കഠിനം ഈ കയറ്റം! ₹58,000ത്തിലേക്ക് സ്വര്‍ണം, രാജ്യാന്തര വില 2,700 ഡോളര്‍ മറികടന്നു; വെള്ളിക്ക് വീണ്ടും സെഞ്ച്വറി
മൂന്ന് ദിവസം കൊണ്ട് സംസ്ഥാനത്ത് സ്വര്‍ണ വില 1,160 രൂപ കൂടി
സംസ്ഥാനത്ത് ഒറ്റയടിക്ക് സ്വര്‍ണവില പവന് 640 രൂപ രൂപ ഉയര്‍ന്ന് സര്‍വകാല റെക്കോഡായ 57,920 രൂപയിലെത്തി. ഗ്രാം വില 80 രൂപ വര്‍ധിച്ച് 7,240 രൂപയുമായി. മൂന്ന് ദിവസം കൊണ്ട് പവന്‍ വില 1,160 രൂപയാണ് വര്‍ധിച്ചത്.
ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 70 രൂപ വര്‍ധിച്ച് 5,985 രൂപയുമായി.
വെള്ളി വില നാല് ദിവസത്തെ വിശ്രമത്തിനുശേഷം സെഞ്ച്വറിയിലെത്തി. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 100 രൂപയായി.
രാജ്യാന്തര വിലയ്ക്കും റെക്കോഡ് പൊക്കം
അന്താരാഷ്ട്ര വില 2,692.55 രൂപയില്‍ നിന്ന് 2,712.02 രൂപയിലേക്ക് കുതിച്ചു കയറി സര്‍വകാല റെക്കോഡ് തൊട്ടതാണ് കേരളത്തിലും വില ഉയര്‍ത്തിയത്. തുടര്‍ച്ചയായ നാല് ദിവസമായി രാജ്യാന്തര വില മുന്നേറ്റത്തിലാണ്.
വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് താഴ്ത്തിയേക്കുമെന്ന പ്രതീക്ഷകള്‍ക്കൊപ്പം, മിഡില്‍ ഈസ്റ്റിലെ യുദ്ധവും യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങളുമൊക്കെയാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ മുന്നറ്റത്തിലാക്കുന്നത്.
ഇന്നലെ പുറത്തുവന്ന യു.എസ് കണക്കുകള്‍ ഫെഡറല്‍ റിസര്‍വ് മിതമായ പലിശ കുറവ് വരുത്താനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതാണ് യു.എസ് ഡോളറിനെ കഴിഞ്ഞ ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിച്ചത്. ഡോളര്‍ ഉയര്‍ന്നു നില്‍ക്കുന്നത് സ്വര്‍ണത്തിന് പ്രതികൂലഘടകമാണെങ്കിലും ഇപ്പോഴത്തെ കുതിപ്പ് നിലനില്‍ക്കുന്നതിനാല്‍ വലിയ സ്വാധീനമുണ്ടാകില്ലെന്ന് കരുതുന്നു.
യൂറോപ്യന്‍ കേന്ദ്ര ബാങ്ക് ഈ വര്‍ഷം മൂന്നാം തവണയും പലിശ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 13 വര്‍ഷത്തിനു ശേഷം ആദ്യമായാണ് തുടര്‍ച്ചയായി നിരക്ക് കുറയ്ക്കുന്നത്. സാമ്പത്തിക വളര്‍ച്ച മോശമാകുന്നതാണ് കൂടുതല്‍ നിരക്ക് കുറയ്ക്കലിലേക്ക് കേന്ദ്ര ബാങ്കിനെ നയിക്കുന്നത്. യു.കെയുടെ ബാങ്ക് ഓഫ് ഇംഗ്ലണ്ടും കുറച്ചു കൂടി വലിയ നിരക്ക് കുറയ്ക്കാലാണ് ലക്ഷ്യമിടുന്നത്.
ഇതിനൊപ്പം ഇന്ത്യയുടെ പല ഭാഗങ്ങളിലും ഉത്സവ സീസണ്‍ മൂലം ഡിമാന്‍ഡ് ഉയരുന്നതും സ്വര്‍ണ വിലയെ ബാധിക്കുന്നുണ്ട്.
ആഭരണം വാങ്ങാൻ കൈപൊള്ളും
വിവാഹ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ ഉടന്‍ സ്വര്‍ണം വാങ്ങേണ്ടവര്‍ക്കാണ് ഉയര്‍ന്ന വില പ്രതിബന്ധമാകുന്നത്. ഇന്ന് ഒരു പവന്റെ വില 57,280 രൂപയാണെങ്കിലും ഒരു പവന്‍ ആഭരണത്തിന് ആ തുക മതിയാകില്ല. ഇന്നത്തെ സ്വര്‍ണ വിലയ്ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, 45 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജ്, അതിന്റെ 18 ശതമാനം ജി.എസ്.ടി, പിന്നെ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 62,694 രൂപയ്ക്ക് മുകളില്‍ നല്‍കിയാലേ കടയില്‍ നിന്ന് ഒരു പവന്‍ ആഭരണം സ്വന്തമാക്കാനാകൂ. പണിക്കൂലി വിവിധ ആഭരണങ്ങള്‍ക്കനുസരിച്ച് വ്യത്യാസം വരും. ഇത് വിലയിലും ഏറ്റക്കുറച്ചിലുകളുണ്ടാക്കും.