക് താഴ്ന്നു. ഇന്ന് 2,739 ഡോളറിലാണ് വ്യാപാരം.
ഒക്ടോബര്‍ 31ന് 2,790.10 ഡോളർ വരെ ഉയര്‍ന്ന് സര്‍വകാല റെക്കോഡ് തൊട്ട ശേഷമാണ് സ്വർണത്തിന്റെ ചാഞ്ചാട്ടം.
അമേരിക്കൻ തിരഞ്ഞെടുപ്പും ഫെഡ് തീരുമാനവും
തിരഞ്ഞെടുപ്പ് അനിശ്ചിതത്വം മാറും വരെ വിലയിൽ ചാഞ്ചാട്ടമുണ്ടായേക്കുമെന്നാണ് നിരീക്ഷകർ പറയുന്നത്. ഇത് കൂടാതെ ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് കുറയ്ക്കൽ തീരുമാനവും അടുത്ത ദിവസം വരും. കഴിഞ്ഞ തവണ പലിശ നിരക്ക് അര ശതമാനം വെട്ടികുറച്ച കേന്ദ്ര ബാങ്ക് ഇത്തവണ കാൽ ശതമാനം കുറയ്ക്കുമെന്നാണ് കരുതുന്നത്. ചെറിയ കുറവ് വരുത്തിയാൽ പോലും അത് സ്വർണ വിലയ്ക്ക് കുതിപ്പേകും.
തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചാകും നടപ്പ് വർഷത്തെ നാലാം പാദത്തിലെ നിക്ഷേപ ഡിമാൻഡ്. കേന്ദ്ര ബാങ്കുകളുടെ സ്വർണം വാങ്ങൽ ഈ വർഷവും കൂടാനാണ് സാധ്യത. എന്നാൽ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കണ്ടത്ര ഉണ്ടായേക്കില്ല.ആഭരണങ്ങൾക്കുള്ള ഡിമാൻഡും മുൻവർഷങ്ങളെ അപേക്ഷിച്ചു കുറവാകുമെന്നും നിഗമനങ്ങളുണ്ട്.
പശ്ചിമേഷ്യയിൽ യുദ്ധ സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടിയേക്കും. ഇതും സമീപ ഭാവിയിൽ വിലയെ ബാധിക്കും.
ഇന്ന് ഒരു പവൻ ആഭരണത്തിന് നൽകേണ്ടത്
ഇന്ന് ഒരു പവന്റെ വില കേരളത്തില്‍ 58,960 രൂപയാണ്. എന്നാല്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ തുക പോര. ഇന്നത്തെ വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ചു ശതമാനം പണിക്കൂലി, മൂന്നു ശതമാനം ജി.എസ്.ടി, എച്ച്.യു.ഐ.ഡി ചാര്‍ജുകള്‍ എന്നിവയും ചേര്‍ത്ത് 63,820 രൂപയെങ്കിലും ചെലവഴിക്കേണ്ടി വരും. പണിക്കൂലി 10 ശതമാനം കണക്കാക്കിയാല്‍ ഇത് 66,855 രൂപയുമാകും. ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ചാണ് പണിക്കൂലി വ്യത്യാസപ്പെടുന്നത്.