വിശ്രമം കഴിഞ്ഞു, വീണ്ടും കയറ്റം തുടങ്ങി സ്വര്‍ണം, ഇന്നത്തെ വില ഇങ്ങനെ
വെള്ളിവിലയും ഉയിര്‍ത്തെണീറ്റു
ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വിലയില്‍ കയറ്റം. പവന്‍ വില 160 രൂപ വര്‍ധിച്ച് 53,840 രൂപയിലെത്തി. ഗ്രാം വില 20 രൂപ വര്‍ധിച്ച് 6,730 രൂപയുമായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഉയര്‍ന്നു. ഗ്രാമിന് വില 15 രൂപ കൂടി 5,590 രൂപയായി.
വെള്ളിവിലയിലും ഒരു രൂപയുടെ വര്‍ധനയുണ്ട്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 99 രൂപയായി.
ഈ ആഴ്ചയിലെ ആദ്യ രണ്ട് ദിവസങ്ങളില്‍ താഴേക്ക് പോയ സ്വര്‍ണ വില ഇന്നലെ മാറ്റമില്ലാതെ തുടരുകയായിരുന്നു. അന്താരാഷ്ട്ര വിലയ്‌ക്കൊപ്പമാണ് കേരളത്തിലും സ്വര്‍ണം ഉയര്‍ന്നത്. കഴിഞ്ഞ രണ്ട് ദിവസമായി അന്താരാഷ്ട്ര വില ഉയര്‍ന്ന് നില്‍ക്കുകയാണ്. ഇന്ന് രാവിലെയും 0.36 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 2,379.49 ഡോളറിലാണ് സ്വര്‍ണം വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ മേയ് 20ന് രേഖപ്പെടുത്തിയ പവന് 55,120 രൂപയാണ് കേരളത്തിലെ ഇതു വരെയുള്ള ഉയര്‍ന്ന വില. അതുമായി നോക്കുമ്പോള്‍ 1,280 രൂപയോളം താഴ്ന്നാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്.
ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ടത്
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,840 രൂപയാണ്. പക്ഷെ ഒരു പവന്‍ ആഭരണം സ്വന്തമാക്കാന്‍ പണിക്കൂലിയും മറ്റ് നികുതികളുമടക്കം 58,281 രൂപയെങ്കിലും ഏറ്റവും കുറഞ്ഞത് ചെലവാക്കേണ്ടി വരും. പണിക്കൂലി ഓരോ കടകളിലും വ്യത്യസ്തമാണെന്നതിനാല്‍ അഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് വിലയിലും വ്യത്യാസം വരും.