ഒക്ടോബറില്‍ ജി.എസ്.ടി പിരിവില്‍ കേരളം കുതിച്ചു കയറി, 19.7% വര്‍ധന; ദേശീയ തലത്തില്‍ ₹1.87 ലക്ഷം കോടി
ഐ.ജി.എസ്.ടിയായി കേരളത്തിന് നല്‍കിയത് ₹27,575 കോടി
ചരക്ക് സേവന നികുതിയായി (ജി.എസ്.ടി/GST) കേരളത്തില്‍ നിന്ന് കഴിഞ്ഞ മാസം പിരിച്ചെടുത്തത് 2,896 കോടി രൂപ. 2023 ഒക്ടോബറിലെ 2,418 കോടി രൂപയേക്കാള്‍ 19.76 ശതമാനം അധികമാണിതെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.
സെപ്തംബറില്‍ ജി.എസ്.ടി പിരിവ് 2,675 കോടി രൂപയായിരുന്നു. അതുമായി നോക്കുമ്പോള്‍ എട്ട് ശതമാനത്തിലധികം വര്‍ധനയുണ്ട്.
ഒക്ടോബര്‍ വരെ കേരളത്തിന് ജി.എസ്.ടി വിഹിതമായി കേന്ദ്രം അനുവദിച്ചത് 27,575 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവിൽ ഇത് 26,452 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല് ശതമാനം അധികമാണിത്.
ദേശീയതല സമാഹരണം 1.8 ലക്ഷം കോടി
കഴിഞ്ഞ മാസം ദേശീയതലത്തില്‍ പിരിച്ചെടുത്ത ജി.എസ്.ടി 1.87 ലക്ഷം കോടി രൂപയാണ്. മുന്‍ വര്‍ഷം ഒക്ടോബറില്‍ ഇത് 1.72 ലക്ഷം കോടി രൂപയായിരുന്നു. 8.9 ശതമാനമാണ് വര്‍ധന.
കഴിഞ്ഞ മാസത്തെ ജി.എസ്.ടി പിരിവില്‍ 33,821 കോടി രൂപയാണ് കേന്ദ്ര ജി.എസ്.ടി (CGST). സംസ്ഥാന ജി.എസ്.ടിയായി (SGST) ലഭിച്ചത് 41,864 കോടി രൂപ. സംയോജിത ജി.എസ്.ടിയായി (IGST) 3,201 കോടി രൂപയും സെസ് ഇനത്തില്‍ 293 കോടി രൂപയും പിരിച്ചെടുത്തു.
കഴിഞ്ഞ ആറ് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന് പിരിവാണിത്. തുടര്‍ച്ചയായ എട്ടാം മാസമാണ് ജി.സ്.ടി പിരിവ് 1.7 ലക്ഷം കോടിയ്ക്ക് മുകളിലെത്തുന്നത്.
സാമ്പത്തിക മേഖല മുന്‍മാസങ്ങളെ അപേക്ഷിച്ച് വളര്‍ച്ച പ്രാപിക്കുന്നുവെന്ന സൂചനയാണ് ജി.എസ്.ടി പിരിവ് ഉയരുന്നതിലൂടെ നല്‍കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ വരെ ജി.എസി.ടിയായി കേന്ദ്രം പിരിച്ചെടുത്തത് 12.74 ലക്ഷം കോടി രൂപയാണ്. തൊട്ടു മുന്‍ വര്‍ഷം ഇക്കാലയളവില്‍ ഇത് 11.64 ലക്ഷം കോടി രൂപയായിരുന്നു. 9.4 ശതമാനമാണ് വര്‍ധന.
മുന്നില്‍ മഹാരാഷ്ട്ര തന്നെ
ഏറ്റവുമധികം ജി.എസ്.ടി പിരിച്ചെടുക്കുന്ന സംസ്ഥാനമായി മഹാരാഷ്ട്ര തുടരുകയാണ്. 14 ശതമാനം വളര്‍ച്ചയോടെ 31,030 കോടി രൂപയാണ് കഴിഞ്ഞ മാസം മഹാരാഷ്ട്രയില്‍ നിന്ന് പിരിച്ചെടുത്തത്. കര്‍ണാടക (13,081 കോടി രൂപ), ഗുജറാത്ത് (11,407 കോടി രൂപ), തമിഴ്‌നാട് (11,188 കോടി രൂപ) എന്നിവയാണ് തൊട്ടു പിന്നിലുള്ളത്. ലക്ഷദ്വീപാണ് ഏറ്റവും പിന്നില്‍. കഴിഞ്ഞ മാസം ലഭിച്ചത് ഒരു കോടി രൂപ മാത്രം. 28 കോടി രൂപ പിരിച്ചെടുത്ത ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബര്‍ ദ്വീപും തൊട്ടടുത്തുണ്ട്.