വലിയ ഇടിവിനോട് വിട പറഞ്ഞ് കേരളത്തില്‍ സ്വര്‍ണം, അന്താരാഷ്ട്ര വിലയും മുന്നോട്ട്
രണ്ട് ദിവസം കൊണ്ട് കേരളത്തില്‍ പവന് 1,760 രപ കുറഞ്ഞിരുന്നു
സംസ്ഥാനത്ത് രണ്ട് ദിവസത്തെ വലിയ ഇടിവിനു ശേഷം സ്വര്‍ണ വില ഇന്ന് ഉയര്‍ന്നു. ഗ്രാമിന് 25 രൂപ കൂടി 7,105 രൂപയും പവന്‍ വില 200 രൂപ വര്‍ധിച്ച് 56,840 രൂപയുമായി.
ലൈറ്റ്‌വെയിറ്റ് ആഭരണങ്ങളും കല്ലു വച്ച ആഭരണങ്ങളും നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 5,870 രൂപയിലെത്തി. വെള്ളി വില ഇന്ന് മാറ്റമില്ലാതെ ഗ്രാമിന് 96 രൂപയില്‍ തുടരുന്നു.
അന്താരാഷ്ട്ര വിലയില്‍ മുന്നേറ്റം
തിങ്കളാഴ്ച 3.22 ശതമാനം ഇടിഞ്ഞ അന്താരാഷ്ട്ര വില ഇന്നലെ കാല്‍ ശതമാനം നേട്ടത്തിലായി. ഇന്നും നേരിയ നേട്ടത്തോടെ ഔണ്‍സിന് 2,637.06 ഡോളറിലാണ് വ്യാപാരം നടത്തുന്നത്.
നിക്ഷേപകര്‍ ലാഭമെടുപ്പില്‍ നിന്ന് പിന്മാറിയതാണ് വിലയില്‍ ഇടിവുണ്ടാക്കിയത്. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിറുത്തല്‍ കരാര്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ ഡോളര്‍ സൂചികയും കടപ്പത്ര നേട്ടവും താഴേക്ക് പോയതും വില ഇടിച്ചു.
പലിശ കുറയ്ക്കല്‍ വൈകിയേക്കും
അതേസമയം, യു.എസില്‍ പലിശ നിരക്ക് കുറയ്ക്കുന്നതില്‍ തിടുക്കമില്ലെന്നാണ് എഫ്.ഒ.എം.സി മീറ്റിംഗിന്റെ മിനിറ്റ് സൂചിപ്പിക്കുന്നത്. പണപ്പെരുപ്പം ലക്ഷ്യമിടുന്ന രണ്ട് ശതമാനത്തിലേക്ക് എത്തുന്നുണ്ട്. തൊഴില്‍ വിപണിയില സാഹചര്യങ്ങളും മികച്ചതാണ്. അതിനാല്‍ ഡിസംബറില്‍ നടക്കുന്ന യോഗത്തില്‍ നിരക്ക് കുറയ്ക്കില്ലെന്നാണ് കരുതുന്നത്. ഇന്ന് പുറത്തു വരുന്ന പണപ്പെരുപ്പ സൂചനകളായിരിക്കും തുടര്‍ നടപടികളിലേക്ക് ഫെഡറല്‍ റിസര്‍വിനെ നയിക്കുക. ഇന്നലെ പുറത്തുവന്ന യു.എസ് ഹൗസിംഗ് ഡേറ്റ നിരാശകരമായിരുന്നു. പുതിയ ഭവനങ്ങളുടെ വില്‍പ്പന ഒക്ടോബറില്‍ 17.3 കുറഞ്ഞ് 6.10 ലക്ഷം യൂണിറ്റായി. ശതമാനം
പലിശ നിരക്ക് കുറയ്ക്കുന്നത് സ്വര്‍ണത്തിന് നേട്ടമാണ്. കാരണം ബാങ്ക് പലിശ നിരക്കുകളും കടപ്പത്ര നിരക്കുകളും കുറയും. ഇത് സ്വര്‍ണത്തിലേക്കുള്ള നിക്ഷേപം കൂട്ടുകയും വില വര്‍ധനയിലേക്ക് നയിക്കുകയും ചെയ്യും.
ഈ ആഴ്ച സ്വര്‍ണ വില ചാഞ്ചാട്ടം തുടരുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഡോളര്‍ സൂചികയിലെ ഇടിവ്, യു.എസിലെ ജി.ഡി.പി കണക്കകുള്‍, പി.സി.ഇ പ്രൈസ് ഇന്‍ഡെക്‌സ് കണക്കുകള്‍ എന്നിവയെല്ലാമാണ് ഈ ആഴ്ച സ്വര്‍ണത്തെ സ്വാധീനിക്കുക.