ഹാവൂ ആശ്വാസം! കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇടിവ്, ഇന്നത്തെ വില ഇങ്ങനെ

സെഞ്ച്വറിയില്‍ തുടര്‍ന്ന് വെള്ളി, അഞ്ചാം മാസവും സ്വര്‍ണം വാങ്ങാതെ ചൈനീസ് കേന്ദ്ര ബാങ്ക്

Update:2024-10-07 10:30 IST

സംസ്ഥാനത്ത് സ്വര്‍ണാഭരണ പര്‍ച്ചേസുകാര്‍ക്ക് ആശ്വാസത്തിന് വകനല്‍കി ഇന്ന് വിലയില്‍ ഇടിവ്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 7,100 രൂപയിലും പവന് 160 കുറഞ്ഞ് 56,800 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം.

ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,870 രൂപയിലെത്തി.
വെള്ളിയാഴ്ച സെഞ്ചറി നേട്ടത്തിലേറിയ വെള്ളി വില ഇന്നും അതേ നിലവാരത്തില്‍ തുടരുകയാണ്. ഗ്രാമിന് 100 രൂപ.

രാജ്യാന്തര വില കിതയ്ക്കുന്നു 

രാജ്യാന്തര വില ഒക്ടോബര്‍ ഒന്നിനു ശേഷം വലിയ തോതില്‍ താഴ്ന്നതാണ് കേരളത്തിലും വിലയില്‍ പ്രതിഫലിച്ചത്. 
സെപ്റ്റംബര്‍ 26ന് ഔണ്‍സിന് 2,685 ഡോളര്‍ ആയിരുന്നത് നിലവില്‍ 2,650 ഡോളറിന് താഴെ എത്തിയിരിക്കുകയാണ്.

യു.എസ് സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തില്‍ നിന്ന് അകന്നതായുള്ള കണക്കുകളാണ് ഇതിനു ഒരു പ്രധാന കാരണം. സെപ്റ്റംബറില്‍ യു.എസിലെ കാര്‍ഷികേതര ജോലികള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ മികച്ചു നിന്നു. ഒന്നര ലക്ഷം പ്രതീക്ഷിച്ച സ്ഥാനത്ത് 2.54 ലക്ഷമാണ് സെപ്റ്റംബറില്‍ വര്‍ധിച്ചത്. തൊഴിലില്ലായ്മ 4.1 ശതമാനമായി കുറയുകയും ചെയ്തു. ഇത് അടുത്ത ഫെഡറല്‍ റിസര്‍വ് മീറ്റിംഗില്‍ അര ശതമാനം വരെ നിരക്ക് കുറവ് പ്രതീക്ഷിച്ചിരുന്നതിന് മങ്ങലേല്‍പ്പിക്കുന്നുണ്ട്. 0.25 ശതമാനം നിരക്ക് കുറവാണ് ഇപ്പോള്‍ കണക്കാക്കുന്നത്. ചെറിയ നിരക്ക് കുറവാണ് ഉണ്ടാകുക എങ്കില്‍ സ്വര്‍ണ വിലയിലും നേരിയ വര്‍ധനയ്‌ക്കേ സാധ്യതയുള്ളു.

അതേസമയം, ഡോളര്‍ കരുത്താര്‍ജിച്ചിരിക്കുന്നതും സ്വര്‍ണത്തിന്റെ വില ഇടിക്കാന്‍ കാരണമാകുന്നുണ്ട്. സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കുന്നത് ഡോളറിലായതിനാല്‍ മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് കൂടുതല്‍ തുക മുടക്കേണ്ടി വരും. ഇതാണ് ഡിമാന്‍ഡ് കുറയ്ക്കുന്നത്.

സ്വര്‍ണം വാങ്ങാതെ അഞ്ചാം മാസവും ചൈന

സ്വര്‍ണശേഖരം വര്‍ധിപ്പിക്കുന്നതില്‍ നിന്ന് ചൈനീസ് കേന്ദ്ര ബാങ്ക് തുടര്‍ച്ചയായ അഞ്ചാം മാസവും മാറി നിന്നതും സ്വര്‍ണത്തെ ബാധിക്കുന്നുണ്ട്. സ്വര്‍ണ വില ഉയര്‍ന്നു നില്‍ക്കുന്നതാണ് ചൈനീസ് കേന്ദ്ര ബാങ്കിന്റെ തീരുമാനത്തിന് കാരണം. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് 72.8 ദശലക്ഷം ട്രോയ് ഔണ്‍സാണ് ചൈനയുടെ സ്വര്‍ണ ശേഖരം. ഇതിന്റെ മൂല്യം ഓഗസ്റ്റിലെ 182.98 ബില്യണ്‍ ഡോളറില്‍ നിന്ന് 191.47 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. ഈ വര്‍ഷം ഇതു വരെ 28 ശതമാനം വില വര്‍ധനയാണ് സ്വര്‍ണത്തിലുണ്ടായത്. മേയ് വരെയുള്ള 18 മാസങ്ങളില്‍ തുടര്‍ച്ചയായി വാങ്ങല്‍ നടത്തി വരികയായിരുന്നു ചൈന.

ഇന്നത്തെ ആഭരണ വില ഇങ്ങനെ

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയാണങ്കിലും ഒരു പവന്‍ ആഭരണത്തിന് ഈ തുക മതിയാകില്ല. ഇന്നത്തെ സ്വര്‍ണ വിലയ്ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 61, 500 രൂപയ്ക്ക് അടുത്ത് വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ചും സ്വര്‍ണാഭരണ ശാലകളെ അനുസരിച്ചും പണിക്കൂലിയില്‍ വ്യത്യാസം വരുമെന്ന് മറക്കരുത്.
Tags:    

Similar News