ബാലാരിഷ്ടതകള്‍ മാറാതെ കണ്ണൂര്‍ വിമാനത്താവളം

Update: 2019-12-29 05:09 GMT

പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ പത്തു ലക്ഷത്തിലേറെ യാത്രക്കാര്‍ എന്ന മികച്ച നേട്ടവുമായി ശ്രദ്ധ നേടുമ്പോഴും ബാലാരിഷ്ടതകളില്‍ ഉഴലുകയാണ് കണ്ണൂര്‍ വിമാനത്താവളം. വ്യവസായ-വാണിജ്യ-ടൂറിസം-കാര്‍ഷിക മേഖലകളിലാകെ വലിയൊരു മാറ്റത്തിന് വടക്കന്‍ കേരളത്തില്‍ തുടക്കമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് എത്രത്തോളം സാധ്യമായി എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ വിനോദ് നാരായണന്‍ പറയുന്നു.

വിദേശ വിമാനങ്ങളില്ല

പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടപ്പെടുന്നത് വിദേശ വിമാനങ്ങള്‍ക്ക് അനുമതിയില്ലെന്നതാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് മാത്രമാണ് ഇപ്പോള്‍ സര്‍വീസുള്ളത്. അതും ഇന്ത്യന്‍ കമ്പനികള്‍ മാത്രം. എമിറേറ്റ്‌സ് പോലുള്ള വിദേശ കമ്പനികള്‍ വന്നാല്‍ മാത്രമേ സഞ്ചാരികളുടെ ഒഴിക്ക് ഉണ്ടാവുകയുള്ളൂ. മാത്രമല്ല, യൂറോപ്യന്‍ രാജ്യങ്ങളിലേക്കും സിംഗപ്പൂര്‍, മലേഷ്യ, ചൈന പോലുള്ള രാജ്യങ്ങളിലേക്കും സര്‍വീസ് ഇല്ലാത്തതും വലിയ തോതില്‍ ബാധിക്കുന്നുണ്ട്. ടൂറിസം മേഖലയിലും ഇത് തിരിച്ചടിയായി.

നിരക്കും കൂടുതല്‍

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനയാത്രാ നിരക്കും കണ്ണൂരില്‍ നിന്ന് കൂടുതലാണെന്ന് മുന്‍ എന്‍എംസിസി പ്രസിഡന്റ് മഹേഷ് ചന്ദ്ര ബാലിഗ പറയുന്നു. തൊട്ടടുത്തുള്ള മംഗലാപുരത്തു നിന്നും കോഴിക്കോട്ടു നിന്നും ഗള്‍ഫു രാജ്യങ്ങളിലേക്കുള്ളതിനേക്കാള്‍ 6000 മുതല്‍ 10000 രൂപ വരെ ടിക്കറ്റ് നിരക്ക് കൂടതലാണ് കണ്ണൂരില്‍ നിന്നുള്ളത്. യാത്രക്കാരെ കണ്ണൂരില്‍ നിന്ന് പിന്നോട്ടടിപ്പിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇവിടെ നിന്നുള്ള സര്‍വീസുകളെല്ലാം പകലാണ്. പ്രവാസികളുടെ ഒരു ദിവസം നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ഈ സര്‍വീസിന് പകരം കോഴിക്കോട്ടു നിന്നുള്ള രാത്രി വിമാനങ്ങളെയാണ് പലരും ആശ്രയിക്കുന്നത്. വിദേശങ്ങളില്‍ നിന്നടക്കമുള്ള മറ്റു വിമാന കമ്പനികളുടെ സര്‍വീസ് ഇല്ലാത്തതിനാല്‍ നിലവില്‍ സര്‍വീസ് നടത്തുന്ന കമ്പനികള്‍ക്ക് വലിയ മത്സരം നേരിടേണ്ടി വരുന്നില്ല. അതുകൊണ്ട് തന്നെ കുത്തകയെന്ന നിലയില്‍ ഇഷ്ടാനുസരണം നിരക്ക് വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്.

കാര്‍ഗോ സൗകര്യം കുറവ്

എയര്‍പോര്‍ട്ടിന്റെ വരവില്‍ വലിയ പ്രതീക്ഷയിലായിരുന്നു വടക്കന്‍ കേരളത്തിലെ സംരംഭകരും കര്‍ഷകരും. കാര്‍ഗോ കോംപ്ലക്‌സിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ കയറ്റുമതി സാധ്യതകള്‍ തുറന്നിട്ടില്ല ഇതുവരെ. ഈ പ്രദേശത്തു നിന്നുള്ള പൂക്കളും പച്ചക്കറികളും വാങ്ങാന്‍ വിദേശത്തു നിന്ന് പലരും തയാറായിട്ടുണ്ടെങ്കിലും കയറ്റി അയക്കാനുള്ള സൗകര്യം ആകാത്തത് തിരിച്ചടിയാണ്. ഇവ കൃത്യ സമയത്ത് വിപണിയിലെത്തിക്കാനുള്ള സൗകര്യം ഉണ്ടാവേണ്ടതുണ്ട്. വൈഡ് ബോഡി എയര്‍ക്രാഫ്റ്റുകള്‍ എത്തിയാല്‍ മാത്രമേ ഇതിന് പരിഹാരമാകൂ. മാത്രമല്ല, റണ്‍വേയുടെ നീളം ഇപ്പോഴുള്ള 3050 ല്‍ നിന്ന് നാലായിരം ആകുകയും വേണം.

കണക്റ്റിവിറ്റി പ്രശ്‌നം തന്നെ

വിമാനത്താവളം ഉയര്‍ന്നു വന്നപ്പോള്‍ കുടകിനെ കൂടി ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ ആ ഭാഗത്തേക്കുള്ള യാത്രാ സൗകര്യം ഇതുവരെയും മെച്ചപ്പെട്ടില്ല. ഇരിട്ടി കൂട്ടുപുഴ വരെ റോഡ് നല്ല വീതിയില്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും കൂട്ടുപുഴ പാലത്തിന്റെ നിര്‍മാണം പ്രതിസന്ധിയിലാണ്. മാത്രമല്ല, തുടര്‍ന്നുള്ള റോഡിന്റെ വികസനവും നടക്കാത്ത സ്ഥിതിയാണ്. വനം വിട്ടുകൊടുക്കാന്‍ കര്‍ണാടക വനം വകുപ്പ് തയാറാകാത്തതാണ് പ്രശ്‌നം. കണ്ണൂരില്‍ നിന്ന് മട്ടന്നൂരിലേക്ക് റോഡ് വികസനവും പൂര്‍ത്തിയാകാനുണ്ട്. കണ്ണൂര്‍, മട്ടന്നൂര്‍, തലശ്ശേരി നഗരങ്ങളെ ബന്ധിപ്പിക്കുന്ന ട്രയാംഗ്ള്‍ റെയില്‍ പദ്ധതിയും നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്നോട്ടു വെക്കുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News