സ്വര്‍ണം കാത്തിരിപ്പില്‍, ഇന്ന് നിര്‍ണായക ദിനം; സംസ്ഥാനത്ത് വില താഴേക്ക്
വെള്ളി വില മാറ്റമില്ലാതെ തുടരുന്നു
ഇന്നലത്തെ കുതിപ്പിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 10 രൂപ താഴ്ന്ന് 6,705 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 53,640 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം.
ലൈറ്റ്‌വെയിറ്റ് ആഭരണങ്ങളും മറ്റും നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 5 രൂപ കുറഞ്ഞു. 5,560 രൂപയിലാണ് വ്യാപാരം. വെള്ളി വില ഇന്ന് മാറ്റമില്ലാതെ ഗ്രാമിന് 90 രൂപയില്‍ തുടരുന്നു.
യു.എസിലേക്ക് കണ്ണും നട്ട്
അമേരിക്കന്‍ കണക്കുകളിലാണ് വിപണിയുടെ ശ്രദ്ധ. ഇന്നലെ പണപ്പെരുപ്പകണക്കുകള്‍ പുറത്തു വന്നു. പ്രതീക്ഷിച്ചതിലും കുറഞ്ഞ നിലയിലാണ് പണപ്പെരുപ്പമെന്നത് ആശ്വാസമാണ്. ഇത് യു.എസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കില്‍ 50 ശതമാനം വരെ കുറവു വരുത്തിയേക്കുമെന്ന പ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഡെക്‌സും പ്രാരംഭ തൊഴിലില്ലായ്മ കണക്കുകളും എത്തും. ഇവ രണ്ടും അനുകൂലമായാല്‍ സെപ്റ്റംബര്‍ 18ന് നടക്കുന്ന അടുത്ത ഫെഡ് പോളിസി മീറ്റിംഗില്‍ കാര്യമായ നിരക്ക് ഇളവ് പ്രഖ്യാപിച്ചേക്കാം. അതുവരെ സ്വര്‍ണത്തിന്റെ ചാഞ്ചാട്ടം തുടരാനാണ് സാധ്യത. രണ്ടു ദിവസം മുന്നേറ്റം നടത്തിയ രാജ്യാന്തര സ്വര്‍ണ വില ഇന്നലെ 0.19 ശതമാനം താഴേക്ക് പോയി. ഇന്ന് 0.18 ശതമാനം ഉയര്‍ന്ന് 2,516.01 ഡോളറിലാണ് വ്യാപാരം.
അന്താരാഷ്ട്ര വിലയിലെ കുറവാണ് കേരളത്തിലും പ്രതിഫലിച്ചത്.