ബില്ലിനേക്കാള്‍ കൂടുതല്‍ മീറ്റര്‍ വാടക നല്‍കേണ്ടി വരുമെന്ന് ആശങ്ക, കേരളത്തിലെ വീടുകളില്‍ സ്മാര്‍ട്ട് മീറ്റര്‍ ഉടനില്ല

ഇന്നലെ നടന്ന തെളിവെടുപ്പിലാണ് റഗുലേറ്ററി കമ്മീഷന്‍ കെ.എസ്.ഇ.ബിയുടെ രണ്ടാം ഘട്ട പദ്ധതി പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയത്;

Update:2024-11-20 18:24 IST

Representational Image by Canva

കേരളത്തിലെ വീടുകളില്‍ സ്മാര്‍ട്ട് മീറ്റര്‍ ഉടന്‍ നടപ്പാക്കാനാകില്ലെന്ന് റെഗുലേറ്ററി കമ്മീഷന്‍. കെ.എസ്.ഇ.ബി സമര്‍പ്പിച്ച പദ്ധതിയുടെ രണ്ടാം ഘട്ടത്തിനുള്ള അനുമതിയാണ് ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്ന് കമ്മീഷന്‍ തീരുമാനിച്ചത്. വിവിധ വിഭാഗം ഉപയോക്താക്കളില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട് കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയിരുന്നു. വീടുകളില്‍ സ്മാര്‍ട്ട് മീറ്റര്‍ ഘടിപ്പിക്കുമ്പോള്‍ മീറ്റര്‍ വാടക താങ്ങാനാവുന്നതിലും അധികമാകില്ലേയെന്ന ചോദ്യത്തിന് വൈദ്യുതി ബോര്‍ഡിന് വ്യക്തമായി മറുപടി നല്‍കാനായില്ല. താരതമ്യേന കുറഞ്ഞ വൈദ്യുതി ചെലവ് വരുന്ന വീടുകളില്‍ ബില്‍ തുകയേക്കാള്‍ കൂടുതലാകും മീറ്റര്‍ വാടക എന്നതാണ് കമ്മീഷന്റെ ആശങ്ക.

സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ മൂന്ന് ലക്ഷം കണക്ഷനുകളിലാണ് സ്മാര്‍ട്ട്മീറ്റര്‍ സ്ഥാപിക്കുന്നത്. വലിയ വ്യവസായ സ്ഥാപനങ്ങളും ഗവണ്‍മെന്റ് ഓഫീസുകളും ഉള്‍പ്പെടുന്ന പദ്ധതിക്ക് 277 കോടി രൂപയാണ് ചെലവ് വരുന്നത്. രണ്ടാം ഘട്ടമായി വീടുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാന്‍ കെ.എസ്.ഇ.ബി പദ്ധതി സമര്‍പ്പിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ കമ്മീഷന്‍ തടസം ഉന്നയിച്ചത്.
തെളിവെടുപ്പില്‍ പങ്കെടുത്ത ഉപയോക്താക്കള്‍ സ്മാര്‍ട്ട് മീറ്റര്‍ ഘടിപ്പിക്കുന്നത് ചെലവ് കൂട്ടുമെന്ന ആശങ്ക അറിയിച്ചിരുന്നു. പ്രത്യേകിച്ചും 100 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ബില്ലിനേക്കാള്‍ കൂടുതല്‍ തുക മീറ്റര്‍ വാടകയായി നല്‍കേണ്ടി വരുമെന്നും ചൂണ്ടിക്കാണിച്ചു.

വാര്‍ഷിക നേട്ടം ₹252.96 കോടി

കമ്മീഷന് സമര്‍പ്പിച്ച വിശദമായ പദ്ധതി രൂപരേഖ അനുസരിച്ച് (DPR) ആദ്യഘട്ട സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 252.96 കോടി രൂപയുടെ വാര്‍ഷിക നേട്ടമാണ് കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നത്. സാങ്കേതികവും വാണിജ്യപരവുമായ നഷ്ടങ്ങള്‍ കുറയ്ക്കുന്നതു വഴിയും പ്രവര്‍ത്തന കാര്യക്ഷമതയില്‍ പൊതുവായ മെച്ചപ്പെടുത്തലുണ്ടാകുന്നതിലൂടെയുമാണ് ഈ ലാഭം പ്രതീക്ഷിക്കുന്നതെന്ന് ഡി.പി.ആര്‍ പറയുന്നു.

വൈദ്യുതി ബില്ലുകള്‍ കൃത്യസമയത്ത് അടയ്ക്കുന്നതില്‍ വലിയ വീഴ്ച വരുത്തുന്ന സര്‍ക്കാര്‍ ഉപയോക്താക്കളില്‍ നിന്നടക്കം പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററിംഗ് നടപ്പാക്കിയത് വഴി കെ.എസ്.ഇ.ബിക്ക് പ്രതിവര്‍ഷം കുറഞ്ഞത് 150 കോടി രൂപ വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച ടോട്ടെല്‍ എക്‌സ്‌പെന്‍ഡീച്ചര്‍ അഥവാ ടോട്ടെക്‌സ് രീതിയില്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി വേണ്ടെന്ന് തീരുമാനിച്ചതിനു പിന്നാലെയാണ് കെ.എസ്.ഇ.ബി പകരം പദ്ധതിയുമായി എത്തിയത്.
Tags:    

Similar News