കേരളത്തിലെ വ്യവസായങ്ങളുടെ വിറ്റുവരവ് ഒരു ലക്ഷം കോടിയാകണം; ലക്ഷ്യം വിശദീകരിച്ച് മന്ത്രി പി. രാജീവ്
കേരളത്തിലെ സംരംഭകരെ ആദരിക്കുന്നതിനായി ഇന്‍മെക്ക് ഏര്‍പ്പെടുത്തിയ 'സല്യൂട്ട് കേരള 2024' അവാര്‍ഡുകള്‍ സമ്മാനിച്ചു;
വര്‍ഷം 100 കോടി രൂപ വിറ്റുവരവുളള 1,000 വ്യവസായ സ്ഥാപനങ്ങളാണ് സംസ്ഥാന വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. 1,000 വ്യവസായ സ്ഥാപനങ്ങള്‍ സംസ്ഥാനത്തേക്ക് ഒരു ലക്ഷം കോടിയുടെ വ്യാവസായിക വിറ്റുവരവ് എത്തിക്കുമെന്നും വ്യവസായ മന്ത്രി പറഞ്ഞു.
കേരളത്തിലെ സംരംഭകരെ ആദരിക്കുന്നതിനായി ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേമ്പര്‍ ഓഫ് കൊമേഴ്സ് (ഇന്‍മെക്ക്) സംഘടിപ്പിച്ച 'സല്യൂട്ട് കേരള 2024' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ മൂലം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ കേരളത്തിനായി. കേരളം ബിസിനസ് ചെയ്യാന്‍ പറ്റുന്ന സ്ഥലമല്ല എന്ന വ്യാജ പ്രചാരണം ചിലര്‍ ബോധപൂര്‍വം പുറം രാജ്യങ്ങളില്‍ അഴിച്ചു വിടുന്നുണ്ട്. പെട്ടിക്കട, ബാര്‍ബര്‍ ഷോപ്പ്, ബിവറേജ് തുടങ്ങിയവ മാത്രമാണ് കേരളത്തില്‍ നടത്താന്‍ സാധിക്കുകയെന്ന വ്യാജ പ്രചാരണങ്ങളെ എല്ലാ ജനങ്ങളും ശക്തിയുക്തം എതിര്‍ക്കേണ്ടതാണ്.
വ്യാജ പ്രചാരണങ്ങള്‍
ലോകത്തെ ഏറ്റവും വലിയ ബ്ലഡ് ബാഗ് കമ്പനി, പല്ല് നിര്‍മ്മാണ കമ്പനി തുടങ്ങിയവ സംസ്ഥാനത്താണ് ഉളളത്. കൂടാതെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്യുന്നത് കേരളത്തില്‍ നിന്നാണ്. വ്യാജ പ്രചാരണങ്ങള്‍ക്കിടയില്‍ ഈ വസ്തുതകള്‍ മറന്നു പോകരുതെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ നൂതന പദ്ധതിയാണ് ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്. മുമ്പ് സംസ്ഥാനത്ത് നിന്ന് വിദ്യാര്‍ത്ഥികള്‍ പോയിരുന്നത് ഹാര്‍വാര്‍ഡ്, കൊളംബിയ, കേംബ്രിഡ്ജ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കാണ്. ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഓസ്ട്രേലിയ, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ ശരാശരി കോളേജുകളിലേക്കാണ് പോകുന്നത്. പാര്‍ട്ട് ടൈം ആയി ജോലി ചെയ്യാമെന്ന സൗകര്യവും വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്നാല്‍ ഇതിനേക്കാള്‍ മികച്ച സംവിധാനമാണ് ക്യാമ്പസ് 4 കൊല്ല ബിരുദ കോഴ്സ് കൂടാതെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, ഐ.ടി ഇന്‍ഡസ്ട്രി തുടങ്ങിയവിടങ്ങളില്‍ പാര്‍ട്ട് ടൈം ആയി ജോലി തുടങ്ങിയ പ്രത്യേകതകളോടെയാണ് ഇത് അവതരിപ്പിക്കുന്നത്. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ വരുന്നത്.
പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രകൃതി, ജനങ്ങള്‍, വ്യവസായം എന്നിവയെ കോര്‍ത്തിണക്കിയുളളതാണ് കേരളത്തിന്റെ പുതിയ വ്യവസായ നയം. കേരളത്തിന്റെ വ്യവസായിക മേഖലയിലെ വിജയഗാഥകള്‍ ലോകത്തിന് മുമ്പില്‍ പ്രദര്‍ശിപ്പിക്കാനുളള പരിപാടികള്‍ വ്യവസായ വകുപ്പ് നടത്തുമെന്നും പി. രാജീവ് പറഞ്ഞു.
ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തണം
അടുത്ത പതിറ്റാണ്ടില്‍ കേരളത്തിന്റെ വികസനത്തിന് ചുക്കാന്‍ പിടിക്കാനുളള എല്ലാ സാധ്യതകളുമുളള സംരംഭമാണ് വിഴിഞ്ഞം തുറമുഖമെന്ന് ചടങ്ങില്‍ പങ്കെടുത്ത ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. തുറമുഖത്തിനോടനുബന്ധിച്ച് നിരവധി അസംബ്ലി യൂണിറ്റുകള്‍ ഇനി വരേണ്ടതുണ്ട്. ഗള്‍ഫിലെ തുറമുഖങ്ങളേക്കാള്‍ സാധ്യത വിഴിഞ്ഞത്തിനുണ്ട്. കൊട്ടാരക്കരയില്‍ വര്‍ക്ക് നിയര്‍ ഹോം പദ്ധതി ആരംഭിച്ചത് എടുത്തു പറയത്തക്ക നേട്ടമാണ്. സോഹോ കോര്‍പ്പറേഷന്‍ പോലുളള അന്താരാഷ്ട്ര കമ്പനിക്ക് കേരളത്തില്‍ വിശ്വാസമുളളതു കൊണ്ടാണ് പദ്ധതിയുടെ ഭാഗമാകുന്നത്. പി.പി.പി മാതൃകയിലും സ്വതന്ത്രമായും നിരവധി വ്യവസായ യൂണിറ്റുകള്‍ കേരളത്തില്‍ വരണമെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളില്‍ കേരള ബ്രാന്‍ഡ് വികസിപ്പിക്കണമെന്നും കേരളത്തിന്‍റെ ടൂറിസം സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തണമെന്നും ധാരാളം ക്രൂയിസ് കപ്പലുകള്‍ കേരളത്തില്‍ വരണമെന്നും ഗള്‍ഫാര്‍ ഗ്രൂപ്പിന്റെ സ്ഥാപകന്‍ പി. മുഹമ്മദ് അലി പറഞ്ഞു. സംസ്ഥാനത്ത് കുടുംബശ്രീയുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ വ്യവസായ നയത്തിന്‍റെ വിശദമായ അവതരണം ചടങ്ങില്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് നടത്തി.
പുരസ്കാരങ്ങള്‍
ആജീവനാന്ത സംഭാവനയ്ക്കുള്ള 'ഇന്‍മെക്ക് ലീഡര്‍ഷിപ്പ് സല്യൂട്ട്' പുരസ്കാരം ഡോ. പി.മുഹമ്മദ് അലി ഗള്‍ഫാറിന് ചടങ്ങില്‍ സമ്മാനിച്ചു. കേരളത്തെ മികച്ച സംരംഭകത്വ സൗഹൃദമാക്കി വളര്‍ത്തുന്നതിന് നിസ്തുല സംഭാവനകള്‍ നല്‍കിയ ജോര്‍ജ്ജ് ജേക്കബ് മുത്തൂറ്റ്, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്; ഡോ. വിജു ജേക്കബ്, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രെെവറ്റ് ലിമിറ്റഡ്; ഗോകുലം ഗോപാലന്‍, ഗോകുലം ഗ്രൂപ്പ്; വി.കെ മാത്യൂസ്, ഐ.ബി.എസ് സോഫ്‌റ്റ്‌വെയർ, ഡോ. കെ.വി ടോളിന്‍, ടോളിന്‍സ് ടയേഴ്സ് ലിമിറ്റഡ്; കെ. മുരളീധരന്‍, മുരള്യ, എസ്.എഫ്.സി ഗ്രൂപ്പ്; വി.കെ റസാഖ്, വി.കെ.സി ഗ്രൂപ്പ്; ഷീല കൊച്ചൗസേപ്പ്, വി സ്റ്റാര്‍ ക്രിയേഷന്‍സ് പ്രെെവറ്റ് ലിമിറ്റഡ്; പി.കെ മായന്‍ മുഹമ്മദ്, വെസ്റ്റേണ്‍ പ്ലൈവുഡ്സ് ലിമിറ്റഡ്; ഡോ. എ.വി അനൂപ്, എ.വി.എ മെഡിമിക്സ് ഗ്രൂപ്പ് എന്നിവര്‍ക്ക് ഇന്‍മെക്ക് എക്സലന്‍സ് സല്യൂട്ട് പുരസ്കാരവും ചടങ്ങില്‍ വിതരണം ചെയ്തു.
കേരളത്തിലും മധ്യേഷ്യയിലും വ്യാപാരം, വാണിജ്യം, വ്യവസായം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 2022 ല്‍ സ്ഥാപിതമായ സംഘടനയാണ് ഇന്‍മെക്ക്. ഇന്‍മെക്ക് ചെയര്‍മാന്‍ ഡോ. എന്‍.എം ഷറഫുദ്ദീന്‍, സെക്രട്ടറി ജനറല്‍ ഡോ. സുരേഷ് കുമാര്‍ മധുസൂദനന്‍, ഇന്‍മെക്ക് കേരള ചാപ്റ്റര്‍ പ്രസിഡന്‍റ് ഡോ. അഡ്വ. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി യൂനുസ് അഹമ്മദ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.