റെക്കോഡുകള്‍ തകര്‍ത്ത് സ്വര്‍ണ കുതിപ്പ് തുടരുന്നു, ഇന്ന് 160 രൂപ കൂടി, കേരളത്തില്‍ വില ഇങ്ങനെ

ഉത്സവകാല പര്‍ച്ചേസുകാര്‍ക്കും വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നവര്‍ക്കും തിരിച്ചടി

Update:2024-10-17 13:00 IST

Image created with Canva

സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോഡുകള്‍ പുതുക്കി മുന്നേറുന്നു. ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 7,160 രൂപയും പവന് 160 രൂപ വര്‍ധിച്ച് 57,280 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5,915 രൂപയിലുമായി.

ഇന്നലെ കുറിച്ച ഗ്രാമിന് 7,140 രൂപയും പവന് 57,120 രൂപയുമെന്ന റെക്കോഡാണ് ഇന്ന് തിരുത്തിയത്.

വെള്ളി വില കഴിഞ്ഞ ശനിയാഴ്ച മുതല്‍ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം.

രാജ്യാന്തര വിലയിൽ മുന്നേറ്റം 

രാജ്യാന്തര വില മൂന്ന് ദിവസമായി മുന്നേറ്റത്തിലാണ്. ഇന്ന് 0.21 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 2,678 ഡോളറിലാണ് വ്യാപാരം. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 26 ന് 2,685 ഡോളര്‍ എന്ന റെക്കോഡ് തൊട്ട രാജ്യാന്തര സ്വര്‍ണ വില പിന്നീട് ചാഞ്ചാട്ടത്തിലായിരുന്നു.

എണ്ണ വിലയില്‍ ഇടിവുണ്ടായത് യു.എസ് ട്രഷറി ബോണ്ടകളുടെ നേട്ടം കുറയ്ക്കാനിടയാക്കിയതാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം തിരിച്ചു പിടിച്ചത്. 10 വര്‍ഷക്കാലാവധിയുള്ള യു.എസ് കടപത്രങ്ങളുടെ നേട്ടം 4.04 ശതമാനമായി കുറഞ്ഞിരുന്നു.

ഇതിനൊപ്പം മംഗോളിയ, ചെക്കോസ്ലോവാകിയ തുടങ്ങിയവിടങ്ങളിലെ കേന്ദ്ര ബാങ്ക് തലവന്‍മാരുടെ അനുകൂല പ്രസ്താവനകളും സ്വര്‍ണത്തിന് ഗുണകരമായി.
എണ്ണവില കാരണം യുഎസ് കടപ്പത്ര ആദായം കുറഞ്ഞുവെങ്കിലും, യു.എസിലെ സെപ്തംബര്‍ സി.പി.ഐ, പി.പി.ഐ, നോണ്‍-ഫാം പേറോള്‍ റിപ്പോര്‍ട്ട്, ഐ.എസ്.എം സേവനങ്ങളുടെ ഡാറ്റ എന്നിവ കണക്കിലെടുക്കുമ്പോള്‍ ആദായത്തിലെ ദൗര്‍ബല്യം അധികകാലം നിലനില്‍ക്കില്ലെന്നാണ് വിലയിരുത്തലുകള്‍.

ഇന്ന് ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ടത്

ഉത്സവകാല പര്‍ച്ചേസുകാര്‍ക്കും വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നവര്‍ക്കുമാണ് സ്വര്‍ണവിലക്കയറ്റം തിരിച്ചടിയാകുന്നത്. ഇന്ന് ഒരു പവന്റെ വില 57,280 രൂപയാണെങ്കിലും ഒരു പവന്‍ ആഭരണത്തിന് ആ തുക മതിയാകില്ല. ഇന്നത്തെ സ്വര്‍ണ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, 45 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജ്, അതിന്റെ 18 ശതമാനം ജി.എസ്.ടി, പിന്നെ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 62,000 രൂപയ്ക്ക് മുകളില്‍ നല്‍കിയാലേ കടയില്‍ നിന്ന് ഒരു പവന്‍ ആഭരണം സ്വന്തമാക്കാനാകൂ. പണിക്കൂലി വിവിധ ആഭരണങ്ങള്‍ക്കനുസരിച്ച് വ്യത്യാസം വരും. ഇത് വിലയിലും ഏറ്റക്കുറച്ചിലുകളുണ്ടാക്കും.

Tags:    

Similar News