സൗരോര്‍ജ മേഖലയെ അടുത്തറിയാന്‍ ഗ്രീന്‍ എനര്‍ജി എക്സ്പോയുമായി മാസ്റ്റേഴ്സ്

കോഴിക്കോട്‌ നടക്കുന്ന എക്‌സ്‌പോയുടെ ഭാഗമായി സൗരോര്‍ജം സംബന്ധിച്ച സെമിനാറുകള്‍, ജോബ് ഫെയര്‍ തുടങ്ങിയവയുമുണ്ടാകും

Update:2023-11-15 13:09 IST

സൗരോര്‍ജ മേഖലയിലെ പുതിയ സാങ്കേതികവിദ്യയും ഉത്പന്നങ്ങളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മിനിസ്ട്രി അപ്രൂവ്ഡ് സോളാര്‍ ട്രേഡേഴ്സിന്റെ (മാസ്റ്റേഴ്സ്) നേതൃത്വത്തില്‍ കോഴിക്കോട്ട് ഗ്രീന്‍ എനര്‍ജി എക്സ്പോ സംഘടിപ്പിക്കുന്നു. നവംബര്‍ 17, 18, 19 തിയതികളില്‍ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് പ്രദര്‍ശനം. 17ന് രാവിലെ കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ അംഗീകൃത സോളാര്‍ വെണ്ടര്‍മാരുടെ കൂട്ടായ്മയില്‍ ഒരുങ്ങിയ സംഘടനയാണ് മാസ്റ്റേഴ്സ്. സംഘടനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. റോഡ് ഷോ, ബോധവത്കരണ സദസുകള്‍ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടക്കും.
സോളാര്‍ മേഖലയില്‍ രാജ്യത്ത് ലഭ്യമായ ഏറ്റവും പുതിയ സാങ്കേതികവിദ്യയും അതിന്റെ ദാതാക്കള്‍, നടത്തിപ്പുകാര്‍ തുടങ്ങിയവരെയും ഉള്‍പ്പെടുത്തി നടത്തുന്ന ദക്ഷിണേന്ത്യയിലെ പ്രധാന പ്രദര്‍ശനമാക്കി മാറ്റുകയാണ് സംഘാടകരുടെ ലക്ഷ്യം.
സെമിനാറും ജോബ് ഫെയറും
പ്രദര്‍ശന ദിവസങ്ങളില്‍ സൗരോര്‍ജ വിഷയത്തില്‍ വിദഗ്ധര്‍ നടത്തുന്ന സെമിനാറുകളും സംവാദ സദസുകളുമുണ്ടാകും. 17ന് ഉച്ചയ്ക്ക് 12ന് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുള്ള (MSME) ഈടില്ലാത്ത വായ്പകളെ കുറിച്ച് സിഡ്ബിയുടെ നേതൃത്വത്തില്‍ സെമിനാര്‍ നടക്കും. ഉച്ചയ്ക്ക് ശേഷം സോളാര്‍ ഇന്‍സ്റ്റാളേഷന്‍ 
ആന്‍ഡ്
 എര്‍ത്തിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിന് അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ വി.സന്തോഷും നവംബര്‍ 18ന് രാവിലെ 11ന് ഗ്രീന്‍ എനര്‍ജി ലോണ്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിന് ധനലക്ഷ്മി ബാങ്ക് ബിസിനസ് ഹെഡ് പി.എച്ച്. ബിജുകുമാറും നേതൃത്വം നല്‍കും. അന്ന് ഉച്ചയ്ക്ക് ശേഷം സോളാര്‍ എനര്‍ജിയുടെ സാധ്യതകളെ കുറിച്ചുള്ള സെമിനാറിന് കെ.എസ്.ഇ.ബി.എല്‍ ആര്‍.ഇ.ഇ.എസ് ഡയറക്റ്റര്‍ ജി. സജീവ്  നേതൃത്വം നല്‍കും. കെ.എസ്.ഇ.ബി.എല്‍ ആര്‍.ഇ.ഇ.എസ് ചീഫ് എന്‍ജിനീയര്‍ പ്രസാദ്, കെ.എസ്.ഇ.ബി.എല്‍ സൗര ഡെപ്യൂട്ടി ചീഫ് എന്‍ജീനയറും നോഡല്‍ ഓഫീസറുമായ സീതാരാമന്‍ എന്നിവര്‍ സംസാരിക്കും. നവംബര്‍ 19ന് ടെക്നിക്കല്‍ സ്പെസിഫിക്കേഷന്‍സ് ഓണ്‍ സോളാര്‍ ഇന്‍സ്റ്റാളേഷന്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ കെ.എസ്.ഇ.ബി.എല്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ 
എന്‍. 
നന്ദകുമാര്‍  സംസാരിക്കും.
500ലേറെ വരുന്ന കേരളത്തിലെ വെണ്ടര്‍മാര്‍ക്ക്‌ ആവശ്യമായ ജീവനക്കാരെ കണ്ടെത്തുന്നതിനുള്ള ജോബ് എക്സ്പോ ആണ് മറ്റൊരു ആകര്‍ഷണം. കേരളത്തിലെ ഏറ്റവും വിപുലവും വലുതുമായ എക്‌സ്‌പോ ആയിരിക്കുമിതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.
കൂട്ടായ്മയുടെ മാസ്റ്റേഴ്സ്
വൈദ്യുതിയുടെ ആവശ്യകത കൂടി വരികയും പരമ്പരാഗത വൈദ്യുത ഉല്‍പ്പാദന രീതികള്‍ പരിമിതപ്പെടുത്തുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ പ്രകൃതിദത്തമായ സൗരോര്‍ജ പദ്ധതികളെ എല്ലാ സര്‍ക്കാരുകളും പ്രോത്സാഹിപ്പിച്ചു വരികയും ഇന്ത്യയില്‍ അതിനായി സബ്സിഡി ഇനത്തില്‍ 12,800 കോടി രൂപയിലേറെ മാറ്റി വെയ്ക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ 500ലേറെ വെണ്ടര്‍മാരെ പദ്ധതി നടത്തിപ്പിനായി കെ.എസ്.ഇ.ബി തിരഞ്ഞെടുത്തിട്ടുണ്ട്. അവരുടെ കൂട്ടായ്മയാണ് മാസ്റ്റേഴ്സ്.
സബ്സിഡി വിതരണത്തിലെ കാലതാമസം ഒഴിവാക്കുക, കെ.എസ്.ഇ.ബി രജിസ്ട്രേഷന്‍ സുഗമമാക്കുക, നൂതനമായ സാങ്കേതിക വിദ്യ സ്വായത്തമാക്കുക, ക്വാളിറ്റി ഇന്‍സ്റ്റളേഷന്‍ ഉറപ്പാക്കുക എന്നീ വിഷയങ്ങളില്‍ നേട്ടം കൊണ്ടു വരാന്‍ സംഘടനയുടെ പ്രവര്‍ത്തനം കൊണ്ട് സാധ്യമായിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറയുന്നു.
Tags:    

Similar News