അമേരിക്കന്‍ കാറ്റില്‍ പറന്ന് സ്വര്‍ണം, ഒറ്റയടിക്ക് 280 രൂപ കൂടി; ഇന്നത്തെ വിലയിങ്ങനെ

സെഞ്ച്വറിക്കരികെ നിലയുറപ്പിച്ച് വെള്ളി

Update:2024-07-16 10:34 IST

Image : Canva

ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രസ്താവന ഇന്ന് അന്താരാഷ്ട്ര വിലയ്‌ക്കൊപ്പം കേരളത്തിലും സ്വര്‍ണ വില ഉയര്‍ത്തി. സംസ്ഥാനത്ത് സ്വര്‍ണം ഗ്രാമിന് 35 രൂപ വര്‍ധിച്ച് 6,785 രൂപയിലും പവന് 280 രൂപ ഉയര്‍ന്ന് 54,280ലുമാണ് ഇന്നത്തെ വ്യാപാരം. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ജൂലൈ ഒന്നിന് രേഖപ്പെടുത്തിയ പവന് 53,000 രൂപയാണ് ഈ മാസത്തെ താഴ്ന്ന വില. അതേ സമയം കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില രേഖപ്പെടുത്തിയത് മേയ് 20നാണ്. അന്ന് ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമായിരുന്നു വില. അതുമായി നോക്കുമ്പോള്‍ റെക്കോഡിന് 840 രൂപ മാത്രം അരികെയാണ് ഇന്നത്തെ വില. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് 25 രൂപ വര്‍ധിച്ചു.

അമേരിക്കൻ സ്വാധീനം 

അമേരിക്കയില്‍ അടിസ്ഥാന പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ വിലക്കയറ്റം രണ്ടു ശതമാനത്തില്‍ എത്തുന്നതു വരെ കാത്തിരിക്കില്ല എന്നാണ് ഫെഡ് ചെയര്‍മാൻ പറഞ്ഞത്. ഇത് ഇന്നലെ അന്താരാഷ്ട്ര സ്വര്‍ണ വിലയെ ഔണ്‍സിന് 2,422.60 ഡോളറിലേക്ക് എത്തിച്ചു. ഇന്ന് രാവിലെ വീണ്ടും 0.20 ശതമാനം ഉയര്‍ന്ന് 2,427 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. അടിസ്ഥാന പലിശ നിരക്ക് കുറഞ്ഞാല്‍ ആനുപാതികമായി കടപ്പത്രങ്ങളില്‍ നിന്നുള്ള ആദായ നിരക്കും കുറയും. ഇത് നിക്ഷേപരെ സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുക്കാന്‍ പ്രേരിപ്പിക്കും. ഇത് വിലവര്‍ധനയും സൃഷ്ടിക്കും.

വെള്ളിവില ഇന്നും ഗ്രാമിന് 99 രൂപയില്‍ മാറ്റമില്ലാതെ തുടരുകയാണ്. അഞ്ച് ദിവസമായി സെഞ്ച്വറിക്ക് തൊട്ടു താഴെ നിലയുറപ്പിച്ചിരിക്കുകയാണ് വെള്ളി വില.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വില 54,280 രൂപ. എന്നാല്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ തുക മതിയാകില്ല. ഇന്നത്തെ പവന്‍ വിലയ്ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), മിനിമം 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 58,757 രൂപയെങ്കിലും വേണ്ടി വരും. അതായത് പവന്‍ വിലയേക്കാള്‍ 4,477 രൂപയെങ്കിലും അധികമായി കൈയില്‍ കരുതണം. ഇനി ബ്രാന്‍ഡഡ് ആഭരണങ്ങളാണ് വാങ്ങുന്നതെങ്കില്‍ 16-20 ശതമാനമൊക്കെ പണിക്കൂലി നല്‍കേണ്ടതുണ്ടെന്ന് മറക്കരുത്.


Tags:    

Similar News