ചാടിക്കളിയെടാ, സ്വര്‍ണരാമാ! കേരളത്തില്‍ വില കൂടി; ട്രംപാണോ വില്ലന്‍?
വെള്ളി വിലയ്ക്കും മുന്നേറ്റം
ട്രംപിന്റെ വരവില്‍ മൂക്കുകുത്തി വീണ സ്വര്‍ണം ഇന്ന് മലക്കം മറിഞ്ഞു. ഒറ്റയടിക്ക് ഗ്രാം വില 85 രൂപ തിരിച്ചു കയറി 7,285 രൂപയിലെത്തി. പവന്‍ വില 680 രൂപ വര്‍ധിച്ച് 58,280 രൂപയായി. ട്രംപ് വിജയം ഉറപ്പിച്ചതിനു പിന്നാലെ 1,320 രൂപയാണ് ഇന്നലെ ഒറ്റയടിക്ക് കുറഞ്ഞത്. ഇന്നത്തെ വർധനയോടെ പാതിയോളം വില തിരിച്ചു കയറി. വിവാഹ പര്‍ച്ചേസുകാര്‍ക്ക് തിരിച്ചടിയാണ് പെട്ടെന്നുള്ള ഈ വര്‍ധന. ഇന്നലെ വില താഴ്ന്നപ്പോള്‍ ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്തിയവര്‍ക്ക് നേട്ടമുണ്ടാക്കാനായി
18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 70 രൂപ വര്‍ധിച്ച് 6,000 രൂപയിലാണ് വ്യാപാരം. ഇന്നലെ മൂന്ന് രൂപ കുറഞ്ഞ വെള്ളി വിലയിലും ഇന്ന് മുന്നേറ്റമുണ്ട്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 100 രൂപയിലെത്തി.
അന്താരാഷ്ട്ര വിലയിലുണ്ടായ വര്‍ധനയാണ് കേരളത്തിലും പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസം മൂന്ന് ശതമാനത്തോളം ഇടിഞ്ഞ ഔണ്‍സ് വില ഇന്നലെ 1.80 ശതമാനം വരെ വര്‍ധിച്ചിരുന്നു. 2,710 ഡോളര്‍ വരെ ഉയരുകയും ചെയ്തു. ഇന്ന് 2698 രൂപയിലാണ് വ്യാപാരം.
വില ഉയരുമോ?
യു.എസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ പ്രതീക്ഷിച്ചതുപോലെ കാല്‍ ശതമാനം കുറച്ചതാണ് സ്വര്‍ണത്തെ ഉയര്‍ത്തിയത്. പലിശ കുറഞ്ഞത് ഡോളറിന്റെ മൂല്യത്തില്‍ കുറവുണ്ടാക്കി.
ട്രംപ് അധികാരത്തില്‍ വരുന്നത് സ്വര്‍ണ വില ഉയര്‍ത്തിയേക്കുമെന്നാണ് പൊതുവേ കരുതുന്നത്. ഇന്ത്യ-ചൈന വ്യാപാരത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന നടപടികള്‍ ട്രംപില്‍ നിന്നുണ്ടായേക്കാം. ഇത് ലോഹങ്ങളുടെ വിലയില്‍ മുന്നേറ്റമുണ്ടാക്കുന്നതാണ്. എന്നാല്‍ ധനകമ്മി, യു.എസിന്റെ ഉയര്‍ന്ന കടം, മറ്റ് ആഗോള രാഷ്ട്രീയം തുടങ്ങി നിരവധി പ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ട്.
ഇതെല്ലാം സുരക്ഷിത നിക്ഷേപമെന്ന ഖ്യാതിയുള്ള സ്വര്‍ണത്തിലേക്ക് പണം ഒഴുക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുകയും അതു വഴി വില ഉയരുകയും ചെയ്യുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.