പിടിയിൽ നിൽക്കുന്നില്ല സ്വർണം, ഇന്നും വിലയേറ്റം! ഒരാഴ്ചത്തെ മാറ്റം ചെറുതല്ല
ഒരാഴ്ചക്കിടെ വര്‍ധിച്ചത് 2,920 രൂപ, വെള്ളി വിലയില്‍ മാറ്റമില്ല
പശ്ചിമേഷ്യക്ക് പിന്നാലെ അശാന്തിയുടെ നിഴല്‍ യൂറോപ്പിലേക്കും നീണ്ടതിന്റെ ചുവടുപിടിച്ച് കേരളത്തിലും സ്വര്‍ണ വിലയില്‍ വര്‍ധന. ഇന്ന് കേരളത്തില്‍ സ്വര്‍ണ വില ഗ്രാമിന് 75 രൂപയാണ് കൂടിയത്. ഗ്രാമിന് 7,300 രൂപയാണ് ഇന്ന് സംസ്ഥാനത്ത് നല്‍കേണ്ടത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 600 രൂപ വര്‍ധിച്ച് 58,400 രൂപയിലെത്തി.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില ഇന്ന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 6,020 രൂപയിലെത്തി. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 98 രൂപയിലാണ് ഇന്നത്തെ . കഴിഞ്ഞ നവംബര്‍ 14ന് പവന് 55,480 രൂപയിലെത്തിയ ശേഷമാണ് കുറഞ്ഞ ദിവസത്തി വെള്ളിയുടെ വ്യാപാരംല് 58,400 രൂപയായത്. ദിവസങ്ങള്‍ക്കുള്ളില്‍ 2,920 രൂപയാണ് പവന് വര്‍ധിച്ചത്.
എന്താണ് കാരണം?
സ്വര്‍ണ വില വര്‍ധിക്കാന്‍ മൂന്ന് കാരണങ്ങളാണ് വിദഗ്ധര്‍ പറയുന്നത്. റഷ്യ-യുക്രെയിന്‍ യുദ്ധം, ഓഹരി വിപണിയിലെ അനിശ്ചിതത്വം, യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വിജയിച്ച ശേഷം അമേരിക്കന്‍ സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി എന്നിവയാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ അമേരിക്കന്‍ ഡോളറിന്റെ വില ഇടിയുന്നതും യു.എസ് ഫെഡ് നിരക്കുകള്‍ കുറച്ചേക്കുമെന്ന മുന്നറിയിപ്പും സ്വര്‍ണ വിലയെ സ്വാധീനിച്ചതായും വിലയിരുത്തലുണ്ട്. വേറെ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ അടുത്ത ദിവസങ്ങളിലും സ്വര്‍ണ വില വര്‍ധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ആശാന്തി യൂറോപ്പിലേക്കും
പശ്ചിമേഷ്യയില്‍ ഹമാസ്-ഇസ്രയേല്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വം റഷ്യ-യുക്രെയിന്‍ യുദ്ധം രൂക്ഷമായതോടെ യൂറോപ്പിലേക്കും വ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യയും യുക്രെയിനും പരസ്പരം മിസൈലാക്രമണം നടത്തിയിരുന്നു. ഇരുചേരികളിലും കൂടുതല്‍ രാജ്യങ്ങള്‍ അണിനിരന്നേക്കുമെന്ന ആശങ്കയും ശക്തമാണ്. ഇത് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂട്ടിയെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആഗോള ഓഹരി വിപണിയിലും സമാനമായ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. ഓഹരി വിപണികള്‍ തിരുത്തല്‍ നടപടികളിലേക്ക് കടക്കുമെന്ന ആശങ്കയും ശക്തമാണ്. ഇത് സ്വര്‍ണത്തിലുള്ള നിക്ഷേപം വര്‍ധിപ്പിക്കും.
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റെടുക്കുന്നതോടെ യു.എസ് സാമ്പത്തിക നയങ്ങളില്‍ എന്തുമാറ്റമാണ് വരുത്തുന്നതെന്ന ആശങ്കയും ശക്തമാണ്. ഇത് ഡോളര്‍ ഇന്‍ഡെക്‌സുകള്‍ രണ്ടുവര്‍ഷത്തെ ഉയരത്തിലേക്ക് എത്തിച്ചിരുന്നു. ഡോളര്‍ വില ഇടിയുമ്പോള്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കുമെന്നതും വില കൂട്ടും. ഫെഡറല്‍ റിസര്‍വ് നിരക്ക് കുറക്കുമെന്ന പ്രതീക്ഷയും വിപണിക്കുണ്ട്. അടിസ്ഥാന പലിശ നിരക്ക് കുറയുന്നതോടെ ബാങ്ക് നിക്ഷേപങ്ങളും കടപ്പത്രങ്ങളും ആകര്‍ഷകമല്ലാതാകും. ഇത്തരം നിക്ഷേപങ്ങള്‍ സ്വര്‍ണത്തിലേക്ക് മാറുകയും ചെയ്യും. അന്താരാഷ്ട്ര വില ഔണ്‍സിന് 2,708.90 ഡോളര്‍ എന്ന നിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
സ്വര്‍ണാഭരണം വാങ്ങാന്‍ എത്ര കൊടുക്കണം?
ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 58,400 രൂപയാണെങ്കിലും ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ അത്ര കൊടുത്താല്‍ മതിയാകില്ല. ഇന്നത്തെ സ്വര്‍ണ വിലക്കൊപ്പം ഹോള്‍മാര്‍ക്കിംഗ് ചാര്‍ജും നികുതിയും ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും ചേര്‍ത്താല്‍ 63,213 രൂപയെങ്കിലും കൊടുക്കണം. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസമുണ്ടാകും. ഇക്കാര്യം സ്വര്‍ണ വിലയെ ബാധിക്കുമെന്ന് കൂടി മനസില്‍ വച്ചാല്‍ നല്ലത്.