കൂടണോ, കുറയണോ? നിലാക്കോഴി പോലെ, വഴി തേടി സ്വര്‍ണം; നേരിയ ഇടിവ്

തിരഞ്ഞെടുപ്പ് ആശങ്കയില്‍ രാജ്യാന്തര വില ചാഞ്ചാട്ടം തുടരുന്നു

Update:2024-11-05 13:00 IST

Image by Canva

സംസ്ഥാനത്ത് സ്വര്‍ണ വില ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇടിവിലേക്ക്. ഇന്ന് ഗ്രാം വില 15 രൂപ കുറഞ്ഞ് 7,355 രൂപയും പവന്‍ വില 120 രൂപ കുറഞ്ഞ് 58,840 രൂപയുമായി.

18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,065 രൂപയിലെത്തി. രണ്ട് ദിവസമായി മാറാതെ നിന്ന വെള്ളി വിലയും ഇന്ന് കുറഞ്ഞു. ഗ്രാമിന് ഒരു രൂപ ഇടിഞ്ഞ് 102 രൂപയിലാണ് വ്യാപാരം.

വിവാഹ പാർട്ടികൾക്ക് ആശ്വാസം, ബുക്കിംഗിനും അവസരം 

ഒക്ടോബര്‍ 31ന് പവന് 59,640 രൂപ വരെ എത്തിയ സ്വര്‍ണ വില പിന്നീട് തുടര്‍ച്ചയായ ഇടിവിലാണ്. പവന് 800 രൂപയോളമാണ് ഇതിനകം കുറഞ്ഞത്. വിവാഹ ആവശ്യങ്ങള്‍ക്കായും മറ്റും സ്വര്‍ണം വാങ്ങാനുള്ളവര്‍ക്ക് ആശ്വാസമാണ് ഇപ്പോഴത്തെ ഇടിവ്. അഡ്വാന്‍സ് ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്താനും ഈ അവസരം ഉപയോഗിക്കാം. ഒട്ടുമിക്ക ജുവലറികളും അഡ്വാന്‍സ് ബുക്കിംഗ് സൗകര്യം നല്‍കുന്നുണ്ട്.

ബുക്ക് ചെയ്യുന്ന ദിവസത്തെ വില, ആഭരണങ്ങള്‍ വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്യുകയും ഏതാണോ ഏറ്റവും കുറഞ്ഞ വില, ആ വിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ അവസരം നല്‍കുകയും ചെയ്യുന്നുവെന്നതാണ് ബുക്കിംഗിന്റെ നേട്ടം. ഉദാഹരണത്തിന് നിങ്ങള്‍ ഇന്നത്തെ വിലയ്ക്ക് സ്വര്‍ണാഭരണം ബുക്ക് ചെയ്തു എന്നിരിക്കട്ടെ. അടുത്തയാഴ്ച സ്വര്‍ണ വില 60,000 രൂപയ്ക്ക് മുകളിലായാലും നിങ്ങള്‍ക്ക് ഇന്നത്തെ വിലയ്ക്ക് തന്നെ സ്വര്‍ണം കിട്ടും. ജുവലറികളുടെ നിബന്ധനകള്‍ മനസിലാക്കി മാത്രം മുന്‍കൂര്‍ ബുക്കിംഗ് നടത്തുക.

നോട്ടം തിരഞ്ഞെടുപ്പ്, ഫെഡ് നീക്കങ്ങളിൽ 

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം വ്യക്തമായ ദിശ കിട്ടാതെ നീങ്ങുകയാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെയുണ്ടായ ഏറ്റവും താഴ്ന്ന നിലവാരമായ 2,730 ഡോളറിനടുത്താണ് സ്വര്‍ണ വില ഇപ്പോൾ. ഒക്ടോബര്‍ 31ന് ഔണ്‍സിന് വില  2,790.41 ഡോളര്‍ വരെ എത്തി റെക്കോഡ് ഇട്ടിരുന്നു. തുടർന്ന് 55 ഡോളറിലധികം വില ഇടിഞ്ഞു. ഇതാണ് കേരളത്തിലും വിലയില്‍ പ്രതിഫലിച്ചത്. ഇന്ന് യു.എസ് തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സ്വര്‍ണത്തില്‍ വലിയ നീക്കത്തിന് നിക്ഷേപകര്‍ മുതിരുന്നില്ല.
ഡോളര്‍ കുതിച്ചുയരുന്നതാണ് സ്വര്‍ണ വിലയില്‍ ഇടിവുണ്ടാക്കുന്നത്. ഇതിനൊപ്പം ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കില്‍ വലിയ കുറവ് വരുത്തില്ലെന്ന വാര്‍ത്തകളും സ്വര്‍ണത്തെ ബാധിക്കുന്നുണ്ട്. ഇസ്രായേല്‍-റാന്‍ സംഘര്‍ഷമാണ് സ്വര്‍ണത്തെ സ്വാധീനിക്കുന്ന മറ്റൊരു കാര്യം. ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടുതല്‍ മോശമായാല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ കൂടുതലായി സ്വര്‍ണത്തെ ആശ്രയിക്കാന്‍ തുടങ്ങും. ഇത് സ്വര്‍ണ വിലയെ വീണ്ടും ഉയരത്തിലാക്കും.
Tags:    

Similar News