കേരള ആയുര്‍വേദ ഓഹരികള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ലോവര്‍ സര്‍ക്യൂട്ടില്‍, ലിക്വിഡേഷന്‍ ഭീഷണിയില്‍ കമ്പനി ഉടമകള്‍

പൊറിഞ്ചു വെളിയത്തിനടക്കം നിക്ഷേപമുള്ള ഓഹരിയാണ് കേരള ആയുര്‍വേദ

Update:2024-07-11 18:57 IST

Kerala Ayurveda

മൗറീഷ്യസ് കമ്പനിയായ കട്ര ഹോള്‍ഡിംഗ്‌സിനെതിരായ (Katra Holdings Limited /KHL) ലിക്വിഡഷന്‍ നടപടികള്‍ ആലുവ ആസ്ഥാനമായ പ്രമുഖ ആയുര്‍വേദ ഉത്പന്ന നിര്‍മാണ കമ്പനിയായ കേരള ആയുര്‍വേദയെ (Kerala Ayurveda Ltd) ഉലയ്ക്കുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി കമ്പനിയുടെ ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലാണ്. കേരള ആയുര്‍വേദയില്‍ 53.97 ശതമാനം പങ്കാളിത്തമുള്ള പ്രമോട്ടര്‍ കമ്പനിയാണ് കട്ര ഹോള്‍ഡിംഗ്‌സ്. കേരള ആയുര്‍വേദയുടെ ചെയര്‍മാനായ രമേശ് വാങ്കലിന്റെ ഉടമസ്ഥതയിലുള്ളതാണ് കട്ര ഹോള്‍ഡിംഗ്‌സ്.

മൗറീഷ്യസ് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് നിന്ന് എടുത്ത വായ്പ തിരിച്ചടക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കട്ര ഹോള്‍ഡിംഗ്സിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും ആസ്തികള്‍ ലിക്വിഡേറ്റ് ചെയ്യാനും മൗറീഷ്യസ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

കോടതിയുടെ ഈ ഉത്തരവിന് ശേഷം ജൂലൈ എട്ടിന് കട്ര ഹോള്‍ഡിംഗിസിന്റെ ലിക്വിഡേറ്റററില്‍ നിന്ന് കേരള ആയുര്‍വേദയ്ക്ക് നോട്ടീസ് ലഭിച്ചിരുന്നു. കട്ര ഹോള്‍ഡിംഗ്‌സിന് കേരള ആയുര്‍വേദയിലുള്ള ഓഹരികളുടെ കൈവശാവകാശവും നിയന്ത്രണാവകാശവും ലിക്വിഡേറ്റര്‍ക്കായിരിക്കുമെന്നും ലിക്വിഡേറ്ററുടെ അനുമതിയില്ലാതെ ഈ ഓഹരികളില്‍ യാതൊരുവിധ കച്ചവടവും അനുവദിക്കില്ലെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ജൂലൈ ഒമ്പതിന് കേരള ആയുർവേദ  സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ സമർപ്പിച്ച ഫയലിംഗിൽ വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ കമ്പനി ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ അടിയന്തര യോഗവും കൂടി. 

കേരള ആയുര്‍വേദയും കട്രയും
മൗറീഷ്യസ് സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം കട്ര ഹോള്‍ഡിംഗ്സ് ലിക്വിഡേഷനിലേക്ക് നീങ്ങുന്നതോടെ കേരള ആയുര്‍വേദയുടെ പ്രവര്‍ത്തന നിയന്ത്രണം ആര്‍ക്കാകുമെന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്. നിലവില്‍ കോടതി  നിയമിച്ചിട്ടുള്ള ലിക്വിഡേറ്ററിനാണ് കേരള ആയുര്‍വേദ ഓഹരികളുടെ നിയന്ത്രണ ചുമതല. വായ്പ തിരിച്ചു പിടിക്കാനായി സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് കട്രയെ ലിക്വിഡേഷന്‌ വിധേയമാക്കിയാല്‍ കമ്പനിയുടെ നിയന്ത്രണം പുതിയ കൈകളിലേക്ക് പോകാനും സാധ്യതയുണ്ട്. എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന് മതിയായ ഈട് നല്‍കിയാണ് വായ്പയെടുത്തിട്ടുള്ളതെന്നും അതുകൊണ്ടു തന്നെ ലിക്വിഡേഷനിലേക്ക് പോകാതെ പ്രശ്നം പരിഹരിക്കാനാകുമെന്നും വാങ്കല്‍ ചൂണ്ടിക്കാട്ടിയതായി കേരള ആയുര്‍വേദയുടെ വെളിപ്പെടുത്തലില്‍ പറയുന്നു. 
മൗറീഷ്യസ് കോടതി ലിക്വിഡേഷന് ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഇന്ത്യൻ നിയമ പ്രകാരം ഇതിന്നു നിയമ സാധുത ഇല്ലെല്ലെന്നാണ് കമ്പനി പറയുന്നത്.

