പ്രവാസികള്‍ക്കായി കണ്ണൂരില്‍ വ്യവസായ പാര്‍ക്ക് വരുന്നു, നിക്ഷേപകര്‍ക്ക് 2 വര്‍ഷത്തെ മോറട്ടോറിയം ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍
തവണകളായി നിക്ഷേപം നടത്തി സ്ഥലമേറ്റെടുക്കാനുള്ള അവസരം;
കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് വലിയ സംഭാവന ചെയ്യുന്ന പ്രവാസികള്‍ക്കായി നിക്ഷേപ അവസരം തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. പ്രവാസികള്‍ക്കു മാത്രമായി കണ്ണൂരില്‍ വ്യവസായ പാര്‍ക്ക് തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് മുന്നോടിയായി ദുബൈയില്‍ സംഘടിപ്പിച്ച റോഡ് ഷോയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കണ്ണൂരില്‍ കിന്‍ഫ്രയുടെ വ്യവസായ പാര്‍ക്കിലാണ് പ്രവാസി വ്യവസായ പാര്‍ക്കിന് സ്ഥലം അനുവദിച്ചിരിക്കുന്നത്. കേരളത്തിലേക്ക് പ്രവാസികള്‍ അയയ്ക്കുന്ന പണം, വ്യവസായ മേഖലയിലേക്കു വഴി തിരിച്ചു വിടുകയാണ് പ്രവാസി പാര്‍ക്കിന്റെ ലക്ഷ്യം. 100 കോടി മുതല്‍ മുടക്കുന്ന നിക്ഷേപകര്‍ക്ക് രണ്ട് വര്‍ഷത്തെ മോറട്ടോറിയമുള്‍പ്പെടെ നല്‍കും. ആകെ തുകയുടെ 10 ശതമാനം മാത്രം നല്‍കി സ്ഥലം ഏറ്റെടുക്കാം. അമ്പത് കോടിക്കും നൂറുകോടിയ്ക്കുമിടയില്‍ മുതല്‍ മുടക്കുന്നവര്‍ 20 ശതമാനം ആദ്യം നല്‍കിയാല്‍ മതിയാകും. ബാക്കി തുക പിന്നീട് തവണകളായി അടച്ചാല്‍ മതിയാകുമെന്നും മന്ത്രി പറഞ്ഞു.
നിക്ഷേപ സംഗമത്തില്‍ യു.എ.ഇ മന്ത്രിമാർ
കേരളത്തിലെ നിക്ഷേപ സംഗമത്തില്‍ യു.എ.ഇ നിക്ഷേപ മന്ത്രി മുഹമ്മദ് ഹസന്‍ അല്‍ സുവൈദിക്കു പുറമെ ധനമന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാര്‍റിയും പങ്കെടുക്കുമെന്ന് മന്ത്രി പറഞ്ഞു. അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സും ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സും നിക്ഷേപക സംഗമത്തിന് പ്രത്യേക സംഘത്തെ അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി ഹരികിഷോര്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, പി.വി അബ്ദുല്‍ വഹാബ് എം.ഡി, ഡോ. ആസാദ് മൂപ്പന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.