കേരള സര്‍ക്കാരിന് ഉടനെ വേണം ₹25,000 കോടി; ക്ഷേമപെന്‍ഷനും ക്ഷാമബത്തയും കൊടുക്കാന്‍ വഴിയില്ല
ഈ മാസം ആദ്യം കടപ്പത്രങ്ങളിറക്കി 2,000 കോടി രൂപ കടമെടുത്തിരുന്നു
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത, സര്‍വീസ് പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസം, ക്ഷേമ പെന്‍ഷെന്‍ എന്നിവയ്ക്കായി ഉടന്‍ 25,000 കോടി രൂപ കണ്ടെത്തേണ്ടി വരുമെന്നാണ് ധനവകുപ്പ് കണക്കുകൂട്ടുന്നത്.
കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിന്റെ പ്രോഗസ് കാര്‍ഡ് പുറത്തുവിട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഉള്‍പ്പെടെയുള്ള കുടിശികകള്‍ ഉടന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്രയും തുക കണ്ടെത്തുക സര്‍ക്കാരിന് വെല്ലുവിളിയാകും. അതതു മാസത്തെ ചെലവുകള്‍ക്കുള്ള പണം കണ്ടെത്താന്‍ കടമെടുപ്പിനെ ആശ്രയിക്കുന്ന സര്‍ക്കാരിന് കുടിശിക വീട്ടണമെങ്കില്‍ അധിക വരുമാനം കണ്ടേത്തേണ്ടി വരും. നിലവില്‍ അതിനുള്ള സാധ്യത കാണുന്നില്ല.
മാര്‍ഗങ്ങള്‍ അടയുന്നു
ക്ഷാമബത്തയും ക്ഷാമാശ്വാസവും കുടിശിക വരുമ്പോള്‍ പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിച്ച് തത്കാലം ബാധ്യതയില്‍ നിന്ന് തലയൂരുന്ന രീതിയാണ് കാലങ്ങളായി സര്‍ക്കാരുകള്‍ നടപ്പാക്കുന്നത്. എന്നാല്‍ പ്രോവഡിന്റ് ഫണ്ടിലെ പണം സര്‍ക്കാരിന്റെ ബാധ്യതയായി കണക്കാക്കി കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അതിനാല്‍ ആ വഴിയും സര്‍ക്കാരിന് മുന്നില്‍ അടയുകയാണ്.
ക്ഷാമബത്തയും ക്ഷാമാശ്വാസവും ചേര്‍ത്ത് 18,000 കോടി രൂപയാണ് കുടിശികയുള്ളത്. മാസങ്ങളായി ഇത് കുടിശികയായതോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ വലിയ വിഭാഗത്തിന്റെ എതിര്‍പ്പ് സര്‍ക്കാരിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വോട്ട് മറിയാനും ഇതിടയാക്കിയതായി വിമര്‍ശനമുണ്ട്. ഈ സാഹചര്യത്തിലാണ് ജീവനക്കാരെ തൃപ്തിപ്പെടുത്താനായി ഉടന്‍ കുടിശിക നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിനുള്ള പണം കണ്ടെത്താനുള്ള മാര്‍ഗത്തെ കുറിച്ച് ധാരണയില്ലെന്നു മാത്രം.
അടുത്ത ആറ് മാസത്തിനുള്ളില്‍ മൂന്ന് നിയോജക മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും സര്‍ക്കാരിന് തിരിച്ചടിയാണ്. ഇതിനു മുമ്പായെങ്കിലും കുടുശിക നല്‍കിയില്ലെങ്കില്‍ മന്ത്രിസഭയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കും. ജനുവരി മുതല്‍ മേയ് വരെയുള്ള അഞ്ച് മാസത്തെ പെന്‍ഷനാണ് കുടിശികയായിരിക്കുന്നത്.
കടമെടുപ്പ് ₹8,500 കോടി കഴിഞ്ഞു
മേയ്, ജൂണ്‍ മാസങ്ങളിലായി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിരമിക്കുന്ന ജീവനക്കാരുടെ ആനുകൂല്യം നല്‍കാനായി മാത്രം സര്‍ക്കാരിന് 7,500 കോടി രൂപ ആവശ്യമുണ്ട്. ഇതിനു പുറമെയാണ് ക്ഷേമ പെന്‍ഷനുകള്‍ക്കും വികസന പദ്ധതികള്‍ക്കും പണം വേണ്ടി വരുന്നത്. ഈ മാസം പിടിച്ചു നില്‍ക്കാനായി ജൂണ്‍ നാലിന് 2,000 കോടി രൂപ കേരളം കടമെടുത്തിരുന്നു. 31 വര്‍ഷത്തെ കടപ്പത്രങ്ങളിറക്കിയായിരുന്നു കടമെടുപ്പ്. ഇതുകൂടാതെ കേരളത്തിന് നടപ്പു വര്‍ഷം കേന്ദ്രം അനുവദിച്ച കടമെടുപ്പ് പരിധിയില്‍ 6,500 കോടി രൂപ നേരത്തെ തന്നെ എടുത്തിട്ടുണ്ട്. പുതിയ കടമെടുപ്പ് കൂടിയായപ്പോള്‍ മൊത്തം 8,500 കോടി രൂപ കഴിഞ്ഞു.
സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കൂടുതല്‍ തുക കടമെടുക്കുന്നത് കൂടുതല്‍ പ്രതിസന്ധിയിലാക്കും. ഈ സാഹചര്യത്തിൽ തുടര്‍ന്നുള്ള മാസങ്ങളില്‍ ശമ്പളവും ക്ഷേമപെന്‍ഷനും ഉള്‍പ്പെടെ വിതരണം ചെയ്യാനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിനായും മറ്റ് മാര്‍ഗങ്ങള്‍ ആലോചിക്കേണ്ടി വരും.