കേസിന്റെ നാള്‍വഴികള്‍

2007ല്‍ തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്കിന്റെ ഓഹരികള്‍ വാങ്ങാനായി കട്ര ഹോള്‍ഡിംഗ്സ്  മൗറീഷ്യസിലെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ നിന്ന് വായ്പയെടുത്തിരുന്നു. എന്നാല്‍ ഇത് തിരിച്ചടയ്ക്കാതിരുന്നതാണ് ഇപ്പോള്‍ ലിക്വിഡേഷന്‍ നടപടികളിലേക്ക് നയിച്ചിരിക്കുന്നത്. ഈ ഇടപാട് ആര്‍.ബി.ഐ നിയമങ്ങളുടെ ലംഘനമാണെന്ന് 2011ല്‍ ആര്‍.ബി.ഐ സ്ഥിരീകരിച്ചിരുന്നു. കൂടാതെ ഈ ഓഹരി ഇടപാട് ഫെമ (FOREIGN EXCHANGE MANAGEMENT ACT) ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി 2020ല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) ഉത്തരവ് പുറത്തു വിട്ടിരുന്നു.   
നിയമപ്രശ്നങ്ങളും വ്യവസ്ഥാപിത കുരുക്കുകളും  മൂലം കട്ര ഹോള്‍ഡിംഗ്‌സിന് തിമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്കിന്റെ ഓഹരികള്‍ വിറ്റ് വായ്പ തിരിച്ചടയ്ക്കാന്‍ സാധിച്ചില്ല. 
ഇപ്പോള്‍ മൗറീഷ്യസ് കോടതിയും ജൂഡീഷ്യല്‍ കമ്മിറ്റിയും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന് അനുകൂലമായി നിന്നതാണ് മൗറീഷ്യസ് നിയമമനുസരിച്ച് ലിക്വിഡേഷനിലേക്ക് നയിച്ചത്.
നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കും
കമ്പനിയുടെ പ്രവര്‍ത്തനങ്ങളും ഓഹരിയുടമകളുടെ താത്പര്യങ്ങളും സംരക്ഷിക്കാന്‍ വേണ്ട നിയമപരമായ കാര്യങ്ങളെല്ലാം ഉറപ്പു വരുത്തുമെന്ന് കേരള ആയുര്‍വേദ അറിയിച്ചിട്ടുണ്ട്. ഈ വിഷയം കൈകാര്യം ചെയ്യുന്നതിനും ലിക്വിഡേറ്ററുമായി ബന്ധപ്പെടുന്നതിനും ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ കേരള ആയുര്‍വേദയുടെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുത്തിട്ടുമുണ്ട്. കൂടാതെ കമ്പനിയ്ക്കുണ്ടാകുന്ന ആഘാതം മനസിലാക്കാനും സാധ്യമായ മുന്‍കരുതല്‍ എടുക്കാനും നിയമ ഉപദേശകരെ നിയോഗിക്കാനും തീരുമാനിച്ചു. ഓഹരിയുടമകളെ ഇതു സംബന്ധിച്ച് കൃത്യമായി അപ്ഡേറ്റ് ചെയ്യാനായി ഫലപ്രദമായ ആശയ വിനിമയ സംവിധാനം സാധ്യമാക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്.
കമ്പനിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിലവിലേതു പോലെ തുടരുമെന്നും എല്ലാത്തിലും സുതാര്യത ഉറപ്പു വരുത്തുമെന്നും കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചിട്ടുണ്ട്.
ഓഹരി ഇടിവില്‍
പ്രമുഖ നിക്ഷേപകനും പോര്‍ട്ട്ഫോളിയോ മാനേജരുമായ പൊറിഞ്ചു വെളിയത്തിന് ഉള്‍പ്പെടെ ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് കേരള ആയുര്‍വേദ. കട്രയുടെ ലിക്വിഡേഷനെ കുറിച്ച് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചതിനെ തുടര്‍ന്ന് ഓഹരി രണ്ടാം ദിവസവും അഞ്ച് ശതമാനം ലോവർ സർക്യൂട്ടിലാണ്. ഈ വര്‍ഷം ഇതുവരെ 40 ശതമാനത്തിലധികം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ള ഓഹരിയാണിത്. ഓഹരിയുടെ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ നേട്ടം 250 ശതമാനത്തിലധികമാണ്. നിലവില്‍ 357.40 രൂപയിലാണ് ഓഹരിയില്‍ വ്യാപാരം അവസാനിപ്പിച്ചത്.
Tags:    

Similar News