ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും കയറ്റത്തിലേക്ക്, വെള്ളിക്കും അനക്കം
ഒരു പവൻ സ്വർണാഭരണത്തിൻ്റെ ഇന്നത്തെ വില അറിയാം
മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ സ്വര്‍ണവില വീണ്ടും കയറ്റത്തിലേക്ക് ചുവട് വച്ചു. ഇന്ന് ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 6,640 രൂപയിലെത്തി. പവന്‍ വില 160 രൂപ കൂടി 53,120 രൂപയുമായി.
18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,525 രൂപയായി. വെള്ളി വിലയും ഇന്ന് ഒരു രൂപ വര്‍ധിച്ച് ഗ്രാമിന് 96 രൂപയിലെത്തി.
മേയ് 20ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് കേരളത്തില്‍ ഇതു വരെയുള്ള ഏറ്റവും ഉയര്‍ന്ന വില.
രാജ്യാന്തര വിലയുടെ ചുവടുപിടിച്ച്
അന്താരാഷ്ട്ര സ്വര്‍ണ വില കയറ്റത്തിലാണ്. ഇന്ന് രാവിലെ സ്വര്‍ണം ഔണ്‍സിന് വില 0.41 ശതമാനം ഉയര്‍ന്ന് 2,337.74 ഡോളറിലെത്തി. ഇന്നലെ 0.5 ശതമാനം ഉയര്‍ന്ന് 2,329.48 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൊവ്വാഴ്ചയും സ്വർണ വില 0.41 ശതമാനം മുന്നേറിയിരുന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും മറ്റ് ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കുമൊപ്പം അമേരിക്കയിലെ പലിശ നിരക്ക് കുറയ്ക്കല്‍ പ്രതീക്ഷകളുമാണ് സ്വര്‍ണത്തെ ഉയര്‍ത്തുന്നത്. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുമ്പോള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറാറുണ്ട്. ഇത് വില ഉയര്‍ത്തും. അതേ പോലെ അമേരിക്ക പലിശ നിരക്ക് കുറയ്ക്കുന്നത് കടപത്രങ്ങളിലെ നിക്ഷേപങ്ങളുടെ ആകര്‍ഷകത്വം കുറയ്ക്കുന്നതും സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റാന്‍ പ്രേരിപ്പിക്കുന്ന കാര്യമാണ്.
രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ മിക്കവയും ഈ വര്‍ഷവും സ്വര്‍ണത്തിലുള്ള കരുതല്‍ ശേഖരം വര്‍ധിപ്പിക്കുകയാണെന്ന് വേള്‍ഡ് ബാങ്കിന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ കരുതല്‍ ശേഖരം കൂടുതലായി സ്വര്‍ണത്തിലേക്ക് നീക്കി വയ്ക്കുന്നുണ്ട്. ഇതും സ്വര്‍ണ വില ഉയര്‍ത്തുന്ന ഘടകങ്ങളിലൊന്നാണ്.
ഒരു പവൻ സ്വർണാഭരണത്തിൻ്റെ ഇന്നത്തെ വില
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,120 രൂപയാണ്. പക്ഷെ അത്രയും രൂപ നല്‍കിയാല്‍ ഒരു പവന്‍ ആഭരണം വാങ്ങാനാകില്ല. ഒരു പവന്‍ സ്വര്‍ണവിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി, ഇവയ്ക്ക് മേല്‍ മൂന്ന് ശതമാനം ജി.എസ്.ടി, 45 രൂപ ഹോള്‍മാര്‍ക്കിംഗ് ചാര്‍ജ്, അതിന്റെ 18 ശതമാനം ജി.എസ്.ടി എന്നിവ ഉള്‍പ്പെടെ 55,556 രൂപയെങ്കിലും കൊടുത്താലെ ഒരു പവന്‍ സ്വര്‍ണം വാങ്ങാനാകൂ. വിവിധ ആഭരണശാലകള്‍ക്കനുസരിച്ചും പണിക്കൂലിയില്‍ വ്യത്യാസം വരും. ജെയ്പൂര്‍, ആന്റിക് ആഭരണങ്ങള്‍ക്ക് ഉയര്‍ന്ന പണിക്കൂലിയാണ് ഈടാക്കുന്നത്. അതേപോലെ ബ്രാന്‍ഡഡ് സ്വര്‍ണാഭരണങ്ങള്‍ക്കും പണിക്കൂലി കൂടുതലായിരിക്കും.