നവംബറില്‍ ആദ്യമായി സ്വര്‍ണ വിലയില്‍ മുന്നേറ്റം, യു.എസ് തിരഞ്ഞെടുപ്പിന് ശേഷം സ്വര്‍ണം പറക്കുമോ?
അന്താരാഷ്ട്ര സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു, വെള്ളിക്ക് വില മാറ്റമില്ല
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ദിവസങ്ങള്‍ക്ക് ശേഷം മുന്നേറ്റം. ഇന്ന് ഗ്രാം വില 10 രൂപ ഉയര്‍ന്ന് 7,365 രൂപയും പവന്‍ വില 80 രൂപ ഉയര്‍ന്ന് 58,920 രൂപയിലുമെത്തി.
ഒക്ടോബര്‍ 31ന് പവന് 120 രൂപ വര്‍ധിച്ച് 59,640 രൂപയെന്ന റെക്കോഡ് തൊട്ട ശേഷം തുടര്‍ച്ചയായി ഇടിവിലായിരുന്നു സ്വര്‍ണം.
ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 5 രൂപ ഉയര്‍ന്ന് 6,070 രൂപയിലെത്തി. അതേസമയം, വെള്ളി വിലയില്‍ ഇന്ന് അനക്കമില്ല. ഗ്രാമിന് 102 രൂപയിലാണ് വ്യാപാരം. ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു.
രാജ്യാന്തര വിലയും തിരഞ്ഞെടുപ്പും
അന്താരാഷ്ട്ര സ്വര്‍ണ വിലയില്‍ വലിയ ചാഞ്ചാട്ടമാണ് കുറച്ചു ദിവസങ്ങളായി ദൃശ്യമാകുന്നത്. ഒക്‌ടോബര്‍ 31ന് ഔണ്‍സ് വില 2,790.41 ഡോളര്‍ എത്തി സര്‍വകാല റെക്കോഡ് ഇട്ടശേഷം പിന്നീട് തുടര്‍ച്ചയായി ചാഞ്ചാട്ടത്തിലാണ്. ഇന്നലെ 2,750 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ന് 2,736 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം. അതായത് റെക്കോഡ് വിലയില്‍ നിന്ന് 54 ഡോളറോളം ഇടിഞ്ഞു.
യു.എസ് തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള ആശങ്കയാണ് പ്രധാനമായും സ്വര്‍ണത്തെ സ്വാധീനിക്കുന്നത്. ആര് ആധികാരത്തില്‍ വന്നാലും വരും ദിവസങ്ങളില്‍ സ്വര്‍ണം വീണ്ടും വലിയ ചാഞ്ചാട്ടത്തിലേക്ക് നീങ്ങുമെന്നാണ് നിരീക്ഷണങ്ങള്‍. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേക്ക് വരികയാണെങ്കില്‍ ചൈന-യു.എസ് ട്രേഡ് സമ്മര്‍ദ്ദം ഏറാനും ഇത് സ്വര്‍ണത്തെ ഉയര്‍ത്താനും ഇടയാക്കിയേക്കും.
യു.എസിന്റെ ധനകമ്മി കൂടുന്നതും ജി.ഡി.പി അനുപാതവുമായി നോക്കുമ്പോള്‍ കടം ഉയരുന്നതും രാഷ്ട്രീയ പ്രശ്‌നങ്ങളും മറ്റ് പണപ്പെരുപ്പ ഘടകങ്ങളിലേക്കുമൊക്കെയാണ് വ്യാപാരികള്‍ ശ്രദ്ധിക്കുന്നത്. ഈ സാഹചര്യത്തില്‍ ട്രംപ് വിജയിച്ചാല്‍ അത് സ്വര്‍ണത്തിന്റെ സാധ്യത കൂട്ടും.
അതേസമയം, കമലാ ഹാരിസിന്റെ നയങ്ങള്‍ സ്വര്‍ണത്തിന് അത്ര അനകൂലമാകില്ല. എന്നാല്‍ അധികാരത്തില്‍ ആര് വന്നാലും മധ്യ-ദീര്‍ഘകാലത്തില്‍ സ്വര്‍ണത്തില്‍ മികച്ച മുന്നേറ്റത്തിനുള്ള സാധ്യതയാണ് കാണുന്നത്.
ഇന്ന് ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ടത്
ഇന്ന് ഒരു പവന്റെ വില കേരളത്തില്‍ 58,920 രൂപയാണ്. എന്നാല്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ തുക പോര. ഇന്നത്തെ വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ചു ശതമാനം പണിക്കൂലി, മൂന്നു ശതമാനം ജി.എസ്.ടി, എച്ച്.യു.ഐ.ഡി ചാര്‍ജുകള്‍ എന്നിവയും ചേര്‍ത്ത് 63,775 രൂപയെങ്കിലും ചെലവഴിക്കേണ്ടി വരും. പണിക്കൂലി 10 ശതമാനം കണക്കാക്കിയാല്‍ ഇത് 66,800 രൂപയുമാകും. ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ചാണ് പണിക്കൂലി വ്യത്യാസപ്പെടുന്നത്.